ചക്ക തേടി ആന എത്തുന്നു; കർഷകർ ആശങ്കയിൽ

കാട്ടാന നാശം വരുത്താതിരിക്കാൻ തേക്കുതോട് മൂർത്തിമൺ കോട്ടപ്പുറത്ത് ചക്ക അടർത്തിമാറ്റുന്ന കർഷകൻ. അടർത്തിയചക്കകൾ പ്ലാവിന്റെ ചുവട്ടിൽ  കൂട്ടിയിട്ടിരിക്കുന്നതും കാണാം.
കാട്ടാന നാശം വരുത്താതിരിക്കാൻ തേക്കുതോട് മൂർത്തിമൺ കോട്ടപ്പുറത്ത് ചക്ക അടർത്തിമാറ്റുന്ന കർഷകൻ. അടർത്തിയചക്കകൾ പ്ലാവിന്റെ ചുവട്ടിൽ കൂട്ടിയിട്ടിരിക്കുന്നതും കാണാം.
SHARE

തേക്കുതോട് ∙ മൂർത്തിമൺ കോട്ടപ്പുറത്തെ കൃഷിയിടങ്ങളിൽ കാട്ടാനശല്യം പതിവായതോടെ പൊറുതിമുട്ടി കർഷകർ. ചക്കയുടെ സീസണായതോടെ കാടിറങ്ങുന്ന ആനക്കൂട്ടം ദിവസവും കൃഷിയിടങ്ങളിൽ എത്തി നാശം വരുത്തുന്നു. പകൽ സമയങ്ങളിൽ പോലും കാട്ടാനയിറങ്ങുന്നതിനാൽ കൃഷിയിടങ്ങളിലേക്ക് പോകാൻ കർഷകർ ഭയക്കുന്നു.പ്ലാവ് പിഴുതുമറിച്ചും തള്ളിയിട്ടുമാണ് പലപ്പോഴും കാട്ടാന ചക്ക അടർത്തിയെടുക്കുന്നത്. ഇതോടൊപ്പം പ്ലാവിലേക്ക് പടർത്തിയിരിക്കുന്ന കുരുമുളക് കൊടിയും കാട്ടാന നശിപ്പിക്കുന്നു. ഇത്തരത്തിൽ ഒട്ടേറെ കൃഷിയിടങ്ങളിലെ കുരുമുളക് കൊടി നശിപ്പിക്കപ്പെട്ടതോടെയാണ് കർഷകർ തന്നെ പ്ലാവിൽ നിന്ന് ചക്ക അടർത്തിക്കളയാൻ തുടങ്ങിയത്. ഇതോടെ പ്ലാവും കുരുമുളക് കൊടിയും നശിപ്പിക്കാതിരിക്കുമെന്നാണ് കർഷകർ പറയുന്നത്. 

ചക്ക അടർത്തിക്കളഞ്ഞാലും കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. ചുവട്ടിൽ കൂട്ടിയിട്ടിരിക്കുന്ന ചക്ക തിന്നാണ് കാട്ടാനകൾ മടങ്ങുന്നത്.കൃഷി സംരക്ഷണത്തിനായി വർഷങ്ങൾക്ക് മുൻപ് മൂർത്തിമൺ കോട്ടപ്പുറത്ത് സ്ഥാപിച്ച് സൗരോർജവേലി നാശാവസ്ഥയിലാണ്. കമ്പികളിലേക്ക് കാട്ടുവള്ളികൾ പടർന്നും വേലിയുടെ തൂണുകൾ കാട്ടാന ചവിട്ടി നശിപ്പിച്ചും പ്രവർത്തനമില്ലാതായിട്ട് ഏറെക്കാലമായി. കാട്ടാന ശല്യം രൂക്ഷമായ മേഖലയിലെ സൗരോർജവേലി അറ്റകുറ്റപ്പണി തീർത്ത് പ്രവർത്തനക്ഷമമാക്കണമെന്ന് കർഷകർ ആവശ്യപ്പെടാറുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല. 

അടുത്തിടെ കോട്ടപ്പുറത്തെ സൗരോർജവേലിയുടെ തുടർച്ചയായി ഏഴാംതല ഭാഗത്തേക്ക് പുതുതായി സൗരോർജവേലി സ്ഥാപിച്ചതും പ്രയോജനപ്പെടുത്തുന്നില്ലെന്ന് കർഷകർ പറയുന്നു. നിലവിലുള്ള വേലിയുടെ അറ്റകുറ്റപ്പണി തീർത്തും പുതുതായി സ്ഥാപിച്ച വേലി പ്രവർത്തനസജ്ജമാക്കിയും കാട്ടുമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ ഉപയോഗപ്പെടുത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കർഷക സംഘടനകളുമായി ചേർന്ന് സമര രംഗത്തേക്ക് ഇറങ്ങാനാണ് കർഷകരുടെ തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA