ADVERTISEMENT

തലങ്ങും വിലങ്ങും വളരുന്ന കാർഷിക വിളകളാണ് തട്ടയുടെ സൗന്ദര്യം. ചരിത്രം ചാലിച്ചു നൽകിയ കാർഷിക ഗ്രാമമെന്ന പേര് തട്ടയ്ക്ക് ചന്തം ചാർത്തുന്നു. ആധുനികതയിൽ അലിഞ്ഞുപോകാൻ സമ്മതിക്കാതെ നാട്ടുകാർ ഇവിടെ കൃഷിയിടങ്ങളെ ഇന്നും സജീവമാക്കുന്നു. പണ്ടത്തെയത്രയില്ലെങ്കിലും കൃഷി തന്നെയാണ് ഇവിടെ മുഖ്യം.

ആനന്ദപ്പള്ളി – കൈപ്പട്ടൂർ റോഡിനിരുവശവും നിരനിരയായുള്ള നാടൻ പച്ചക്കറിക്കടകൾ അതിനു തെളിവ്. പയറും പടവലവും പാവയ്ക്കയും ചേനയും ചേമ്പുമെല്ലാം നാടൻചിരിയുമായി നിരന്നിരിക്കുന്നത് പച്ചപ്പു പകരുന്ന കാഴ്ചയാണ്. കാലം മായ്ച്ച പല കാഴ്ചകളും ഇന്നും പന്തളം തെക്കേക്കര പഞ്ചായത്തിലുള്ള ഈ ഗ്രാമത്തിൽ കാണാനാകും.

 തട്ട ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ചുമടുതാങ്ങി.
തട്ട ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ചുമടുതാങ്ങി.

ചരിത്രത്തിന്റെ ചുമടുതാങ്ങി

  തട്ടയിലെ ഒന്നാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഓഫിസ് മന്ദിരം.
തട്ടയിലെ ഒന്നാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഓഫിസ് മന്ദിരം.

തലച്ചുമടേന്തി മൈലുകൾ യാത്ര ചെയ്യുന്നവർക്ക് നടുനിവർത്താൻ പാതയോരങ്ങളിൽ ഒരുക്കിയിരുന്ന ചുമടുതാങ്ങികൾ ഇന്ന് ഓർമയാണ്. എന്നാൽ അത്തരത്തിലൊന്ന് ഇന്നുമുണ്ട് ഇവിടെ. തട്ട ഒരിപ്പുറത്ത് ഭവഗതി ക്ഷേത്രത്തിനു സമീപമാണ് ചുമടുതാങ്ങി സംരക്ഷിച്ചിരിക്കുന്നത്. തൂണായി രണ്ട് കല്ലുകൾ, അതിനു മുകളിൽ നീളത്തിൽ വെട്ടിയെടുത്ത മറ്റൊരു കല്ലു കൂടി വച്ചാൽ ചുമടുതാങ്ങിയായി. തലച്ചുമടായി കൊണ്ടുവരുന്ന സാധനങ്ങൾ പരസഹായമില്ലാതെ ഇറക്കിവയ്ക്കാനും തരികെ തലയിലേറ്റാനും ചുമടുതാങ്ങികൾ ഉപകരിച്ചിരുന്നു.

കൃഷി സംബന്ധമായ യാത്രകൾ പതിവായിരുന്ന ഇവിടെ കാർഷിക വിളകൾ തലച്ചുമടായാണ് കൂടുതലും കൊണ്ടുപോയിരുന്നത്. കൃഷിക്കാർക്കും വ്യാപാരികൾക്കും ക്ഷീണം തീർക്കാൻ ചുമടുതാങ്ങികളായിരുന്നു ആശ്രയം. 

