ADVERTISEMENT

പത്തനംതിട്ട ∙ ജീവനക്കാർക്ക് സുരക്ഷയില്ലാതെ സാമൂഹിക സുരക്ഷ ബോർഡ് ഓഫിസ്. മിനി സിവിൽ സ്റ്റേഷനു സമീപത്തു നിന്ന് ജില്ലാ വെറ്ററിനറി ഓഫിസിലേക്കു പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോർഡ് ഓഫിസ് അപകടനിലയിൽ. മേൽക്കൂരയിൽ നിന്ന് അടർന്നു വീഴുന്ന സിമന്റ് പാളികൾ, മഴക്കാലമായാൽ ചോർന്നൊലിച്ചു മുറികൾ വെള്ളക്കെട്ടാകും. സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സാമൂഹിക സുരക്ഷ ബോർഡ് ഓഫിസ് പ്രവർത്തിക്കുന്നത്. 5040 രൂപയാണ് പ്രതിമാസ വാടക.

ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ, ക്ലാർക്ക്, പാർട്‌ടൈം സ്വീപ്പർ എന്നിങ്ങനെ 3 ജീവനക്കാരാണ് ഇവിടെ ഉള്ളത്. 4 ജീവനക്കാർ ഉണ്ടായിരുന്നതിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ സ്ഥലം മാറിപ്പോയെങ്കിലും പകരം നിയമനം നടന്നിട്ടില്ല. അസംഘടിത മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ 35,000ൽ പരം പേരുടെ അപേക്ഷകളാണ് ഇവിടെ ഓരോ വർഷവും കൈകാര്യം ചെയ്യുന്നത്. അടുത്തിടെ ഇവിടെ അപേക്ഷ നൽകാനെത്തിയ ആളുടെ തലയിൽ സിമന്റ് പാളി ഇളകി വീണ് അപകടം ഉണ്ടായിരുന്നു. രാവിലെ മുതൽ വൈകുന്നേരം ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാർ കസേരയും മേശയും ദിവസവും പലയിടത്തായി മാറ്റിയിട്ടു ഭാഗ്യം പരീക്ഷിക്കുകയാണ്. ഏതു നിമിഷവും മേൽക്കൂരയിൽ നിന്ന് സിമന്റ് പാളികൾ അടർന്നു വീഴുന്ന അവസ്ഥയിൽ ഇവിടേക്ക് എത്തുന്നവരും ഭീതിയിലാണ്. 

അസംഘടിത മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമനിധി സംബന്ധിച്ച ഇടപാടുകൾ നടത്തുന്ന ഇവിടുത്തെ ജീവനക്കാർക്ക് മഴക്കാലമെത്തിയാൽ പേടിയാണ്. പല ഭാഗത്തും കനത്ത ചോർച്ചയാണ്. അതിനാൽ ഫയലുകളും രേഖകളും കംപ്യൂട്ടറും നനയാതെ സൂക്ഷിക്കുക എന്നത് അവർക്ക് വലിയ ജോലിയാണ്. ഒരു ഭാഗത്തെ ചോർച്ച കണ്ട് എല്ലാം വാരിപ്പെറുക്കി മറ്റൊരിടത്തേക്കു മാറ്റുമ്പോൾ അവിടെയാകും ചോർച്ച. 

അപേക്ഷകൾ സൂക്ഷിക്കാൻ ആവശ്യത്തിനു അലമാരകളോ റാക്കുകളോ ഇല്ലാത്തത് വലിയ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. മഴ പെയ്ത് രേഖകൾ നനഞ്ഞ് നശിക്കാതിരിക്കാൻ ജീവനക്കാർ തന്നെ പ്ലാസ്റ്റിക് കവറുകൾ വാങ്ങി അതിനുള്ളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. റിട്ടയർമെന്റ്, കാലാവധി പൂർത്തിയാക്കാതെ ഇടപാടുകൾ അവസാനിപ്പിക്കുന്നവരുടെ റീഫണ്ട്, വിവാഹ, ചികിത്സ, മരണ സഹായങ്ങൾ, സ്കോളർഷിപ്പുകൾ എന്നിവയ്ക്കുള്ള അപേക്ഷകളും അതു സംബന്ധിച്ച നടപടികളും അടങ്ങുന്ന രേഖകൾ മുഴുവൻ നനയാതെ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി അടുക്കി വച്ചിരിക്കുന്നു. ജില്ലയിലെ മറ്റ് എല്ലാ ഓഫിസുകളും കംപ്യൂട്ടർവൽക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ഈ ഓഫിസിൽ അതിനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com