ADVERTISEMENT

കുന്നന്താനം ∙ അങ്ങനെയങ്ങ് ഉണക്കിക്കളയാവുന്ന വെറുമൊരു മരമായിരുന്നില്ല, പാലയ്ക്കാത്തകിടിക്കാർക്ക് കവലയിലെ ആ മഴമരം. മരം ഉണക്കാൻ ആരോ ചെയ്ത ദ്രോഹത്തിനു നാട്ടുകാർ ഒരുമിച്ചു മറുപടി നൽകി, മരത്തിനുള്ള ചികിത്സയിലൂടെ. കുന്നന്താനം പഞ്ചായത്തിലെ പാലയ്ക്കാത്തകിടി കവലയിൽ ഒരു നൂറ്റാണ്ടിലേറെയായി തണൽവിരിച്ചു നിന്നിരുന്ന കരിംതകര ഇനത്തിൽപ്പെട്ട വൃക്ഷത്തിനാണു പരിസ്ഥിതി പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആയുർവേദ ചികിത്സ നടത്തിയത്

ഈ മാസം നാലിനാണു മരം നശിപ്പിക്കാനുള്ള ശ്രമം നാട്ടുകാർ കണ്ടെത്തിയത്. 5 സെന്റിലേറെ വിസ്തൃതിയിൽ തണൽ നൽകിയിരുന്ന മരമാണിത്. സാധാരണയിൽ കവിഞ്ഞും മരത്തിലെ ഇലകൾ പൊഴിഞ്ഞതിനെ തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ മരച്ചുവട്ടിൽ രാസവസ്തു ഒഴി‍ച്ച് ഉണക്കുന്നതിനുള്ള ശ്രമം കണ്ടെത്തുകയായിരുന്നു. 7 സെന്റിമീറ്റർ ആഴത്തിലുള്ള 23 ദ്വാരങ്ങളുണ്ടാക്കി ഇതിനുള്ളിൽ ലോഹലായനി ഒഴിച്ച നിലയിലായിരുന്നു. 

ജനകീയ കൂട്ടായ്മ രൂപീകരിച്ചാണ് വൃക്ഷത്തിന് ആയുർവേദ ചികിത്സ ഒരുക്കിയത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ 126 മരങ്ങൾക്കു ചികിത്സ നൽകി നിലനിർത്തിയ വൃക്ഷവൈദ്യന്മാരും അധ്യാപകരുമായ കെ. ബിനു വാഴൂർ, ഗോപകുമാർ കങ്ങഴ, നിധിൻ കൂരോപ്പട, വിജയകുമാർ ഇത്തിത്താനം എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 10ന് തുടങ്ങിയ ചികിത്സ 4 മണിക്കൂറിലധികം നീണ്ടു.

പാടത്തെ ചെളിമണ്ണ്, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ് അരിച്ചെടുത്തത്, ചിതൽപ്പുറ്റ് അരിച്ചെടുത്തത്, പശുവിന്റെ പച്ചച്ചാണകം, നാടൻ പശുവിൻ പാൽ, അരിപ്പൊടി, നാടൻ പശുവിന്റെ നെയ്യ്, കറുത്ത എള്ള്, കദളിപ്പഴം, ചെറുതേൻ, ചെറുപയർ പൊടി (ഭസ്മം പോലെ പൊടിച്ചത്), ഉഴുന്ന് തൊണ്ടോടു കൂടിയുള്ള പൊടി (ഭസ്മം പോലെ പൊടിച്ചത്), മുത്തങ്ങ ഉണക്കി പൊടിച്ചത് (ഭസ്മം പോലെ പൊടിച്ചത്), ഇരട്ടിമധുരം പൊടിച്ചത്, രാമച്ചം (ഭസ്മം പോലെ പൊടിച്ചത്) എന്നിവ ചേർത്താണ് ഔഷധക്കൂട്ട്. ഇത് കരിംതകരയിൽ ഒരാൾ പൊക്കത്തിൽ തേച്ച് പിടിപ്പിച്ചു. കോട്ടൺ തുണി ഉപയോഗിച്ചു കെട്ടിപ്പൊതിഞ്ഞു. 6 മാസത്തോളം ഇതു മരത്തി‍ൽ ഉറപ്പിച്ചു നിർത്താൻ ഒരു കിലോ ചണനൂൽ ഉപയോഗിച്ച് മരത്തടിയിൽ കെട്ടിവച്ചു.

ആയുർവേദ ഔഷധങ്ങളും കൂട്ടുകളുമെല്ലാം നാട്ടുകാരുടെ സഹകരണത്തിലാണ് ലഭ്യമായത്. വൃക്ഷചികിത്സകരും സൗജന്യമായാണു സേവനം ചെയ്തത്. 

പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതിയംഗവും ജനകീയ സമിതി കോ-ഓർഡിനേറ്ററുമായ എസ്.വി. സുബിൻ വൃക്ഷചികിത്സാ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു. പി.ടി. സുഭാഷ്, രാജി സനുകുമാർ, കെ.ജെ. ജോതി, പി.വി. സലി, ബാലു പാലയ്ക്കൽത്തകിടി, രഞ്ജിനി അജിത്, രജനി ഷിബുരാജ്, സോജു ചിറ്റേടത്ത്, വി. ജ്യോതിഷ് ബാബു, സുബിൻകുമാർ, ധനേഷ്കുമാർ, അനന്തു വള്ളിക്കാട്, പൊന്നപ്പൻ ആലുംമൂട്ടിൽ, രാജപ്പൻ ആലുംമൂട്ടിൽ, ജയൻ അമ്മൂസ്, സനുകുമാർ, സനീഷ്, വി. അമ്പിളി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com