ADVERTISEMENT

റാന്നി പെരുനാട് ∙ ശരണമന്ത്രങ്ങളുടെ ഭക്തിപ്രകർഷത്തിൽ സർവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദർശിച്ച് ഭക്തസഹസ്രങ്ങൾ പുണ്യം നേടി. മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണമാണ് മടക്കയാത്രയിൽ പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ചാർത്തിയത്. പന്തളത്തേക്കുള്ള മടക്കയാത്രയിൽ ആദ്യദിനം ളാഹ വനം സത്രത്തിലായിരുന്നു വിശ്രമം. ഇന്നലെ പുലർച്ചെ അവിടെനിന്ന് പുറപ്പെട്ടു. അനുഷ്ഠാന പ്രകാരം മഠത്തുംമൂഴി സ്രാമ്പിക്കൽ ഭവനത്തിലെത്തിച്ച് പ്രത്യേക മണ്ഡപത്തിൽ ഇറക്കി.

നിറപറയും നിലവിളക്കും ഒരുക്കി നെയ്ത്തിരി നാളങ്ങൾ തെളിയിച്ച് ഭക്തർ അയ്യന്റെ ആഭരണങ്ങൾക്കു മുന്നിൽ വഴിപാടുകൾ സമർപ്പിച്ചു. തുടർന്ന് പെരുനാട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. മുത്തുക്കുടകൾ, താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരിമേളം, അമ്മൻകുടം, നാദസ്വരം എന്നിവയുടെ അകമ്പടിയോടെയായിരുന്നു വരവേൽപ്. ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം നടത്തി തിരുവാഭരണ പേടകങ്ങൾ ശ്രീകോവിലിനു മുന്നിലെ മണ്ഡപത്തിൽ ഇറക്കിവച്ചു. ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കാണ് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചത്.

തുടർന്ന് മേൽശാന്തി ജയദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ അയ്യപ്പ വിഗ്രഹത്തിൽ ആഭരണങ്ങൾ ചാർത്തി. ദീപാരാധനയ്ക്കായി നട തുറന്നപ്പോൾ ശരണാരവം മുഴങ്ങി. കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിച്ചാണ് ദർശനത്തിന് ക്രമീകരണം ഒരുക്കിയിരുന്നത്. പുലർച്ചെ 2 വരെ ഭക്തർ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദർശിച്ചു. പിന്നീട് പന്തളത്തേക്കുള്ള യാത്ര തുടർന്നു. ഇന്ന്  ആറന്മുളയിലാണ് വിശ്രമം. നാളെ രാവിലെ പന്തളത്തെത്തും. തിരുവാഭരണം ചാർത്ത് ഉത്സവത്തിന്റെ ഭാഗമായി പെരുനാട് കൂടക്കാവിലേക്കും തിരിച്ചും എഴുന്നള്ളത്ത് നടത്തി.

തിരുവാഭരണത്തിനൊപ്പമുള്ള പേടകങ്ങളിലെ കൊടിയും മറ്റും എഴുന്നള്ളിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ, തിരുവാഭരണം കമ്മിഷനർ എസ്.അജിത്കുമാർ, സ്പെഷൽ ഓഫിസർ കെ.സൈനുരാജ്, സബ് ഗ്രൂപ്പ് ഓഫിസർ ജി.അരുൺകുമാർ, റവന്യു വകുപ്പ് നോഡൽ ഓഫിസർ എം.കെ.അജിത്കുമാർ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.കെ.ബാലൻ, വൈസ് പ്രസിഡന്റ് പി.എൻ.മനോജ്, സെക്രട്ടറി എം.ആർ.അഭിലാഷ് എന്നിവർ‌ ‍ചടങ്ങുകൾക്ക് നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com