ADVERTISEMENT

തിരുവല്ല ∙ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രയ്ക്ക് ഡിപ്പോയിൽ നിന്നു പുതുവർഷത്തിൽ കൂടുതൽ സർവീസുകൾ തുടങ്ങുന്നു. നവംബറിൽ തുടങ്ങിയ മലക്കപ്പാറ സർവീസിനു പുറമേ ജനുവരി 2ന് മൺറോതുരുത്ത്, സാമ്പ്രാണിക്കൊടി, തിരുമുല്ലവാരം ബീച്ച് തുടങ്ങും. രാവിലെ 7നു പുറപ്പെട്ട് രാത്രി 9നു തിരിച്ചെത്തുന്ന പാക്കേജിന് 650 രൂപയാണ് ടിക്കറ്റ് നിരക്ക്. ജനുവരിയിൽ റോസ്മല - തെന്മല - പാലരുവിയും സാഗർറാണി കടൽയാത്രയും തുടങ്ങും. അഷ്ടമുടിക്കായലിനും കല്ലടയാറിനും മധ്യേയുള്ള പച്ചത്തുരുത്താണ് മൺറോതുരുത്ത്.

ആയിരത്തോളം ചെറുതോടുകളാൽ സമ്പന്നമായ 8 തുരുത്തുകൾ ചേർന്നതാണിത്.പച്ചപ്പിന്റെ ദൃശ്യവിസ്മയവും അപൂർവയിനം പക്ഷിക്കൂട്ടങ്ങളുടെ ആവാസവ്യവസ്ഥയുമാണിവിടുത്തെ പ്രത്യേകത. ഇവിടെ കനോയിങ് സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. കനോയിങ്ങിനു 350 രൂപയും ബസ് ചാർജ് 300 രൂപയും ചേർത്താണ് ചാർജ് ഈടാക്കുന്നത്. അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്താണ് സാംമ്പ്രാണിക്കൊടി. സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട ജലപാതകളുടെ മനോഹരമായ കാഴ്ചയാണിവിടം.

യാത്രക്കാരുടെ ആവശ്യപ്രകാരമാണ് സർവീസുകൾ തുടങ്ങുന്നത്. മലക്കപ്പാറ സർവീസിന് എല്ലാ ഞായറാഴ്ചയും നല്ല തിരക്കാണ്. കെഎസ്ആർടിസിയോടൊപ്പം ആഴക്കടലിലെ ആഘോഷമാണ് സാഗർറാണി യാത്രയിലൂടെ ലഭിക്കുന്നത്. കൊച്ചി മറൈൻഡ്രൈവ് വരെ ബസിലും അവിടെ നിന്നു സാഗർറാണി ബോട്ടിലൂടെ ഉൾക്കടലിലേക്കുള്ള യാത്രയുമാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com