ADVERTISEMENT

സീതത്തോട് ∙ കാടിന്റെ മക്കളുടെ ദുരിതങ്ങൾ നേരിട്ട് കാണാൻ മന്ത്രി കെ. രാധാകൃഷ്ണൻ മൂഴിയാർ സായിപ്പിൻകുഴി ആദിവാസി കോളനിയിൽ എത്തി. ദുരിതങ്ങൾ നിരത്തി ആദിവാസി കുടുംബങ്ങൾ. പരിഹാരം ഉണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ്. ശബരിമല ദർശനത്തിനു ശേഷം മടങ്ങുമ്പോൾ ഇന്നലെ ഉച്ചയോടെയാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മൂഴിയാർ വനമേഖലയിൽ എത്തുന്നത്. ഗൂഡ്രിക്കൽ റേഞ്ചിലെ കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റിനോടു ചേർന്ന ഊരിലാണ് ആദ്യം എത്തിയത്. തുടർന്ന് മൂഴിയാർ സായിപ്പിൻകുഴി കോളനിയിലേക്കു പോയി.

കോളനിയിലെ മിക്ക വീടുകളിലും കയറിയിറങ്ങി ഓരോ കുടുംബങ്ങളുടെയും ജീവിത സാഹചര്യങ്ങൾ വിലയിരുത്തി. വൈദ്യുതി ഇല്ലാത്ത വീടുകളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനെ പറ്റി ഒപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോടു ആരാഞ്ഞു.  കുട്ടികളുടെ വിദ്യാഭ്യാസ യോഗ്യതയും ചോദിച്ച് മനസ്സിലാക്കി. ഭക്ഷണ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താനും പോഷകാഹാര കുറവ് നികത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വന്യ മൃഗങ്ങളുടെ ഭീഷണിയിൽ നിന്ന് സംരക്ഷണം ഉറപ്പ് വരുത്താൻ കോളനിക്കു ചുറ്റും സംരക്ഷണ വേലി നിർമിക്കുന്നതിനെപറ്റി ഡിഎഫ്ഒയോടു ചോദിച്ചറിഞ്ഞു.

മൂഴിയാറിൽ ഒഴിഞ്ഞ് കിടക്കുന്ന വൈദ്യുതി ബോർഡിന്റെ ക്വാർട്ടേഴ്സുകൾ വൃത്തിയാക്കിയാൽ അതിൽ താമസിക്കാമോ എന്നും ആദിവാസികളോട് അഭിപ്രായം ആരാഞ്ഞു. ആദിവാസി കുടുംബങ്ങൾക്ക് ഒപ്പം ഉച്ചഭക്ഷണവും കഴിഞ്ഞാണ് മന്ത്രി മടങ്ങിയത്. കെ.യു.ജനീഷ്കുമാർ എംഎൽഎ, കലക്ടർ ഡോ.ദിവ്യ.എസ്.അയ്യർ, റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ, പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി.ഈശോ, ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർ എസ്. മണി, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കു ഒപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com