ADVERTISEMENT

പത്തനംതിട്ട ∙ ഇന്ത്യൻ ക്രിക്കറ്റിൽ ഊഴം ഉറപ്പിക്കാൻ മിന്നും പ്രകടനവുമായി രണ്ടു തിരുവല്ലക്കാർ. വിക്കറ്റിനു പിന്നിലും ബാറ്റിങ്ങിലും ഒരുപോലെ കസറുന്ന വിഷ്ണു വിനോദും ഓഫ് സ്പിന്നർ സാന്ദ്രാ സുരനുമാണ് രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയുടെ നീലക്കുപ്പായമണിയാൻ അവസരം കാത്തിരിക്കുന്നത്. ഇരുവരും ദേശീയ ക്രിക്കറ്റിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഐപിഎല്ലിൽ കളിക്കുന്ന വിഷ്ണു വിനോദ് വിജയ് ഹസാരെ ക്രിക്കറ്റിൽ കേരള ടീമിന്റെ രക്ഷനായിരുന്നു. തകർന്നടിഞ്ഞ കേരളാ ടീമിനെ മാസ്മരിക സെഞ്ചുറിയിലൂടെ വിജയത്തിലേക്കു നയിച്ചത് വിഷ്ണുവിന്റെ തകർപ്പൻ പോരാട്ടമായിരുന്നു.

ബെംഗളൂരു റോയൽ ചലഞ്ചേഴ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നിവർക്കു വേണ്ടി കളിച്ച വിഷ്ണു വൈകാതെ ഇന്ത്യൻ ക്യാംപിൽ എത്തുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രതീക്ഷ. തിരുവല്ല ചുമത്ര മംഗലശേരി വിനോദിന്റെയും സുനിതയുടെയും മകനായ വിഷ്ണു കെസിഎയുടെ ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് പരിശീലനം തുടങ്ങിയത്. അണ്ടർ 19, 23, 25, രഞ്ജി ടീമുകളിൽ കേരളത്തിനു വേണ്ടി കളിച്ചു. തിരുവല്ല എംജിഎമ്മിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിഷ്ണു നിലവിൽ ദക്ഷിണ റെയിൽവേയിൽ ഉദ്യോഗസ്ഥനാണ്.

വിജയ് ഹസാരെ ക്രിക്കറ്റിൽ മഹാരാഷ്ട്രയ്ക്കെതിരെ കഴിഞ്ഞ ശനിയാഴ്ച സ്വപ്ന തുല്യമായ ഇന്നിങ്സാണ് വിഷ്ണു കാഴ്ചവച്ചത്. മഹാരാഷ്ട്രയുടെ 291 എന്ന സ്കോർ പിന്തുടരാനിറങ്ങിയ കേരളം 34ന് 4 വിക്കറ്റും 120ന് 6 വിക്കറ്റും വീണ് തകർച്ചയുടെ പടിവാതിലിൽ ആയിരുന്നു. ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ വിഷ്ണുവും സിജോമോൻ ജോസഫും ചേർന്നു നേടിയത് 174 റൺസിന്റെ കൂറ്റൻ സ്കോർ. നൂറിലേറെ റൺസിനു തോൽക്കേണ്ടിയിരുന്ന കളി 4 വിക്കറ്റിനു ജയിച്ചു വിഷ്ണുവും സിജോമോനും കേരളത്തെ കൈപിടിച്ചുയർത്തി. 82 പന്തിൽ സെഞ്ചുറി നേടിയ വിഷ്ണുവിന്റെ കളി തന്നെയായിരുന്നു കേമം. ഏഴാം വിക്കറ്റിൽ കളിക്കാനിറങ്ങി സെഞ്ചുറി സ്വന്തമാക്കുകയെന്ന അപൂർവ നേട്ടവും വിഷ്ണു സ്വന്തം പേരിനൊപ്പം ചേർത്തു.

ഇന്ത്യൻ വനിതാ ടീമിലേക്കുള്ള കേരളത്തിന്റെ വാഗ്ദാനമാണ് സാന്ദ്ര. പെരിങ്ങര സർപ്പപ്പറമ്പിൽ സുരന്റെയും സുമയുടെയും മകളാണ്. തിരുവല്ല എംജിഎം, കെസിഎ സീനിയർ അക്കാദമി കോട്ടയം, കെസിഎ സീനിയർ അക്കാദമി വയനാട്, ആലുവ യുസി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കേരളത്തിന്റെ വനിതാ സീനിയർ ടീമിൽ അംഗമാണ്. 2014 – 15ൽ അണ്ടർ 16ൽ ആണ് അരങ്ങേറ്റം. അണ്ടർ 19, 23 ടീമുകളിൽ കേരളത്തിനു വേണ്ടി കളിച്ചു.

കെസിഎയുടെ തിരുവല്ലയിലെ അക്കാദമിയിലാണ് പരിശീലനം തുടങ്ങിയത്. ഇരുവരും രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന നാളുകൾ വിദൂരമല്ലെന്നു കെസിഎ പ്രസിഡന്റ് സാജൻ കെ.മാത്യു പറഞ്ഞു. കെസിഎയുടെ ക്രിക്കറ്റ് അക്കാദമിയിലൂടെ വളർന്നു വരുന്ന പ്രതിഭകൾ രാജ്യാന്തര നിലവാരമുള്ള കളിയാണ് കാഴ്ച വയ്ക്കുന്നത്. തിരുവല്ലയിൽ നിന്നു രണ്ടു പേർ രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുന്നത് കെസിഎ അക്കാദമിക്കും തിരുവല്ലക്കാരൻ എന്ന നിലയിൽ അഭിമാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com