ADVERTISEMENT

ദേശീയ, രാജ്യാന്തര കായിക മത്സരങ്ങളിൽ മിന്നുംപ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളോട് അവരുടെ തുടക്കം എങ്ങനെയായിരുന്നെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നത് നാട്ടിൻപുറങ്ങളിലെ മൈതാനങ്ങളും പുൽമേടുകളും വഴിയരികുകളുമൊക്കെയായിരിക്കും. ഇതേ ചോദ്യം സൂര്യയോട് ചോദിച്ചാൽ സൂര്യയും പറയും നാട്ടിൻപുറങ്ങളിൽ ചേട്ടന്മാരുടെ കൂടെ ക്രിക്കറ്റ് കളിച്ചു വളർന്ന ബാല്യത്തെപ്പറ്റി. അന്നത്തെ ആ കൊച്ചുതുടക്കം ഇന്ന് എത്തിനിൽക്കുന്നത് ദേശീയ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വാതിൽക്കലാണ്.

ബിസിസിഐയുടെ കീഴിലുള്ള നാഷനൽ ക്രിക്കറ്റ് അക്കാദമി നടത്തുന്ന പരിശീലന ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പതിനേഴുകാരിയായ സൂര്യ സുകുമാർ. കേരളത്തിൽനിന്ന് രണ്ടുപേർക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. സൂര്യ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കായികാധ്യാപിക അശ്വതിമോളാണ് ആയിടെ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരിശീലന ക്യാംപിൽ പങ്കെടുക്കുന്നതിനെപ്പറ്റി പറയുന്നത്. സൂര്യയും ക്യാംപിൽ പങ്കെടുത്തു. പിന്നീട് ജില്ലാ ടീമിലേക്ക് സിലക്‌ഷൻ കിട്ടി. രണ്ടു വർഷം ജില്ലയ്ക്കു വേണ്ടി പന്തെറിഞ്ഞു. റൈറ്റ് ആം ഓപ്പണിങ് ഫാസ്റ്റ് ബോളറും ഓൾറൗണ്ടറുമാണ് സൂര്യ.

ബാലികാമഠം എച്ച്എസ്എസ്, തിരുവല്ല എംജിഎം എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു 6–ാം ക്ലാസ് വരെ പഠിച്ചത്. 7–ാം ക്ലാസ്സിൽ പഠിക്കുമ്പോൾ കോട്ടയം ക്രിക്കറ്റ് അക്കാദമിയിലേക്കുള്ള ട്രയൽസിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസിലായിരുന്നു പ്ലസ് ടു വരെ പഠിച്ചത്. 2016 മുതൽ 2018 വരെ അണ്ടർ 16 സംസ്ഥാന ടീമിൽ കളിച്ചു. 2016 മുതൽ സംസ്ഥാന ടീമിനുവേണ്ടിയും കളിക്കുന്നു. കഴിഞ്ഞ വർഷം സീനിയർ വിമൻസ് ട്വന്റി ട്വന്റിയിലും കളിച്ചു.  കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യത്തിന്റെ കയ്പുള്ള കാലത്തും കൈത്താങ്ങായി നിന്നത് ക്രിക്കറ്റും പരിശീലനങ്ങളുമായിരുന്നു. പെയ്ന്റിങ് തൊഴിലാളിയായ അച്ഛൻ മണ്ണുംപുറത്തുവീട്ടിൽ എം.കെ.സുകുവും അമ്മ ബിന്ദുവും ബുദ്ധിമുട്ടുകൾക്കു നടുവിലും സൂര്യയെ പിന്തുണച്ചു.

അവരാൽ കഴിയുന്ന രീതിയിലൊക്കെ പ്രോത്സാഹിപ്പിച്ച് ഒപ്പംനിന്നു. അവരുടെ കഷ്ടപ്പാടുകൾക്കുള്ള ഫലം കൂടിയാണ് സൂര്യയുടെ ഓരോ വിജയങ്ങളും. ഇന്ത്യൻ ടീമിലെ ബോളർ പൂജ വസ്ത്രകാർ ആണ് ഇഷ്ട കളിക്കാരി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി രാജ്യത്തിന്റെ ജേഴ്സിയണിയണമെന്നതാണ് സൂര്യയുടെ സ്വപ്നം. മേയ് 15 മുതൽ ജൂൺ 9 വരെ ഗുജറാത്തിൽ നടക്കുന്ന നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലന ക്യാംപിൽ പങ്കെടുക്കുകയാണിപ്പോൾ. തിരുവല്ല വള്ളംകുളം സ്വദേശിയാണ് സൂര്യ. സൂരജ് സുകുമാറാണ് സഹോദരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com