ADVERTISEMENT

കീക്കൊഴൂർ ∙ പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) കനാലിൽ കുടുങ്ങി വയലത്തലക്കാരുടെ യാത്രാമാർഗം അടഞ്ഞു. റോഡുണ്ടായിട്ടും ബസ് സർവീസുകളില്ലാത്തതുമൂലം കിലോമീറ്ററുകൾ ചുറ്റേണ്ട സ്ഥിതിയാണ്. ചാക്കപ്പാലം–കുട്ടത്തോട് റോഡിനു കുറുകെ പിഐപി കനാൽ നിർമിച്ചതാണ് നാടിനും നാട്ടുകാർക്കും വിനയായത്.  ചാക്കപ്പാലം ജംക്‌ഷനിൽനിന്ന് അരക്കിലോമീറ്ററോളം അകലെ കനാൽ നിർമിക്കും മുൻപുവരെ കുട്ടത്തോട് റോഡിലൂടെ വലിയ വാഹനങ്ങൾക്കും കടന്നു പോകാമായിരുന്നു. കനാൽ നിർമിച്ചപ്പോൾ വലിയ വാഹനങ്ങൾക്കുകൂടി പ്രയോജനപ്പെടുന്ന പാലം നിർമിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടിരുന്നു. 

ഇതിനുള്ള എസ്റ്റിമേറ്റും തയാറാക്കിയതാണ്. പിഡബ്ല്യുഡി ഫണ്ട് അനുവദിക്കാത്തതു മൂലം വലിയപാലത്തിന്റെ നിർമാണം നടന്നില്ല. നീർപ്പാലത്തോടു ചേർന്ന് പിഐപി നിർമിച്ചതാകട്ടെ ചെറിയ വാഹനങ്ങൾ മാത്രം കടന്നു പോകാനാകുന്ന പാലവും. ഇതുമൂലം ദുരിതത്തിലായത് പിഐപി കനാൽ മുതൽ പള്ളിയത്തുപടി വരെ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണ്. കനാലിന്റെ തൊട്ടടുത്തു താമസിക്കുന്നവർ നിർമാണത്തിന് ടിപ്പറിൽ മെറ്റൽ കൊണ്ടുവന്നാൽ പുതമൺ, വയലത്തല, പള്ളിയത്ത്പടി വഴി ചുറ്റിക്കറങ്ങണം. ബസിൽ യാത്ര ചെയ്യാനും പള്ളിയത്തുപടിയിൽ എത്തണം. 

അതല്ലെങ്കിൽ ചെറിയ വാഹനത്തിൽ ചാക്കപ്പാലം ജംക്‌ഷനിലെത്തണം. യാത്രക്കാരുടെ ദുരിതത്തിനു പരിഹാരം കാണാൻ പാലം നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. എംഎൽഎ ഫണ്ടിൽനിന്നു രാജു ഏബ്രഹാം 25 ലക്ഷം രൂപ അനുവദിച്ചതുമാണ്. പിഐപി അനുമതി നൽകാത്തതിനാൽ നിർമാണം നടന്നില്ല. പിന്നീട് പിഡബ്ല്യുഡി നിരത്തു വിഭാഗത്തിന്റെ നേതൃത്വത്തിൽ പാലത്തിനായി ബോറിങ് നടത്തിയിരുന്നു. തുടർന്ന് എസ്റ്റിമേറ്റ് തയാറാക്കാൻ പിഡബ്ല്യുഡി പാലം വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. അവർ സ്ഥലത്തെത്തി പരിശോധന നടത്തിയതൊഴിച്ചാൽ തുടർനടപടിയുണ്ടായില്ല. ഇതുമൂലം യാത്രക്കാരുടെ ദുരിതവും തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com