ADVERTISEMENT

റിപ്പോർട്ട് : ശ്രീദേവി നമ്പ്യാർ, കെ.പി. വിനോദ് കുമാർ
ചിത്രങ്ങൾ: എൻ. രാജേഷ് ബാബു

പമ്പ, മണിമല ആറുകളുടെ സമൃദ്ധിയിൽ തിളങ്ങിനിൽക്കുന്ന ദേശമാണ് രണ്ടു ജില്ലകളുടെ സംഗമഭൂമിയായ കടപ്ര. കോലറയാറും ചെറുതോടുകളും പാടങ്ങളും ഈ ദേശത്തെ ജലസമൃദ്ധമാക്കുന്നു. അപ്പർകുട്ടനാടിന്റെ തനതു വിളകളായ കരിമ്പും നെല്ലും തെങ്ങും മറ്റുമാണ് ഈ കാർഷിക ഗ്രാമത്തിന്റെയും സമൃദ്ധി.പച്ചക്കറിക്കൃഷി, ടൂറിസം, മത്സ്യകൃഷി, ജലാശയങ്ങളുമായി ബന്ധപ്പട്ട പ്രകൃതി സൗഹൃദ സംരംഭങ്ങൾ എന്നിവയ്ക്കു സാധ്യതകൾ ഏറെയുള്ള ഭൂവിഭാഗം. കടപ്ര ഗ്രാമത്തിലൂടെ ഒരു സഞ്ചാരം...

കടപ്ര∙ ആറുകൾകൊണ്ട് അതിരെഴുതുന്ന പ്രദേശമാണു കടപ്ര. ഒരുവശത്തു പമ്പയും മറുവശത്തു മണിമലയാറും. ഒരുപാലം കൊണ്ടു വേർതിരിച്ച്(കൂട്ടിച്ചേർത്തെന്നും പറയാം) ആലപ്പുഴജില്ലയിലെ മാന്നാർ പഞ്ചായത്ത്.കടൽവെള്ളം എന്നോ ഇറങ്ങി കരയായ പ്രദേശമാണു കടപ്ര. ഇപ്പോഴും പല കാലവും വെള്ളത്തിലാണ്. പമ്പയാറും മണിമലയാറും അതിരിടുന്ന നാട്. ഇടയ്ക്ക് പമ്പയൊന്നു മാറിയൊഴുകിയപ്പോൾ മറ്റൊരു നദി വന്നു. അത് പഞ്ചായത്തിന്റെ പകുതിയോളം പ്രദേശത്തെ പരുമലയെന്ന ദ്വീപാക്കി മാറ്റി. പമ്പ വീണ്ടുമൊന്നു കരകവിഞ്ഞപ്പോൾ കടപ്രയെയും നിരണത്തെയും കുളിരിടുന്ന കോലറയാറും രൂപം കൊണ്ടു.പമ്പയും മണിമലയാറും ഇവിടെ ജലസമൃദ്ധമാണ്. ആലപ്പുഴ പട്ടണത്തിലേക്കടക്കം നിത്യവും ശുദ്ധജലമെത്തിക്കുന്നതു കടപ്രയിൽ നിന്നാണ്.ചാറ്റൽമഴയിൽപ്പോലുമുണ്ടാകുന്ന വെള്ളക്കെട്ടും തകർന്ന പാലങ്ങളുമടക്കമുള്ള പരാധീനതകളും തെരുവുനായ് ശല്യവുമൊക്കെ അപ്പോഴും ബാക്കിയാണ്.

  തിക്കപ്പുഴ നടുവിലേതോപ്പിൽ കോളനികളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ സമീപനപാത പൂർത്തീകരിക്കാത്ത നിലയിൽ.
തിക്കപ്പുഴ നടുവിലേതോപ്പിൽ കോളനികളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ സമീപനപാത പൂർത്തീകരിക്കാത്ത നിലയിൽ.

