ADVERTISEMENT

കൂടൽ ∙ കൂടൽ എന്ന പേരിൽ തന്നെ ഒരു ഒത്തുകൂടൽ ഒളിഞ്ഞിരിപ്പുണ്ട്. ഇവിടെയിതാ, വ്യത്യസ്തമായ ഒരു ഒത്തുകൂടൽ.....! ഈ കൂടൽ പ്രഭാത സവാരിയിലാണെന്നു മാത്രം. കൂടൽ ആനന്ദഭവനിൽ രാജേന്ദ്രബാബുവിന് രാവിലത്തെ നടത്തം വർഷങ്ങളായുള്ള ശീലമാണ്. ഒറ്റയ്ക്കായിരുന്നു നടത്തം. എന്നാൽ, കഴിഞ്ഞ കുറെ നാളായി ബാബുവിനൊരു വഴിത്തുണയുണ്ട്; ഒരു തെരുവുനായ. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മിക്ക ദിവസവും നായ ഹാജരുണ്ടാകും.

മറ്റു ദിവസങ്ങളിൽ നടത്തത്തിനിടെ ഒപ്പംചേരും. ‘യജമാനനു’ തൊട്ടു പിന്നിലായി റോഡിന് ഓരം ചേർന്ന് കിലോമീറ്ററുകൾ അവനുണ്ടാകും. 6 മാസം മുൻപാണ് നായ രാജേന്ദ്രബാബുവിനു കൂട്ടായി എത്തിയത്. എവിടെ നിന്നു വന്നുവെന്ന് അദ്ദേഹത്തിന് ധാരണയില്ല. നായയുടെ ഇപ്പോഴത്തെ വാസസ്ഥലവും നിശ്ചയമില്ല. സംസ്ഥാന പാതയ്ക്കരികിലെ തന്റെ വീടിനു മുൻപിൽ വച്ച് അൽപം ഭക്ഷണം ഇട്ടു കൊടുത്തതുവഴി തുടങ്ങിയ ബന്ധമാണ്.

രാവിലത്തെ നടപ്പിനു ശേഷം ഇരുവരും സ്വന്തം കാര്യങ്ങളിൽ വ്യാപൃതരാകും. അടുത്ത പ്രഭാതത്തിലാണ് പിന്നീട് തമ്മിൽ കാണുക. രാത്രി ഭക്ഷണത്തിന്റെ ഒരു പങ്ക് വീട്ടുമുറ്റത്ത് പ്രത്യേക സ്ഥലത്ത് വയ്ക്കാൻ രാജേന്ദ്രബാബു മറക്കാറില്ല. രാത്രി എപ്പോഴെങ്കിലും എത്തി അതു കഴിച്ച് നായ മടങ്ങും.

പ്രഭാത നടത്തത്തിനിടെ മറ്റുള്ളവർക്ക് നായ ശല്യമാകാറില്ല. അതേസമയം, യജമാനന്റെ മേൽ തമാശയായിട്ടെങ്കിലും കൈ വയ്ക്കുന്നവർ സൂക്ഷിക്കണം. ഉണ്ണുന്ന ചോറിന് നന്ദി കാട്ടി രാജേന്ദ്രബാബുവിന് കാവലായി അവൻ ഒപ്പമുണ്ട്. ഈ ചങ്ങാത്തം കണ്ട് നായയുടെ പേരു ചോദിക്കുന്നവരോട് പേരിലെന്തിരിക്കുന്നു എന്നു പറഞ്ഞൊഴിയുകയാണ് അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com