കഥപറയും കളിത്തട്ട്

ആനന്ദപ്പളി – കൈപ്പട്ടൂർ പാതയോരത്ത് വരട്ടുചിറയിലുള്ള കളിത്തട്ടിനു കാഴ്ചയ്ക്കപ്പുറം നീളുന്ന കഥകൾ പറയാനുണ്ട്. തടിയിൽ കെട്ടിയുയർത്തി, തടികൊണ്ടു തന്നെ തറ തീർത്ത ഒറ്റക്കൂരകൾ. തട്ടിൽ ചതുരംഗപ്പലകയും സമീപം കുളങ്ങളുമുണ്ടായിരുന്നു. ചുമടുതാങ്ങികളെപ്പോലെ തന്നെ യാത്രക്കാരുടെ ക്ഷീണമകറ്റുക തന്നെയായിരുന്നു ഇവയുടെ ലക്ഷ്യം. 

ചുമടുതാങ്ങികൾ ഭാരമിറക്കിവയ്ക്കാനുള്ളതു മാത്രമായിരുന്നെങ്കിൽ, ക്ഷീണിച്ചെത്തുവർക്ക് ഒന്നു കുളിച്ച്, അൽപം കളിച്ച്, സംഭാരം കുടിച്ച് ഉള്ളുതണുപ്പിച്ചു യാത്ര തുടരാമെന്നതായിരുന്നു കളിത്തട്ടുകളുടെ പ്രത്യേകതയെന്ന് നാട്ടുകാരനും കൃഷ്ണ ഫ്യൂവൽസ് ഉടമയുമായ സി.കെ.രവിശങ്കർ പറയുന്നു. തലയിലെ ചുമടിറക്കിവയ്ക്കുന്നതോടൊപ്പം സഹജീവികളുമായും ഇതിലിരുന്ന് പ്രാരാബ്ധങ്ങളും വിശേഷങ്ങളുമൊക്കെ പറയുകയും യാത്രയ്ക്കിടയിൽ കയ്യിൽ കരുതിയിരുന്ന ഭക്ഷണം പങ്കുവയ്ക്കുകയും ചെയ്തിരുന്ന ഇടം.

സമീപത്തെ കുടംബങ്ങൾക്കായിരുന്നത്രെ സംഭാര വിതരണത്തിന്റെ ചുമതല. ഒരിപ്പുറം ക്ഷേത്ര പരിസരത്തും ഇത്തരത്തിൽ 2 കളിത്തട്ടുകൾ പരിപാലിച്ചുപോരുന്നു.

ഒന്നാം കരയോഗം

നായർ സർവീസ് സൊസൈറ്റിയുടെ (എൻഎസ്എസ്) ആദ്യ രണ്ടു കരയോഗങ്ങളും രൂപം കൊണ്ടതും തട്ടയുടെ മണ്ണിലാണ്. 1928 ഡിസംബർ 15ന് അതിനുള്ള ഭാഗ്യമുണ്ടായത് ഇടയിരേത്ത് തറവാടിനായിരുന്നു. ഇടയിരേത്ത് ചരുവീട്ടിൽ തെക്കേതിൽ ഗോവിന്ദപിള്ളയും എൻഎസ്എസ് ജനറൽ സെക്രട്ടറി മന്നത്തുപത്മനാഭന്റെ സന്തത സഹചാരിയുമായ വാഗ്മി വേലുക്കുട്ടി മേനോനും മദ്രാസിൽ സഹപാഠികളായിരുന്നു. അങ്ങനെയാണ് തട്ടയിൽ കരയോഗം ആരഭിക്കുന്നതിനെക്കുറിച്ച് ചർച്ചയുണ്ടായതെന്ന് പറയുന്നു. 

തുടർന്ന് ഒരിപ്പുറം ക്ഷേത്രത്തിലും ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടു. ആദ്യ കരയോഗം പ്രഖ്യാപനത്തിന് മന്നത്തു പത്മനാഭനൊപ്പം വേലുക്കുട്ടി മേനോനുമെത്തിയിരുന്നു. അന്നുതന്നെ രണ്ടാം നമ്പർ കരയോഗം കല്ലുഴത്തിൽ തറവാട്ടിലും രൂപീകൃതമായി. ഒന്നാം കരയോഗത്തിന്റെ ഓഫിസ് ഇന്നും തട്ടയിൽ തലയുയർത്തി നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com