ADVERTISEMENT

ഇട്ടിയപ്പാറ ∙ കെഎസ്ആർ‌ടിസി ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് കാലുകൾ കഴുകാൻ വെള്ളംകൂടി ജീവനക്കാർ ഒരുക്കിനൽകേണ്ട സ്ഥിതി. ചെളിക്കുഴിയായ സ്റ്റാൻഡിലെത്തിയാൽ കാലുകൾ കഴുകാതെ പുറത്തിറങ്ങി നടക്കാനാകില്ല. ഇതുമൂലം ഭൂരിപക്ഷം ബസുകളും സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. 

ഓപ്പറേറ്റിങ് സെന്ററിന്റെ ഉദ്ഘാടനത്തിനു മുൻപാണ് അവസാനമായി യാർഡിൽ ടാറിങ് നടത്തിയത്. ബസുകൾ കയറിയിറങ്ങി ഒരു മാസം പിന്നിടും മുൻപ് ഇതു തകരുകയും ചെയ്തു. ഇപ്പോൾ‌ യാർഡിൽ ടാറിങ് നടത്തിയിരുന്നെന്നുപോലും തോന്നില്ല. നിറയെ കുഴികളാണ്. അതും പടുകുഴികൾ. മഴയിൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ബസുകൾ കയറിയിറങ്ങുമ്പോൾ യാർഡിനകം വിത്തുവിതയ്ക്കാൻ പാകത്തിലാകുന്ന സ്ഥിതി.

പഴവങ്ങാടി പഞ്ചായത്ത് വിട്ടുകൊടുത്ത സ്ഥലത്താണ് സെന്റർ പ്രവർത്തിക്കുന്നത്. വയൽ മണ്ണിട്ടു നികത്തിയെടുത്തതാണിവിടം. മഴ പെയ്താൽ ചെളി നിറയും. വേനലായാൽ പൊടിയാണ് വില്ലൻ. ശബരിമല ഇടത്താവളത്തിനായി നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ബസ് സ്റ്റേഷന് ക്രമീകരണം ഒരുക്കാനായിരുന്നു നീക്കം. ഇവിടെ 50 ബസുകൾ പാർക്ക് ചെയ്യാനുള്ള യാർഡും നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. കേസിൽപെട്ട് ഇടത്താവളത്തിന്റെ നിർമാണം മുടങ്ങിയതോടെ ബസ് സ്റ്റേഷന്റെ ഭാവിയും തുലാസിലാണ്. 

മുൻ എംഎൽഎ രാജു ഏബ്രഹാമിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് യാർഡ് കോൺക്രീറ്റ് ചെയ്യാൻ പദ്ധതിയിട്ടിരുന്നു. പണി കരാറായിട്ടുണ്ട്. മഴമൂലം നിർമാണം തുടങ്ങാനാകുന്നില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com