വേനലാകിലോ റോഡ്, വർഷമാകിലോ തോട്
കായംകുളം– തിരുവല്ല സംസ്ഥാനപാത,മഴയിൽ ജലപാത

കായംകുളം - തിരുവല്ല സംസ്ഥാന പാതയ‌ുടെ ഭാഗമാണെങ്കിലും ഒരു ചാറ്റൽമഴയായാലും മതി, കടപ്രയിലെത്തിയാൽ പിന്നെ സംസ്ഥാന ജലപാതയല്ലേ യെന്നാകും തോന്നൽ. പെയ്ത്തുവെള്ളം ഒരുതുള്ളിപോലും ഒഴുകിപ്പോകാതെ സംരക്ഷിക്കുന്ന രീതിയിലാണ് ഇവിടെ റോഡ്. താഴ്ന്നു കിടക്കുന്ന റോഡിൽ വെള്ളം ഒഴുകിപോകാൻ പേരിനു പോലും ഓട കാണാനില്ല.. പാതയുടെ കായംകുളം മുതൽ പരുമലക്കടവ് വരെയും തിരുവല്ല മുതൽ പൊടിയാടി വരെയും ആലപ്പുഴയുടെ ഭാഗമാണ്. ഇതുരണ്ടും ഉയർത്തി ഉന്നത നിലവാരത്തിലാക്കി.. അതോടെ കടപ്രയിലെ റോഡിന്റെ അധോഗതി പൂർണമായി. നടുകുഴിഞ്ഞ പാത്രം പോലെ വെള്ളംമുഴുവൻ ഇവിടെ സംഭരിക്കുന്നു. വെയിലുദിച്ചു വലിഞ്ഞാലല്ലാതെ വെള്ളം നീങ്ങില്ല.

 പരുമല പന്നായി പാലത്തിന്റെ വശങ്ങളിൽ കാടുമൂടിയ നിലയിൽ. ഇതുമൂലം ഇവിടെ സ്ഥാപിച്ചിട്ടുള്ള ഇടിതാങ്ങി കാണുവാൻ സാധിക്കില്ല.
പരുമല പന്നായി പാലത്തിന്റെ വശങ്ങളിൽ കാടുമൂടിയ നിലയിൽ. ഇതുമൂലം ഇവിടെ സ്ഥാപിച്ചിട്ടുള്ള ഇടിതാങ്ങി കാണുവാൻ സാധിക്കില്ല.

ഇക്കൊല്ലത്തെ സംസ്ഥാന സർക്കാരിന്റെ ശബരിമല പ്രവർത്തിയിലുൾപ്പെടുത്തി 3 കോടി രൂപ 4.6 കിലോമീറ്റർ ദൂരം ഉന്നത നിലവാരത്തിലാക്കാൻ അനുവദിച്ചിട്ടുണ്ട്. പക്ഷെ നിർമാണം തുടങ്ങിയിട്ടില്ല. എസ്എൻ ആശുപത്രിയുടെ മുൻവശം ഒരടിയെങ്കിലും റോഡ് ഉയർത്തിയാകും നിർമിക്കുക. എന്നാലും ഇവിടുത്തെ വെള്ളക്കെട്ട് ഒഴിവാകുമെന്ന കാര്യത്തിൽ അധികൃതർക്കു ഉറപ്പില്ല. കാരണം വെള്ളം ഒഴുക്കിവിടാൻ ഇതുവരെ മാർഗം കണ്ടെത്തിയിട്ടില്ല. ആലംതുരുത്തി പാലത്തിനു താഴെ കോലറയാറ്റിലേക്ക് ഒഴുക്കിവിടാനാണ് പദ്ധതി. പക്ഷെ ഇവിടെ ഉയർ‌ന്നു കിടക്കുകയാണ്. നേരത്തേ പണിത ഓടയിൽ കൂടിപോലും വെള്ളം ഒഴുകിപോകുന്നില്ല.

തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ പന്നായി പാലത്തിന്റെ വടക്കു ഭാഗം സമീപനപാതയുമായി ചേരുന്ന ഭാഗത്തെ കട്ടിങ്. ഇവിടെ രൂപപ്പെട്ട ഗർത്തവും കാണാം.
തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ പന്നായി പാലത്തിന്റെ വടക്കു ഭാഗം സമീപനപാതയുമായി ചേരുന്ന ഭാഗത്തെ കട്ടിങ്. ഇവിടെ രൂപപ്പെട്ട ഗർത്തവും കാണാം.

