ADVERTISEMENT

പൊടിയാടി ∙ തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ പൊടിയാടി പാലത്തിനു സമീപം  കച്ചിയുമായി പോയ ലോറിക്കു തീ പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3.15നാണ് സംഭവം. തിരുവല്ല, ചങ്ങനാശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിസുരക്ഷാ സേനയാണ് തീകെടുത്തിയത്. റോഡിൽ ഒന്നര മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. പെരിങ്ങര ഭാഗത്തു നിന്നു കടപ്ര ഭാഗത്തേക്കു പോകുകയായിരുന്ന നാഷനൽ പെർമിറ്റ് ലോറിയിൽ നിറയെ കച്ചിയുണ്ടായിരുന്നു.

പൊടിയാടിയിൽ തീപിടിച്ച കച്ചി ലോറിയിലെ തീ അണയ്ക്കാനുള്ള ശ്രമം.

ലോറിയുടെ പിന്നിലെ കച്ചിക്കാണ് ആദ്യം തീപിടിച്ചത്. പൊടിയാടി ജംക്‌ഷന് 100 മീറ്റർ എത്തുന്നതിനു മുൻപാണ് തീ പിടിച്ചത്. ഇവിടെ താഴ്ന്നു കിടന്ന വൈദ്യുതി ലൈനിൽ തട്ടിയാകാം തീ പിടിച്ചതെന്നു സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. കച്ചിക്കു മുകളിൽ ടാർപോളീൻ ഇട്ടിരുന്നില്ല. റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റോഡ് ഉയർത്തിയതോടെ വൈദ്യുതി കമ്പികൾ പലയിടത്തും താഴ്ന്നു കിടക്കുകയാണ്. പൊടിയാടി ജംക്‌ഷനിൽ ഉണ്ടായിരുന്നവർ ലോറിയുടെ പിന്നിൽ നിന്നു പുക ഉയരുന്നതു കണ്ട് ബഹളം വച്ചെങ്കിലും ഡ്രൈവർ വാഹനം മുന്നോട്ടു കൊണ്ടുപോയി.

ജംക്‌ഷനിലെ അപകട സാധ്യത ഇല്ലാതാക്കുന്നതിനും ആളൊഴിഞ്ഞ സ്ഥലത്ത് ലോറി എത്തിക്കുന്നതിനും സമയോചിതമായി ഡ്രൈവർ പ്രവർത്തിക്കുകയായിരുന്നു.  ജംക്‌ഷനു സമീപം തോട് കണ്ടതോടെ ഇതിനു സമീപത്തായി ലോറി നിർത്തി. ഈ സമയം പിന്നാലെ വന്ന പെട്ടിഓട്ടോ ഡ്രൈവറും ലോറിക്കു കുറുകെ വാഹനമിട്ട് അപകടം അറിയിച്ചു. റോഡ് വശത്ത് നിർത്തിയിട്ടയുടനെ നാട്ടുകാരുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടയിൽ 3 അഗ്നിശമനസേന വാഹനങ്ങളും എത്തിയതോടെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു.

തീയും പുകയും റോഡിൽ വ്യാപിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ലോറിയിൽ നിന്നുള്ള കച്ചിയെല്ലാം വലിച്ചു പുറത്തിട്ടതോടെ ലോറിയെ തീയിൽ നിന്നു രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഭാഗികമായി മാത്രമാണ് ലോറിക്കു തീപിടിച്ചത്. പിന്നീട് റോഡിൽ കിടക്കുന്ന കച്ചിയിലെ തീയണയ്ക്കാനുള്ള ശ്രമമായി. വെള്ളമൊഴിച്ചിട്ടും അണയാതെ കച്ചി റോഡിൽ കിടന്നു പുകഞ്ഞതോടെ ആർക്കും സമീപത്തേക്കു പോകാൻ കഴിഞ്ഞില്ല. പൊലീസുകാരും തീയണയ്ക്കാൻ കൂടി. സംഭവത്തിൽ ആർക്കും പരുക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com