ADVERTISEMENT

സീതത്തോട് ∙ ഗവിക്കു പോകാൻ ആളുകൾ കൂടുതലാണെന്നു പറഞ്ഞ് ഇനി യാത്ര വൈകിപ്പിക്കേണ്ട. സഞ്ചാരികൾക്കു പോകാൻ ബസുകൾ വിട്ടുനൽകാൻ കെഎസ്ആർടിസി റെഡി. അതും മിതമായ നിരക്കിൽ.പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി പ‍ത്തനംതിട്ട ജില്ലാ കോടതിയിലെ ജീവനക്കാരുടെ 30 പേരടങ്ങുന്ന സംഘം ഇന്നലെ ഗവി കാണാൻ എത്തിയത് കെഎസ്ആർടിസി ബസിലായിരുന്നു. സ്ഥിരമായി സർവീസ് നടത്തുന്ന ഗവി ബസ് പോയതിനു പിന്നാലെ മറ്റൊരു ബസ് കൂടി പോകുന്നത് കണ്ട് ആളുകൾ തിരക്കിയപ്പോഴാണ് ഇങ്ങനൊരു സർവീസ് കൂടി കെഎസ്ആർടിസിയുടെ സേവനത്തിൽ ഉള്ള വിവരം പലരും അറിയുന്നത്.

രാവിലെ 7 മണിക്കു പത്തനംതിട്ട ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിച്ച് ആങ്ങമൂഴി, മൂഴിയാർ, കക്കി, ഗവി, വണ്ടിപ്പെരിയാർ, പരുന്തുംപാറ, എരുമേലി, റാന്നി വഴി രാത്രി 8 മണിയോടെ തിരികെ പത്തനംതിട്ടയിൽ എത്തും. വനത്തിലൂടെ മനോഹര കാഴ്ചകൾ കണ്ട് മൂഴിയാർ, കക്കി, ആനത്തോട് അണക്കെട്ടുകൾക്കു മുകളിലൂടെ മറക്കാനാകാത്ത യാത്രാനുഭവമാണ് ലഭിച്ചതെന്ന് കോടതി ഉദ്യോഗസ്ഥനായ എം.ആർ.മധുസൂദനൻപിള്ള പറഞ്ഞു.കാഴ്ച കാണാൻ കഴിയുന്ന സ്ഥലങ്ങളിൽ ഡ്രൈവർ ഷാജഹാൻ ബസ് നിർത്തിനൽകി. 

മുൻകൂട്ടി അറിയിച്ച പ്രകാരം കെഎസ്ഇബിയുടെ മൂഴിയാർ 40 ഏക്കർ കോളനി കന്റീനിൽ പ്രഭാത ഭക്ഷണവും കൊച്ചു പമ്പയിലെ കന്റീനിൽ ഉച്ചയൂണും ക്രമീകരിച്ചിരുന്നു.റോഡിലെ വളവും തിരിവും കാരണം ഗവിക്കുള്ള യാത്രയ്ക്കു മിനി ബസുകളാണ് ലഭിക്കുക. സീറ്റുകളുടെ എണ്ണവും സമയവും ദൂരവും അനുസരിച്ചാകും നിരക്ക് നിശ്ച്ചയിക്കുന്നത്. സ്വകാര്യ മേഖലയിലുള്ള നിരക്കിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണ് കെഎസ്ആർടിസി ഈടാക്കുന്നത്.ഗവിയിലേക്കു സ്ഥിരമായി സഞ്ചാരികളുടെ തിരക്ക് വർധിച്ചാൽ കൂടുതൽ ബസ് ആരംഭിക്കുന്നതിനും നടപടികളെപറ്റിയും കെഎസ്ആർടിസിക്ക് ആലോചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com