ADVERTISEMENT

പെരിങ്ങര ∙ ഒരാഴ്ച മുൻപ് കൊയ്ത നെല്ല് കാവുംഭാഗം-ഇടിഞ്ഞില്ലം റോഡുവശത്ത് കൂട്ടിയിട്ടിരിക്കുകയാണ് കർഷകർ. നെല്ല് സംഭരിക്കേണ്ട മില്ലുകാർ എത്തുകയോ നെല്ല് കൊണ്ടുപോകുകയോ ചെയ്തില്ല. 4 ദിവസമായി തുടർന്ന കനത്ത മഴയിൽ നെല്ല് നനയാതെ സൂക്ഷിക്കുക മാത്രമല്ല വെള്ളത്തിൽ ഒഴുകിപ്പോകാതെ നോക്കേണ്ട ഗതികേടിലുമാണ് കർഷകർ.കൈപ്പാല കിഴക്ക് പാടശേഖരത്തിലെ കർഷകർക്കാണ് ഈ ഗതി. 35 ഏക്കർ വരുന്ന പാടശേഖരത്തിൽ 6 ഏക്കറിലെ നെല്ല് ഇനിയും കൊയ്യാനുണ്ട്. പാടത്ത് വെള്ളം കയറിയതോടെ കൊയ്ത്തുയന്ത്രം ഇറക്കുവാൻ കഴിയാത്തതാണ് കാരണം. 

ബാക്കി 29 ഏക്കറിലെ നെല്ല് മുഴുവൻ കൊയ്തെടുക്കുവാൻ കഴിഞ്ഞെങ്കിലും മില്ലുകാർ കൊണ്ടുപോയെങ്കിൽ മാത്രമേ കർഷകന് അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.നെല്ല് കൊയ്യുന്നതിന് മുൻപുതന്നെ സപ്ലൈകോയിൽ കർഷകർ റജിസ്റ്റർ െചയ്യുകയും കൊയ്യുന്ന ദിവസം അറിയിക്കുകയും ചെയ്തതാണ്. സപ്ലൈകോ അനുമതി കൊടുക്കുന്ന സ്വകാര്യ മില്ലുകാരാണ് നെല്ല് കൊണ്ടുപോകേണ്ടത്. പക്ഷേ, കൊയ്ത് ഇത്രയും ദിവസമായിട്ടും മില്ലുകാർ ആരും എത്തിയില്ല. പാടി ഓഫിസറുമായി ബന്ധപ്പെട്ടപ്പോൾ ഉടനെ അയയ്ക്കാമെന്ന മറുപടി മാത്രമാണ് നൽകുന്നത്. റോഡുവശത്ത് ടാർപോളിൻ വിരിച്ചിട്ട് അതിൽ നെല്ല് ഇട്ടിട്ട് പുറമേ രണ്ടോ മൂന്നോ ടാർപോളിൻകൊണ്ടു മൂടിയാണിട്ടിരിക്കുന്നത്. ഇപ്പോഴത്തെ കാലാവസ്ഥയിൽ ഇത് സുരക്ഷിതമല്ല. സുരക്ഷിതമായി നെല്ല് സൂക്ഷിക്കാൻ കർഷകർക്ക് മറ്റ് സംവിധാനവുമില്ല.

തോടുകവി‍ഞ്ഞ്  പാടത്തേക്ക്; 20 ഏക്കർ നെല്ല് വെള്ളത്തിൽ

തോടുകവി‍ഞ്ഞ് ഒഴുകിയ വെള്ളം പാടത്തുകയറി 20 ഏക്കറിലെ നെല്ല് വെള്ളത്തിലായി. കോടങ്കരി പാടശേഖരത്തിലെ ഊത്തേരി പാടത്തിലാണ് കഴിഞ്ഞ 4 ദിവസമായി പെയ്യുന്ന മഴയിൽ വെള്ളം കയറിയത്. ആറ്റുമാലിപടി തോടാണ് പാടത്തോടുചേർന്ന് ഒഴുകുന്നത്. പാടത്തിനും തോടിനും നടുവിലുള്ള ബണ്ടിന് ഉയരം കുറവാണ്. ഈ ബണ്ട് കവിഞ്ഞാണ് വെള്ളം പാടത്തേക്ക് കയറിയത്. 13ന് കൊയ്ത്ത് നടത്തുവാൻ തീരുമാനിച്ച് യന്ത്രവും ഏർപ്പാട് ചെയ്തതാണ്. യന്ത്രം എത്തിയെങ്കിലും വെള്ളം നിറഞ്ഞ പാടത്ത് ഇറങ്ങിയാൽ താഴ്ന്നു പോകുമെന്നതിനാൽ തിരികെപ്പോയി. 8 കർഷകരാണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. മോട്ടർ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുവാൻ ശ്രമിച്ചെങ്കിലും തോട്ടിലെ ജലനിരപ്പ് ഉയർന്നു കിടക്കുന്നതിനാൽ പമ്പിങ് നടത്തിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com