ADVERTISEMENT

ശബരിമല ∙ കരിമല വഴിയുള്ള കാനനപാത തുറക്കുന്നതിനു മുന്നോടിയായി നാളെ സംയുക്ത പരിശോധന നടത്തും. കാട് തെളിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാകും. സംയുക്ത പരിശോധനാ സംഘത്തെ എഡിഎം അർജുൻ പാണ്ഡ്യൻ നയിക്കും. 31ന് പാത തീർഥാടകർക്കായി തുറന്നുകൊടുക്കും. കോവിഡ് സാഹചര്യങ്ങൾ കാരണം 2 വർഷമായി പാത അടച്ചിട്ടിരിക്കുകയായിരുന്നു.

പ്രത്യേകതകൾ

മഹിഷീനിഗ്രഹം കഴിഞ്ഞ് മണികണ്ഠസ്വാമി യാത്ര ചെയ്ത കാനനപാത എന്ന പ്രത്യേകത ഇതിനുണ്ട്. എരുമേലിയിൽ പേട്ട തുള്ളിയ ശേഷമാണ് അയ്യപ്പന്മാർ ഇതുവഴി നടന്നു നീങ്ങുന്നത്. ആദ്യം കടക്കുന്നത് കോട്ടപ്പടി .മൊത്തം ദൂരം 35 കിലോമീറ്റർ. അതിൽ 25 കിലോമീറ്ററും വനത്തിലൂടെയാണ്. അതിൽ തന്നെ 18 കിലോമീറ്റർ പെരിയാർ കടുവ സങ്കേതത്തിലെ കൊടുംവനത്തിലൂടെ. എരുമേലിയിൽ നിന്ന് അഴുത വരെയുള്ള 17 കിലോമീറ്റർ അത്ര ദുർഘടമല്ല.

പാത കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ

പേരൂർത്തോട്, ഇരുമ്പുന്നിക്കര, കോയിക്കൽകാവ്, കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, ഇഞ്ചിപ്പാറക്കോട്ട, പുതുശേരി, മുക്കുഴി, മഞ്ഞപ്പൊടിത്തട്ട്, കരിമല, ഒളിയമ്പുഴ , വലിയാനവട്ടം, ചെറിയാനവട്ടം. എരുമേലി മുതൽ ഇരുമ്പൂന്നിക്കര വരെ ടാർ ചെയ്ത റോഡ് ഉണ്ട്. കോഴിക്കൽ കാവ് മുതൽ അഴുതക്കടവ് വരെയുള്ള ഏഴ് കിലോമീറ്റർ എരുമേലി റേഞ്ചിലെ റിസർവ് വനമാണ്. എന്നാൽ കൂപ്പ് റോഡ് ഉണ്ട്.

ക്രമീകരണങ്ങൾ

പാത പൂർണമായും തെളിച്ചു. കാറ്റിൽ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ള മരങ്ങൾ മുറിച്ചു മാറ്റി. കരിമല, മുക്കുഴി എന്നിവിടങ്ങളിൽ താൽക്കാലിക ആശുപത്രി തുറക്കും. കൂടാതെ 4 സ്ഥലങ്ങളിൽ അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളും തുറക്കും. ഇതിനുള്ള ക്രമീകരണവുമായി.

ബുക്ക് ചെയ്യണം

വെർച്വൽ ക്യു ബുക്ക് ചെയ്ത 10,000 പേർക്കാണ് ഇതു വഴി പോകാൻ അനുവാദം ഉള്ളത്. വെർച്വൽ ക്യു ബുക്ക് ചെയ്യാത്തവർക്ക് എരുമേലിയിൽ സ്പോട് ബുക്കിങ് എടുക്കാം. രേഖകൾ പരിശോധിച്ചു മാത്രമേ ഇതുവഴി കടത്തിവിടൂ.

നിയന്ത്രണം

കോഴിക്കൽക്കാവ് നിന്ന് പുലർച്ചെ 5.30നും 10.30നും ഇടയിലേ കാനന പാതയിലേക്ക് തീർഥാടകർക്ക് പ്രവേശനം അനുവദിക്കൂ. അഴുത കടവിലും മുക്കുഴിയിലും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പ്രവേശനം നൽകുക. ഈ മേഖലകളിൽ രേഖകളുടെ പരിശോധനയും ഉണ്ടാകും മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനം ഒരുക്കും. മാമ്പാടി, കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളിൽ ഓരോ എമർജൻസി മെഡിക്കൽ കെയർ സെന്ററുകൾ തുറക്കും.

തീർഥാടകർക്കായി 8 ഇടത്താവളങ്ങളാണ് ഈ വഴിയിൽ വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികൾ ഒരുക്കുന്നത്. കടകളും ലഘുഭക്ഷണശാലകളും ഈ കേന്ദ്രങ്ങളിലുണ്ടാകും. വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന് എന്നിവിടങ്ങളിൽ തീർഥാടകർക്ക് വിരിവയ്ക്കാൻ സൗകര്യം ഉണ്ടാകും. വന്യമൃഗങ്ങളുടെ കടന്നുകയറ്റം ഉണ്ടാകാതിരിക്കാൻ ഈ പ്രദേശത്ത് വനംവകുപ്പ് വേലി തീർത്തിട്ടുണ്ട്. പെരിയാർ ടൈഗർ റിസർവ് സങ്കേതത്തിലൂടെയുള്ള യാത്ര ആരംഭിക്കുന്ന മുക്കുഴിയിലും അഴുതക്കടവിലും ഭക്തർക്ക് വിരിവയ്ക്കാം. അനുവദിച്ചിട്ടുള്ള സമയത്തിനു ശേഷം വരുന്ന തീർഥാടകർക്ക് അവിടെ വിരി വയ്ക്കാവുന്നതാണ്.

തീർഥാടകർക്ക് കൂട്ടായും ഒറ്റയ്ക്കും വരാമെങ്കിലും സംഘങ്ങളായി മാത്രമേ കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകാൻ അനുവദിക്കൂ. വൈകിട്ട് 5ന് ശേഷം സഞ്ചാരം അനുവദിക്കില്ല. ഈ സാഹചര്യങ്ങളിൽ ഭക്തർക്ക് ഇടത്താവളങ്ങളിൽ തങ്ങാം. കരിമലയിലും വലിയാനവട്ടത്തും അയ്യപ്പസേവാസംഘത്തിന്റെ ക്യാംപ് തുറക്കും. ഇവിടെ അന്നദാനം ഉണ്ടാകും. ഇടത്താവളങ്ങളിൽ കൂടുതൽ ശുചിമുറികളും ഉറപ്പാക്കുന്നുണ്ട്. വനപാലകരുടെയും ആന സ്‌ക്വാഡിന്റെയും നിരീക്ഷണമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com