ADVERTISEMENT

ശബരിമല∙ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തീർഥാടകരുടെ ദർശനം പൂർത്തിയാക്കി മാളികപ്പുറത്ത് ഗുരുതി നടന്നു.  ദർശനത്തിനുള്ള അവസാന ദിവസമായ ഇന്നലെ രാവിലെയായിരുന്നു തിരക്ക്. 10 മണിയോടെ തിരക്കു കുറഞ്ഞു. വൈകിട്ട് 4 വരെ നിലയ്ക്കൽ എത്തിയ തീർഥാടകരെ ദർശനത്തിനു പോകാൻ പൊലീസ് അനുവദിച്ചു. ഇന്നലെ രാത്രി 9ന് അത്താഴ പൂജയോടെ ഭക്തരുടെ ദർശനം പൂർത്തിയായി. തുടർന്ന് മാളികപ്പുറം മണിമണ്ഡപത്തിനു മുൻപിൽ ഗുരുതി നടന്നു. 

  ശബരിമലയിൽ മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് കുന്നയ്ക്കാട്ട് കുറുപ്പുമാരായ അജിത്കുമാർ, ജെ.ജയൻ, രതീഷ്കുമാർ എന്നിവരുടെ കാർമികത്വത്തിൽ മാളികപ്പുറത്തു നടന്ന ഗുരുതി.
ശബരിമലയിൽ മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് കുന്നയ്ക്കാട്ട് കുറുപ്പുമാരായ അജിത്കുമാർ, ജെ.ജയൻ, രതീഷ്കുമാർ എന്നിവരുടെ കാർമികത്വത്തിൽ മാളികപ്പുറത്തു നടന്ന ഗുരുതി.

ഉച്ച കഴിഞ്ഞതോടെ ഗുരുതിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. മണിമണ്ഡപത്തിനു മുന്നിൽ കളം വരച്ച് വാഴപ്പോളയിൽ കുരുത്തോലകൾ  കുത്തി അലങ്കരിച്ചു. ക്ഷേത്രനട അടച്ച ശേഷം തിരുമുറ്റത്ത് നിന്നു എല്ലാ ഭക്തരെയും താഴെയിറക്കി. മല ദൈവങ്ങൾക്ക് വിളക്കുവച്ച് ദേവതകളെയും ഭൂതഗണങ്ങളെയും കളത്തിലേക്കു ക്ഷണിച്ചു. റാന്നി അങ്ങാടി കുന്നയ്ക്കാട് അജിത്കുമാർ, ജെ.ജയൻ, രതീഷ്കുമാർ എന്നിവരുടെ കാർമികത്വത്തിൽ കുമ്പളങ്ങ മുറിച്ച് ഗുരുതി നടത്തി. മലദൈവങ്ങൾ, ഭൂതഗണങ്ങൾ എന്നിവരെ പ്രീതിപ്പെടുത്താൻ മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ‘നിണം’ തൂകി. ഗുരുതിക്ക് കാർമികത്വം വഹിച്ച 3 കുറുപ്പുമാർക്കും രാജപ്രതിനിധി ശങ്കർ വർമ പണക്കിഴി സമ്മാനിച്ചു.

ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ വി.കൃഷ്ണകുമാർ വർമ,  ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.സുരേഷ് കുമാർ, അസി എക്സിക്യൂട്ടീവ് ഓഫിസർ പി.എൻ.ഗണേശ്വരൻ പോറ്റി, അയ്യപ്പ സേവാസംഘം സന്നിധാനം ക്യാംപ് ഓഫിസർ എസ്.എം.ആർ.ബാലസുബ്രഹ്മണ്യം എന്നിവർ നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com