ADVERTISEMENT

കോന്നിയിലെ കൂട്ടിൽ ആനകൾ മെരുങ്ങാൻ തുടങ്ങിയിട്ട് 80 വർഷം. കാട്ടിൽ നിന്ന് ആന പിടിത്തമുണ്ടായിരുന്ന കാലത്ത് 1942ൽ ആണ് കോന്നിയിൽ ആനക്കൂട് സ്ഥാപിച്ചത്. തിരുവിതാംകൂർ സെൻട്രൽ വനം ഡിവിഷന്റെ ആസ്ഥാനമായിരുന്നു അന്നു കോന്നി. സെൻട്രൽ വനം ഡിവിഷനിൽ കോന്നിയെക്കൂടാതെ ജില്ലയിൽ പെരുനാട്, പെരുന്തേനരുവി എന്നിവിടങ്ങളിലും ആനകളെ പരിശീലിപ്പിക്കാനായി ആനക്കൂട് പ്രവർത്തിച്ചിരുന്നു.

1942നു മുൻപ് അച്ചൻകോവിലിനാറിനക്കരെയുള്ള മഞ്ഞക്കടമ്പിൽ ആയിരുന്നു കോന്നിയിലെ ആനക്കൂട് പ്രവർത്തിച്ചിരുന്നത്. തണ്ണിത്തോട് മുണ്ടോംമൂഴിക്ക് സമീപവും ആനക്കൂട് ഉണ്ടായിരുന്നു. 1875ൽ നിർമിച്ച ആനക്കൂട് 1891 വരെ പ്രവർത്തിച്ചിരുന്നു. ഖെദ്ധാ രീതിയിൽ (ആറ്റുതീരത്ത് കൂടുപോലെ നിർമിച്ച് ആനകളെ ഓടിച്ചു കയറ്റുക) പിടിക്കുന്ന ആനകളെ പരിശീലിപ്പിക്കാൻ വേണ്ടിയാണ് മുണ്ടോംമൂഴിയിൽ ആനക്കൂട് നിർമിച്ചത്.   

പെരുനാട്ടിലെ ആനക്കൂട് 1922ലും മഞ്ഞക്കടമ്പിലെയും പെരുന്തേനരുവിയിലെയും 1942ലും പൊളിച്ചു മാറ്റി. തുടർന്ന് കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫിസ് പരിസരത്ത് സ്ഥാപിക്കുകയായിരുന്നു. കമ്പകം ഉപയോഗിച്ചാണ് ആനക്കൂട് നിർമിച്ചിട്ടുള്ളത്. 12.65 മീറ്റർ നീളവും 8.60 മീറ്റർ വീതിയും 7 മീറ്റർ ഉയരവുമാണുള്ളത്. 6 ആനകൾക്ക് പരിശീലനം നൽകാനുള്ള ശേഷി ഈ ആനക്കൂടിനുണ്ട്. തൂണുകൾ തുളച്ച് എഴികകൾ കയറ്റിയിടാവുന്ന തരത്തിലാണ് ഇതു നിർമിച്ചിട്ടുള്ളത്. കാട്ടുകൊമ്പന്മാരുടെ ഇടിയേറ്റാലൊന്നും തകരാത്ത തടിയാണ് കമ്പകം. മുൻപ് റെയിൽവേ പാളത്തിന് ഉപയോഗിച്ചിരുന്നതും ഇത്തരം തടികളാണ്.

പിഞ്ചു അവസാന അതിഥി

വാരിക്കുഴിയിൽ വീണ ആനയെ താപ്പാനകളുടെ സഹായത്തോടെ കോന്നി ആനക്കൂട്ടിലേക്ക് എത്തിക്കുന്നു. കോന്നിയിലെ ജോൺസൺ സ്റ്റുഡിയോ ഉടമ ജോൺ സക്കറിയ പകർത്തിയ ചിത്രം.

1810ൽ ആനപിടിത്തം ആരംഭിക്കുകയും 1977ൽ നിർത്തലാക്കുകയും ചെയ്തു. അതിനു ശേഷവും വാരിക്കുഴികളിൽ വീഴുന്ന ആനകളെ താപ്പാനകളുടെ സഹായത്തോടെ കൂട്ടിലെത്തിച്ച് മെരുക്കിയെടുത്ത ചരിത്രമുണ്ട്. വർഷങ്ങൾക്കു ശേഷം ആനക്കൂട്ടിൽ താപ്പാനയുടെ സഹായത്തോടെ കയറ്റിയത് ഒരു നാട്ടാനെയാണ്. ഹരിപ്പാട് ഏവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ഏവൂർ കണ്ണൻ എന്ന കൊമ്പനെ ചട്ടം പഠിപ്പിക്കാനായി എത്തിച്ചത് 2008 ഒക്ടോബറിലാണ്. 2014ഒക്ടോബറിലാണ് ഏറ്റവുമൊടുവിൽ കൂട്ടിൽ കാട്ടാനകളെ കയറ്റിയത്.

വിതുര പേപ്പാറ കുട്ടപ്പാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം ഇറങ്ങിയ അമ്മയാനയെയും കുട്ടിക്കൊമ്പനെയും കോന്നിയിൽ എത്തിച്ച് താപ്പാനകളുടെ സഹായത്തോടെ കൂട്ടിൽ കയറ്റുകയായിരുന്നു. ഇതു നേരിൽ കാണാൻ ഒട്ടേറെ ആളുകൾ സ്ഥലത്ത് എത്തിയിരുന്നു. പിന്നീട് വനത്തിൽ നിന്നു ലഭിക്കുന്ന കുട്ടിയാനകളെ മാത്രമാണ് കൂട്ടിൽ കയറ്റിയിട്ടുള്ളത്. രണ്ടുവർഷം മുൻപ് പിഞ്ചു എന്ന കുട്ടിയാനയെയാണ് അവസാനമായി കൂട്ടിൽ കയറ്റിയത്. 2020 ഒക്ടോബറിൽ പിഞ്ചു ചരിഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com