ADVERTISEMENT

ശബരിമല ∙ തീർഥാടനം കഴിഞ്ഞു നട അടച്ചിട്ടും കാണിക്കയായി ലഭിച്ച പണം എണ്ണിത്തീർന്നില്ല. പമ്പ, സന്നിധാനം, നിലയ്ക്കൽ തുടങ്ങി എല്ലാ സ്ഥലത്തും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ദേവസ്വം ജീവനക്കാരെ കാണിക്ക എണ്ണാൻ നിയോഗിച്ചു. മൂന്ന് കേന്ദ്രങ്ങളിലായി 350 ജീവനക്കാരാണുള്ളത്. പുതിയതും പഴയതുമായ ഭണ്ഡാരത്തിനു പുറമേ  സന്നിധാനം അന്നദാന മണ്ഡപത്തിലും കാണിക്ക എണ്ണുന്ന ജോലികൾ തുടങ്ങി. നാണയങ്ങളാണ് എണ്ണിത്തീരാനുള്ളത്. മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് ഇതുവരെ 151 കോടി രൂപയാണ് ലഭിച്ചത്. കാണിക്ക എണ്ണിത്തീരുന്നതോടെ വരുമാനം ഇനിയും ഉയരും. 

നാണയം എണ്ണാൻ കഴിയാതെ  ഭണ്ഡാരത്തിൽ കൂനകൂട്ടി ഇട്ടിരിക്കുകയായിരുന്നു. അതിൽ വലിയ രണ്ട് കൂനകൾ എണ്ണി തീർന്നു. ഇനിയും ഒരു കൂന കൂടി എണ്ണാനുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തവണ കാണിക്ക ഇനത്തിലാണ് കൂടുതൽ വരുമാനം ലഭിച്ചത്. 61.25 കോടി രൂപ. അരവണ വിൽപനയിലൂടെ 59.75 കോടി രൂപ ലഭിച്ചു. അപ്പം വിറ്റുവരവിലൂടെ കിട്ടിയത് ഏഴ് കോടി രൂപയും. ബാക്കി വരുമാനം മറ്റ് ഇനങ്ങളിലാണ് കിട്ടിയത്. ഇത്തവണ 21.36 ലക്ഷം തീർഥാടകർ ദർശനം നടത്തിയതായാണ് പൊലീസിന്റെ കണക്ക്. അതിൽ മകരവിളക്ക് കാലത്ത് മാത്രം 8.11 ലക്ഷം തീർഥാടകർ  എത്തി.

പ്രഥമശുശ്രൂഷാ സൗകര്യം 

കാണിക്ക എണ്ണുന്നതിനായി 350 ജീവനക്കാർ ജോലി നോക്കുമ്പോൾ പ്രഥമശുശ്രൂഷാ സൗകര്യം പോലും ഒരുക്കാൻ ദേവസ്വം ബോർഡിനു കഴിഞ്ഞിട്ടില്ല. നട അടച്ചതോടെ സന്നിധാനം ഗവ. ആശുപത്രി പൂട്ടി ആരോഗ്യവകുപ്പ് ജീവനക്കാർ മടങ്ങി. സന്നിധാനത്തിൽ ജോലി നോക്കുന്ന ദേവസ്വം ജീവനക്കാരിൽ നല്ലൊരു ഭാഗത്തിനും പനിയാണ്. ഇവർക്ക് മരുന്ന് കിട്ടാനുള്ള സൗകര്യവും ഇല്ല. ആശുപത്രി സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് ജീവനക്കാർക്ക് ഉറപ്പ് നൽകിയതാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com