ADVERTISEMENT

പത്തനംതിട്ട ∙ കെഎസ്ഇബിയുടെ സഹായത്തോടെ നടപ്പാക്കുന്ന പുരപ്പുറം സോളർ പദ്ധതി ജില്ലയിൽ തുടങ്ങി. മുസ്‌ലിയാർ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ 12.3 ലക്ഷം രൂപ ചെലവിൽ 30 കിലോ വാട്‌സിന്റെ നിലയമാണ് സ്ഥാപിച്ചത്. പ്രതിവർഷം 3.6 ലക്ഷം യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്കു നൽകുമെന്നാണ് പ്രതീക്ഷ. ആകെ ഉൽപാദനത്തിന്റെ 10 ശതമാനം സൗജന്യമായി പുരപ്പുറം വിട്ടുനൽകുന്ന ഉപഭോക്താവിന് നൽകുന്ന മോഡൽ ഒന്ന് നിലയമാണ് ഇവിടെ സ്ഥാപിച്ചത്.

ഗാർഹിക മേഖലയിൽ കേന്ദ്രസർക്കാരിന്റെ സബ്‌സിഡിയോടെ പുരപ്പുറം സൗരോർജ നിലയങ്ങൾ നിർമിക്കാനുള്ള 200 മെഗാവാട്ടിന്റെ രണ്ടാംഘട്ട പദ്ധതിയും ജില്ലയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്നു. ഇതുവരെ 37 പേർ പദ്ധതിയുമായി സഹകരിക്കാൻ കെഎസ്ഇബിയെ സമീപിച്ചിട്ടുണ്ട്. മൂന്ന് കിലോ വാട്സ് വരെ 40 ശതമാനം, മൂന്ന് മുതൽ മുതൽ 10 കിലോ വാട്സ് വരെ 20 ശതമാനവും സബ്സിഡി നൽകും. ഒരു കിലോ വാട്സ് പ്ലാന്റ് സ്ഥാപിക്കാൻ 100 ചതുരശ്ര അടി സ്ഥലമാണ് വേണ്ടത്.

ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും വീട്ടുകാർക്ക് ഉപയോഗിക്കാം. അധിക വൈദ്യുതി യൂണിറ്റിന് നിശ്ചിത നിരക്കിൽ കെഎസ്ഇബിക്ക് നൽകാം. പാനലുകൾക്ക് 25 വർഷ ഗാരന്റി കമ്പനി നൽകും. 5 വർഷത്തെ പരിപാലനം കെഎസ്ഇബി നടത്തും. നാലര വർഷം കൊണ്ട് മുതൽ മുടക്ക് വൈദ്യുതി ചാർജ് ഇനത്തിൽ ഉപഭോക്താവിന് തിരികെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഇതിന്റെ സ്വിച്ച് ഓൺ കർമം കെ.യു.ജനീഷ്കുമാർ എംഎൽഎ നിർവഹിച്ചു. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ കുമാരി, കെഎസ്ഇബി ഡിവിഷൻ എക്സി. എൻജിനീയർ ആർ.ബിജു രാജ്, സൗര അസി. എൻജിനീയർ ശ്രീനാഥ്, കോളജ് ഡയറക്ടർ ഹബീബ് മുഹമ്മദ്, കോളജ് പ്രിൻസിപ്പൽ ഡോ.വിൽസൻ കോശി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com