പാലമുണ്ട്, പാതയില്ല

സമീപനപാതപോലും നിർമിക്കാതെ പണിത പാലം തോടിനെ കഴുത്തുഞെരിച്ചു കൊല്ലുന്ന കാഴ്ച കാണമെങ്കിൽ കടപ്ര പഞ്ചായത്തിലെ തിക്കപ്പുഴയിൽ പോയാൽ മതി. പരുമല തിക്കപ്പുഴയിലെ അഞ്ച്, ആറ് വാർഡുകൾക്ക് ഉപകാരമായാണു 10വർഷം മുൻപു പാലം പണിഞ്ഞു തുടങ്ങിയത്.തിക്കപ്പുഴ തോട്ടിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ആണു നിർമാണം തുടങ്ങിയത്. തിക്കപ്പുഴയിൽ നിന്ന് നടുവിലെ തോപ്പിൽ കോളനിയിലേക്കുും തൊട്ടടുത്ത രണ്ട് ലക്ഷംവീട് കോളനികളിലേക്കും ഉള്ള പാലമായാണു വിഭാവനം ചെയ്തത്. ഇപ്പോൾ ഈ പ്രദേശത്തെ വെള്ളപ്പൊക്കത്തിൽ മുക്കികൊല്ലുന്നതിനു മാത്രമാണ് ഉപകരിക്കുന്നത്. സമീപന പാത പണിയാത്തതു കാരണം പാലത്തിൽക്കയറാൻ ഏണി വേറെ കരുതണം.. ചുറ്റും കാടും വളർന്നു. അതുകൊണ്ട് നാട്ടുകാരും നാട്ടിലെ യുവാക്കളും പണിയെടുത്തു തൊട്ടടുത്തു നടപ്പാലമുണ്ടാക്കി.

കടപ്ര പഞ്ചായത്തിന്റെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി നിർമിച്ച 2 കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നു.
കടപ്ര പഞ്ചായത്തിന്റെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി നിർമിച്ച 2 കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നു.

12 അടിയോളം വീതിയുള്ള തോട്ടിൽ പാലത്തിന്റെ അടിത്തട്ടിലെ വീതി രണ്ടടി മാത്രം. വീടുകളിലേക്കു കയറാൻ പടി കെട്ടുന്ന പോലെ പാലത്തിന്റെ അടിത്തട്ടിൽ തോട്ടിൽ പിന്നെയും മൂന്നു പടികളുണ്ട്. എന്നിട്ടും ആകെ വീതി നാലടി മാത്രം. പാലത്തിന്റെ ഒരുവശം തോടിന്റെ പകുതിയും കവർന്നെടുത്തു. മറുവശം തോടിന്റെ വശത്തു നിന്നു രണ്ടടി അകത്തേക്കു കയറ്റിയും.മഴക്കാലത്ത് തോട് പാലത്തിനു പുറത്തുകൂടി ഒഴുകി ഇവിടം മുഴുവൻ മുക്കും. തോട്ടിലെ മാലിന്യങ്ങൾ വീട്ടുമുറ്റത്തേക്കും വീട്ടിനകത്തേക്കുമെത്തും.

 പ്രാഥമിക ആരോഗ്യകേന്ദ്രത്തിനായി നിർമിച്ച കെട്ടിടത്തിന്റെ ഭിത്തിയിൽ വിള്ളൽ രൂപപ്പെട്ട നിലയിൽ.
പ്രാഥമിക ആരോഗ്യകേന്ദ്രത്തിനായി നിർമിച്ച കെട്ടിടത്തിന്റെ ഭിത്തിയിൽ വിള്ളൽ രൂപപ്പെട്ട നിലയിൽ.

എന്നാൽ പാലം പണി പൂർത്തിയാക്കിയെന്നറിയിച്ച് അനുവദിച്ച 10 ലക്ഷം രൂപയും വാങ്ങി കരാറുകാരൻ സ്ഥലം വിട്ടു. ഉദ്യോഗസ്ഥരാരും ഇതുവരെ ഇവിടെ വന്നു നോക്കിയിട്ടില്ല.ഇപ്പോൾ നാട്ടുകാർ ഒരു ചെറിയ നടപ്പാലം ഉണ്ടാക്കി അതിൽകൂടിയാണ് നടന്നുപോകുന്നത്. വാഹനങ്ങളൊന്നും ഇതിൽകൂടി പോകുകയില്ല. പാലം പൂർത്തിയാകാത്തതുകാരണം ഇവിടുത്തുകാർക്ക് ഇപ്പോൾ 3 കിലോമീറ്റർ‌ ചുറ്റിക്കറങ്ങി വേണം പോകാൻ. ശീലമായതോടെ എങ്ങനെയും പോകാമെന്നായി ഇവർക്കിപ്പോൾ . പക്ഷേ മഴക്കാലത്ത് നാട്ടിലെ മുഴുവൻമാലിന്യവും വീട്ടിലെത്താൻമാത്രം എന്തുകുറ്റമാണ് ഞങ്ങൾ ചെയ്തതെന്ന് ഇവിടത്തുകാർ ചോദിക്കുന്നു.....

