തിരുവല്ല മാർത്തോമ്മാ കോളജിലെ കായിക വിഭാഗത്തിന് ‘അജയ്യർ’ എന്ന തിലകം ചാർത്തി നൽകിയ സ്പോർട്സ് ഹെഡ് മൈതാനം വിടാൻ ഒരുങ്ങുന്നു. 30 വർഷത്തെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കുന്ന കായിക വിഭാഗം മേധാവി ഡോ. നിജി മനോജിനെ യാത്രയാക്കാൻ സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കുമൊപ്പം എണ്ണമറ്റ ചാംപ്യൻ പട്ടങ്ങളും ഉണ്ടാകും. 27 വർഷമായി എംജി സർവകലാശാല വനിതാ ഫുട്ബോൾ ചാംപ്യൻമാരാണ് മാർത്തോമ്മാ കോളജ്. ഈ വിജയത്തുടർച്ചയ്ക്കു പിന്നിൽ നിർണായക ശക്തിയായതും ഡോ. നിജി മനോജ് തന്നെയാണ്.
പത്തനംതിട്ടയിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് പുറമേ വടക്കൻ ജില്ലകളിൽ നിന്നുവരെയുള്ള സമർഥരായ കുട്ടികളെ കണ്ടെത്തി, പരിശീലനം നൽകിയാണ് ഈ വിജയക്കുതിപ്പ് തുടരുന്നത്. സ്കൂൾ മേളകളിൽനിന്നുള്ള പ്രതിഭകളെ കണ്ടെത്തി 8–ാം ക്ലാസ് മുതൽ തന്നെ പരിശീലനം നൽകിയാണ് ഭാവി താരങ്ങളെ വാർത്തെടുക്കുന്നത്. ബാസ്കറ്റ് ബോൾ, ഹോക്കി, ഖോഖോ എന്നി ഇനങ്ങളിൽ വിവിധ സർവകലാശാലകളെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയിരുന്ന ഈ മുൻ താരത്തിന്റെ കീഴിൽ പരിശീലനം നേടി ദേശീയ, സംസ്ഥാന ടീമുകളിൽ ചുവടുറപ്പിച്ചവരും ഏറെ.
കാൽപന്തിൽ കളംനിറഞ്ഞ്
കോളജ് ഫുട്ബോൾ ടീം പരിശീലകകൂടിയായ ടി.നിഖില, സി.ജിബിഷ, സുബിതാ പൂവാറ്റ, പ്രീതാ കുമാരി, പി.സുനിത, ഷീബാ സുമേഷ്, നജി മുനീസ എന്നിവർ മാർത്തോമ്മയുടെ മൈതാനത്തുനിന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് കുതിച്ചുകയറിയവരാണ്. ദേശീയ വനിതാ ഫുട്ബോൾ യുവപ്രതിഭാ ക്യാംപിന്റെ മുഖ്യപരിശീലക അമൃത അരവിന്ദും മാർത്തോമ്മാ കോളജിലെ മുൻ താരവും മുൻ പരിശീലകയുമാണ്. കോളജ് ടീമിലുള്ള സാന്ദ്ര ശശി, കെ.നിസരി, വി.ഉണ്ണിമായ, എ.ജി.ശ്രീലക്ഷ്മി എന്നിവർ സംസ്ഥാന സീനിയർ ടീമിലും കീർത്തന,

എം. ശ്രീലക്ഷ്മി, എസ്.സോന എന്നിവർ സംസ്ഥാന ജൂനിയർ ടീമിലും അംഗങ്ങളാണ്. ഇതിനുപുറമേ എംജി സർവകലാശാലയുടെ 20 അംഗ ഫുട്ബോൾ ടീമിലെ 16 പേരും മാർത്തോമ്മായിലെ കുട്ടികളാണ്. വിവിധ പ്രഫഷനൽ വനിതാ ഫുട്ബോൾ ക്ലബ്ബുകളിലും മാർത്തോമ്മാ കോളജ് കുട്ടികളുണ്ട്. സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലെ 16 കുട്ടികൾ ഉൾപ്പെടെ 30 പേരാണ് മാർത്തോമ്മാ കോളജ് വനിതാ ഫുട്ബോൾ ടീമിലുള്ളത്.
ഹോക്കി മുതൽ വടംവലിവരെ
ഫുട്ബോളിനൊപ്പം ഹോക്കി, ഹാൻഡ് ബോൾ, ക്രിക്കറ്റ്, സോഫ്റ്റ് ബോൾ, ബേസ് ബോൾ, വടംവലി എന്നീ ഇനങ്ങളിലെല്ലാം മാർത്തോമ്മായിലെ പെൺകുട്ടികളെ സർവകലാശാല, അന്തർ സർവകലാശാല തലങ്ങളിൽ വിജയക്കൊടി പാറിക്കാൻ സഹായിച്ചതും നിജി മനോജിന്റെ കൂടി പ്രയത്നഫലമാണ്.നിലവിൽ എംജിയുടെ 16 അംഗ ഹോക്കി ടീമിലെ 10 പേരും സർവകലാശാലാ ചാംപ്യൻമാർകൂടിയായ കോളജിലെ കുട്ടികളാണ്. എൽ. ഹരിപ്രിയ, എം.ടി. അഭിരാമി, എ.ജെ. മേദ, കെ. ആർ. അനഖ, ദേവിക മുരളി എന്നിവർ സംസ്ഥാന ജൂനിയർ ടീമിനു വേണ്ടിയും രേഷ്മ,
ടി.കെ.നവ്യ, ബ്ലെസി ജോൺ, അലീനാ ടോം എന്നിവർ സംസ്ഥാന സീനിയർ ടീമിനും വേണ്ടിയും കളത്തിലിറങ്ങുന്നു. 18 അംഗ വനിതാ ഹോക്കി ടീമിലെ 16 പേർ സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിൽ നിന്നുള്ളവരാണ്. സ്പോർട്സ് കൗൺസിൽ പരിശീലകയായ അഞ്ജലി കൃഷ്ണയാണ് ഹോക്കി ടീമിന്റെ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഹോസ്റ്റലിനു പുറത്തു നിന്നുള്ള കുട്ടികളുടെ പരിശീലനത്തിന് കോളജ് മാനേജ്മെന്റ് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നുമുണ്ട്.