ADVERTISEMENT

പത്തനംതിട്ട  ∙ കാറ്റും മഴയും ഉറക്കം കെടുത്തുന്ന രണ്ടു കുടുംബങ്ങളുടെ അടച്ചുറപ്പുള്ള വീടിനായുള്ള കാത്തിരിപ്പു നീളുന്നു. വില കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റു കൊണ്ടു നിർമിച്ച, നിവർന്നു നിൽക്കാൻ കഴിയാത്ത കൂരകളിൽ 2 കുടുംബങ്ങളാണ് 12 വർഷത്തിനു മുകളിലായി ദുരിതജീവിതം നയിക്കുന്നത്. നാരങ്ങാനം കണമുക്ക് മാതിരമ്പള്ളിയിൽ കിഴക്കേ വാത്തിപ്പറമ്പിൽ വീട്ടിൽ  അംഗപരിമിതയായ സുജയും സംസാര ശേഷി ഇല്ലാത്ത ഭർത്താവ് സുരേഷും രണ്ട് പെൺമക്കളും  കിഴക്കേവീട്ടിൽ കെ.ജി.സുനിൽ കുമാറും ഭാര്യ മഞ്ജുവും രണ്ട് പെൺമക്കളുമാണ് അധികൃതരുടെ കനിവു കാത്തിരിക്കുന്നത്. 

  നാരങ്ങാനം കണമുക്ക് മാതിരമ്പള്ളി കിഴക്കേവീട്ടിൽ കെ.ജി.സുനിൽ കുമാറും ഭാര്യ മഞ്ജുവും മക്കളായ നന്ദനയും ചന്ദനയും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമിച്ച ഒറ്റമുറി കുടിലിനുളളിൽ.   	ചിത്രം:മനോരമ
നാരങ്ങാനം കണമുക്ക് മാതിരമ്പള്ളി കിഴക്കേവീട്ടിൽ കെ.ജി.സുനിൽ കുമാറും ഭാര്യ മഞ്ജുവും മക്കളായ നന്ദനയും ചന്ദനയും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമിച്ച ഒറ്റമുറി കുടിലിനുളളിൽ. ചിത്രം:മനോരമ

അംഗപരിമിതയായ സുജയും ഭർത്താവും 6 സെന്റ് ഭൂമിയിലാണു കൂര കെട്ടിയിരിക്കുന്നത്. ഒരു ഫ്ലെക്സാണ് ഇവരുടെ കതക്. തടിമില്ലിൽ സഹായിയായി ജോലിചെയ്യുന്ന മൂകനായ സുരേഷിന് കിട്ടുന്ന ചെറിയ ശമ്പളവും സുജയ്ക്ക് ലഭിക്കുന്ന വികലാംഗ പെൻഷനും മാത്രമാണ് ആകെ വരുമാനം.  കാലിനും കൈക്കും സ്വാധീനക്കുറവുള്ള സുജയ്ക്ക് മഴക്കാറ് കാണുമ്പോൾ മനസ്സിൽ തീയാണ്.

കാറ്റും മഴയും ഉണ്ടായാൽ കുടിലിൽ വെള്ളം നിറയുമോയെന്നാണു പേടി. പല തവണകളായി ഓരോരോ പദ്ധതികളിൽ വീടിന് അപേക്ഷ നൽകിയെങ്കിലുംപരിഗണിക്കപ്പെട്ടിട്ടില്ല. 10 വർഷമായി വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കേൾക്കുന്നുണ്ടെങ്കിലും അത് യാഥാർഥ്യമാകാത്തതെന്താണെന്ന് ഇവർക്കറിയില്ല.  

സുനിൽ കുമാർ– മഞ്ജു ദമ്പതികൾ 11 വർഷത്തോളമായി ജീവിതം ആരംഭിച്ചിട്ട്. തങ്ങളുടെ ഭൂമിയിൽ കുടിൽ കെട്ടി ജീവിതം ആരംഭിക്കുമ്പോൾ കൂലിവേല ചെയ്യുന്ന സുനിലിന് ഒരു കൊച്ചു വീട് എന്നത് ഒരു വലിയ സ്വപ്നമായിരുന്നു. പല പദ്ധതികളിലായി അപേക്ഷകൾ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. കുടിലാണെങ്കിലും ഒരു ശുചിമുറി പോലും നിഷേധിക്കപ്പെടുന്നുവെന്നു മഞ്ജു. ലൈഫ് മിഷൻ പദ്ധതിയിലും അപേക്ഷ നൽകി.  മഴയുള്ള രാത്രികളിൽ പ്ലാസ്റ്റിക് ഷീറ്റിൽ നിന്ന് ഊർന്നിറങ്ങുന്ന വെള്ളം വീണ് മക്കളുടെ ഉറക്കം പോകാതിരിക്കാൻ പലപ്പോഴും ഫ്ലെക്സ് ഷീറ്റുകൾ കൊണ്ടു അവരെ പുതപ്പിക്കും.

പകൽ പെയ്യുന്ന മഴയിൽ അടുപ്പിലേക്ക് വെള്ളം വീണു ചോറു പോലും വയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. അതേ സമയം രണ്ടു കുടുംബങ്ങളും ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് അർഹതയുള്ളവരാണെന്നും  പട്ടികയിൽ ഇവരുടെ പേരുകളുണ്ടെന്നും നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com