പുളിക്കീഴ് ഗവ. വെറ്ററിനറി ആശുപത്രിയിൽ തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിനായി നേരത്തെ ഒരുക്കിയിരുന്ന സജ്‌ജീകരണങ്ങൾ പദ്ധതി നിർത്തിയതോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ
പുളിക്കീഴ് ഗവ. വെറ്ററിനറി ആശുപത്രിയിൽ തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിനായി നേരത്തെ ഒരുക്കിയിരുന്ന സജ്‌ജീകരണങ്ങൾ പദ്ധതി നിർത്തിയതോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ

നന്നായി വീഴാൻ പന്നായി പാലം

ജില്ലയിലേക്കും കടപ്രയിലേക്കുമുള്ള വഴി തുടങ്ങുന്നത് പന്നായി പാലത്തിലൂടെയാണ്. അക്കരെ ആലപ്പുഴ. ഇക്കരെ പത്തനംതിട്ട. ഉന്നത നിലവാരത്തിൽ നിർമിച്ച ആലപ്പുഴ ജില്ലയിലൂടെ കടന്നുവരുമ്പോൾ ചാടുന്ന ആദ്യത്തെ കുഴി എന്ന ‘ഖ്യാതി’ഇവിടെ ജില്ലയ്ക്കുണ്ട്.. പരിചയമില്ലാത്തവരാണെങ്കിൽ കുഴിയിലേക്കു ചാടുന്നത് അപകടത്തിനും വഴിവയ്ക്കും. സ്ഥിരം യാത്രക്കാർക്ക് നിയന്ത്രിച്ചു കുഴിയിലിറങ്ങിക്കയറുതന്നതു ശീലമായി.തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയിൽ ആലപ്പുഴ ജില്ലയുടെ ഭാഗം ഉന്നത നിലവാരത്തിലും പത്തനംതിട്ട ജില്ലയുടെ ഭാഗം അധോഗതിയിലുമാണ്..

   തിരുവല്ല– കായംകുളം റോഡിൽ കടപ്ര എസ്എൻ ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ട്.
തിരുവല്ല– കായംകുളം റോഡിൽ കടപ്ര എസ്എൻ ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ട്.

പാലത്തിനിരുവശവും വളർന്നു നിൽക്കുന്ന കാടുകൾ റോഡിന്റെ വീതികൂടി കവരുന്നുണ്ട്. റോഡിന്റെ സംരക്ഷണത്തിനു വച്ച ഇടിതാങ്ങിപോലും ഒരു മീറ്ററോളം കാടിനുള്ളിലാണ്. ഇങ്ങനെയൊന്നുണ്ടെന്നു കാണണമെങ്കിൽത്തന്നെ കാടുംപടലും വകഞ്ഞുമാറ്റണം. പാലത്തിലൂടെ രണ്ടുവരി വാഹനം പോകാൻതന്നെ കഷ്ടിയാണു സ്ഥലം.പാലത്തിനിരുവശവും റോഡും പാലവും ചേരുന്ന ഭാഗം റോഡ് കുഴിയായി കിടക്കുകയാണ്. ഒരടിയോളം ഇവിടം റോഡ് താഴ്ന്നിട്ടുണ്ട്. വാഹനങ്ങൾ നിർത്തി കുഴിയിലിറങ്ങി കയറി വേണം പോകാൻ. ഇതു പലപ്പോഴും പാലത്തിലും റോഡിലും വാഹനങ്ങളുടെ നീണ്ട നിരയുണ്ടാക്കാറുണ്ട്. പരുമലക്കടവിൽ ഗതാഗതകുരുക്കും പതിവുകാഴ്ചയാണ്.

എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതെ കടപ്ര പിഎച്ച്സി

മറ്റെവിടെയുമില്ലാത്ത ഒരു പ്രത്യേകതയാണു കടപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ളത്.കടപ്ര പ്രാഥമികാരോഗ്യകേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നത് പരുമല തിക്കപ്പുഴയിൽ സ്വകാര്യവ്യക്തിയുടെ െകട്ടിടത്തിലാണ്. വാടക പതിനായിരത്തോളം രൂപ. ഇതിലെന്താ പുതുമയെന്നാണോ?എന്നാൽ കേട്ടോളൂ, സ്വന്തം പേരിൽ രണ്ടുകെട്ടിടങ്ങളുണ്ടായിരിക്കെയാണ് ആശുപത്രി വാടകക്കെട്ടിടത്തിൽ തിങ്ങി ഞെരുങ്ങുന്നത്. കെട്ടിടങ്ങൾക്കായി വിവിധ ഘട്ടങ്ങളിലായി ചെലവാക്കിയത് 88ലക്ഷത്തോളം രൂപ.

20വർഷത്തോളം മുൻപാണു പാലച്ചുവട്ടിൽ പിഎച്ച്സിക്കായി സ്ഥലം കണ്ടെത്തുന്നത്. പാടം നികത്തിയാണു കെട്ടിടം പണിതത്. ഇവിടെ പൈലിങ് നടത്തി പില്ലറുയർത്തിയായരുന്നു നിർമാണം. കൂടുതൽ മുറികൾ ചേർത്തതോടെ ഇത് ഇടിയാൻതുടങ്ങി. കെട്ടിടം ബലക്ഷയംകാരണം താഴേക്ക് ഇരുത്തിത്തുടങ്ങി. ചുവരുകൾ വിണ്ടുകീറി അടിത്തറയ്ക്കുതൊട്ടുമുകളിൽ വലിയ വിള്ളൽകൂടിയായതോടെ പുതിയ കെട്ടിടത്തിനുള്ള ആവശ്യമുയർന്നു. അങ്ങനെ തൊട്ടടുത്ത് അതേ പാടത്തിൽത്തന്നെ പുതിയ കെട്ടിടവും ഉയർത്തി. ഇത് 10വർഷത്തോളം വെറുതേയിട്ടു. പിന്നീട് ആശുപത്രി അങ്ങോട്ടുമാറ്റി. കെട്ടിടത്തിനു സ്വൽപം ചരിവുണ്ടെന്നേയുള്ളൂ. വിള്ളലൊന്നും ഇതുവരെ വീണിട്ടില്ല. പിന്നെ മഴക്കാലത്ത് അരയോളം വെള്ളം കയറും. അത് ആശുപത്രിയൽ മാത്രമല്ല, സമീപത്തെ വീടുകളിലുമെത്തും.

ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റും കെട്ടിടനമ്പരുമൊന്നും ലഭിച്ചിട്ടില്ലെങ്കിലും 2020 ഒക്ടോബർ 30ന് കെട്ടിടം ഉദ്ഘാടനം ചെയ്തുവെന്നു തൊട്ടുമുന്നിലുള്ള ശിലാഫലകം പറയുന്നുണ്ട്. കെട്ടിടത്തിൽ പിഎച്ച്സി പ്രവർത്തിച്ചത് കുറച്ചുനാൾമാത്രമാണ്. കോവിഡ്കാലത്തു വാക്സിനേഷൻ െസന്ററായി. ഇപ്പോൾ തിക്കപ്പുഴയിലെ സ്വകാര്യകെട്ടിടത്തിലാണ് പ്രവർത്തനം. സർക്കാരിന്റെ പട്ടികയിലുണ്ടെങ്കിലും സ്ഥലപരിമിതി കാരണം കുടുംബാരോഗ്യകേന്ദ്രമായി ഇതുവരെ ഉയർത്താനായിട്ടില്ല. സുസജ്ജമായ ലാബിനുവേണ്ടി ആധുനിക ഉപകരണങ്ങളടക്കംവന്നത് രണ്ടുവർഷത്തോളം വെറുതേയിരുന്നു.

പിന്നീട് ഇതു മറ്റൊരു പിഎച്ച്സിക്കു കൈമാറി. ഇസിജി യന്ത്രമുണ്ടെങ്കിലും ഇതു സജ്ജീകരിക്കാനുള്ള കൃത്യമായ സ്ഥലസൗകര്യമില്ല. നിലവിലെ കെട്ടിടത്തിനു സമീപത്തെ തൊഴുത്ത് കെട്ടിടമുടമ നവീകരിച്ചു നൽകിയതിൽ പഞ്ചായത്ത് അധികൃതർ കൂടി സഹായിച്ചാണു പുതുതായി വാക്സിനേഷൻ കേന്ദ്രം ഇവിടെ ഒരുക്കിയത്. മെഡിക്കൽ ഓഫിസർ അടക്കം 18 പേരാണു കൊച്ചുകെട്ടിടത്തിന്റെ ഇട്ടാവട്ടത്തിൽ െഞരുങ്ങിക്കഴിയുന്നത്. ഈ അസൗകര്യത്തിലും മാസം കുറഞ്ഞതു രണ്ടായിരം പേർ ചികിത്സ തേടിയെത്തുന്നുണ്ട്.

