ADVERTISEMENT

മണ്ണടി ∙ പ്രളയത്തെ തുടർന്ന് മൂന്നു തവണ കൃഷിയിറക്കേണ്ടിവന്ന താഴത്ത് ഏലായിൽ ഇക്കുറി നെൽക്കൃഷിയിൽ കർഷകർക്ക് പരാജയം. പ്രളയശേഷം വേനൽ കനത്തതോടെ കൃഷിയിടങ്ങൾ വരൾച്ചയുടെ പിടിയിലാണ്. വെള്ളം ലഭിക്കാതെ വന്നതോടെ നെൽച്ചെടികളുടെ വളർച്ച ക്ഷയിക്കുകയും കളകൾ തഴച്ചു വളരുകയും ചെയ്തു.

ശക്തമായ മഴയ്ക്കു ശേഷം പുട്ടിയടിക്കാതെയാണ് മൂന്നാം തവണ കൃഷിയിറക്കിയത്. തുടർന്ന് നെല്ലിനിടയിൽ കൂടുതൽ പാഴ്ച്ചെടികൾ വളർന്നു. കാലം തെറ്റിയ കൃഷിയിൽ നിന്ന് മുടക്കു മുതൽ തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന ധാരണയിൽ തൊഴിലാളികളെ നിർത്തി കള നീക്കം ചെയ്യാനും മിക്ക കർഷകരും ശ്രമിച്ചില്ല. കൃഷി പരിപാലിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

10 സെന്റ് മുതൽ 5 ഏക്കറിൽ വരെ കൃഷിയിറക്കിയ കർഷകരുണ്ട്. രണ്ടു തവണയും മഴ കാരണം വിത്തും നെൽച്ചെടിയും ഒഴുക്കെടുത്ത പാടശേഖരത്ത് മൂന്നാം തവണയും കൃഷി തുടങ്ങാൻ വിത്തു വിതരണം ചെയ്തിരുന്നു.  വർഷത്തിൽ ഒരു തവണ മാത്രമാണ് ഇവിടെ കൃഷി. കൃഷി വിളവെടുക്കേണ്ട സമയത്ത് വളർച്ച പകുതി എത്തിയില്ലെന്നും സമയം തെറ്റി ഇറക്കിയ കൃഷിയിൽ നിന്ന് നല്ല വിളവ് ലഭിക്കില്ലെന്നും കർഷകർ പറയുന്നു.

കനാൽ വെള്ളം എത്തിയെങ്കിൽ മാത്രമേ തോടുകളും നീർച്ചാലുകളും നിറഞ്ഞ് കൃഷിയിടത്തിലും വെള്ളം എത്തുകയുള്ളൂ. വർഷങ്ങളായി തരിശു കിടന്നിരുന്ന പാടശേഖരത്ത് സമഗ്ര നെൽക്കൃഷി പദ്ധതിയുടെ ഭാഗമായി പാടശേഖര സമിതിയുടെ നേതൃത്വത്തിലായിരുന്നു നെൽക്കൃഷി തിരിച്ചു കൊണ്ടുവന്നത്. എന്നാൽ പ്രളയവും വരൾച്ചയും തൊഴിലാളി ദൗർലഭ്യവുമൊക്കെ പ്രതിസന്ധിയാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com