തുടൽ പൊട്ടിച്ച ഭീഷണിക്ക് കയറിട്ട കടപ്ര
തെരുവുനായ് നിയന്ത്രണം:ഉത്തരവുകാത്ത് പ്രധാനകേന്ദ്രം

ജില്ലയിലെതന്നെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണു തെരുവുനായ്ക്കൾ. ജില്ലയുടെ മിക്കഭാഗത്തും ഗ്രാമപ്രദേശങ്ങളിലടക്കം തെരുവുനായ്ക്കൂട്ടങ്ങൾ സ്വൈര്യവിഹാരം നടത്തുകയാണ്. തെരുവുനായ് നിയന്ത്രണത്തിനായി നടപ്പാക്കിയ പദ്ധതികളിലൊന്നായിരുന്നു എബിസി (അനിമൽ ബർത്ത് കൺട്രോൺ). തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു തിരികെവിടുന്നതായിരുന്നു ഇത്. കുടുംബശ്രീ പ്രവർത്തകർക്കായിരുന്നു ഇതിന്റെ ചുമതല. എന്നാൽ 2021 ഡിസംബറിൽ ൈഹക്കോടതി ഉത്തരവിനെത്തുടർന്നു മൃഗസംരക്ഷണ വകുപ്പ് ഇതു വിലക്കി. പിന്നീടിതുവരെ നടപടികളൊന്നുമായിട്ടില്ല.

ജില്ലയിൽ ഇതിന്റെ കേന്ദ്രമായിരുന്നതു പുളിക്കീഴിലെ സർക്കാർ വെറ്ററിനറി ആശുപത്രിയായിരുന്നു. അതിർത്തിമേഖലയിൽനിന്നുപോലും നായ്ക്കളെ ഇവിടെയെത്തിച്ചായിരുന്നു വന്ധ്യംകരിച്ചിരുന്നത്. 2021 ഡിസംബറിലാണ് ഇവിടെ അവസാനമായി വന്ധ്യംകരണ ശസ്ത്രക്രിയ നടപ്പാക്കിയത്. 2020 മാർച്ച് മുതൽ2021 ഡിസംബർ വരെ വന്ധ്യംകരിച്ചത് 2800 തെരുവുനായ്ക്കളെ. പുതിയ നിർദേശങ്ങളും പദ്ധതിയൊരുക്കങ്ങളും ഇഴയുമ്പോൾ തെരുവുനായ് ആക്രമണത്തിനിരയായി ഇവിടെയെത്തുന്ന മറ്റു വളർത്തുമൃഗങ്ങളുടെയും വിവിധ ആശുപത്രിയിലെത്തുന്ന ആളുകളുടെയും എണ്ണം കൂടിവരികയാണ്.

ആധുനിക നിലവാരത്തിൽ എഫ്എച്ച്സി; തകർന്ന് റോഡ്

ഗവ. കുടുംബാരോഗ്യ കേന്ദ്രം ആധുനിക നിലവാരത്തിലായെങ്കിലും അവിടേക്കുള്ള വഴി ഇപ്പോഴും ഒരു നൂറ്റാണ്ടു പുറകിലാണ്. ഗ്രാമത്തിലെ പഴയ മൺവഴികളെ ഓർമിപ്പിക്കുന്നത്. 2 വർഷം മുൻപാണ് 1.6 കോടി രൂപ മുടക്കി പുതിയ കെട്ടിടം നിർമിച്ച് പ്രവർത്തനം തുടങ്ങിയത്. എന്നിട്ടും 50 മീറ്റർ ദൂരം പോലുമില്ലാത്ത റോഡ് ഇന്നും മൺവഴിയും മഴക്കാലത്ത് ചെളിയിടവുമായി അവശേഷിക്കുകയാണ്. മഴക്കാലത്ത് ഇതുവഴി പോകുന്നവർ ചെളിയിൽ തെന്നിവീഴാനുള്ള സാധ്യതയും ഏറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com