മഞ്ഞിൽ മൂടി ഗവി; പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക്

എന്തു രസമാണീ മഞ്ഞ്... ഗവി റൂട്ടിൽ കക്കിയ്ക്കു സമീപം മഞ്ഞിൽ  മൂടിയ എക്കോ പാറയുടെ മുന്നിലൂടെ നടന്ന് പോകുന്ന അമ്മയും മകനും.  ചിത്രം: മനോരമ.
എന്തു രസമാണീ മഞ്ഞ്... ഗവി റൂട്ടിൽ കക്കിയ്ക്കു സമീപം മഞ്ഞിൽ മൂടിയ എക്കോ പാറയുടെ മുന്നിലൂടെ നടന്ന് പോകുന്ന അമ്മയും മകനും. ചിത്രം: മനോരമ.
SHARE

സീതത്തോട് ∙ മഞ്ഞിൽ മൂടി ഗവി. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്ക്. മഞ്ഞിനൊപ്പം നിലയ്ക്കാത്ത കാറ്റും തോരാത്ത ചാറ്റൽ മഴയും ഗവി യാത്രയെ അടി പൊളിയാക്കുന്നു. വേനൽ മഴ തുടങ്ങിയപ്പോൾ മുതൽ ഗവിയിലെ കാലാവസ്ഥയും മാറിത്തുടങ്ങിയിരുന്നു. പതിവിലും നേരത്തെയാണ് കാലാവസ്ഥ വ്യതിയാനം സംഭവിച്ചിരിക്കുന്നതെന്നാണ് സഞ്ചാരികളുടെ സാക്ഷ്യം.റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ചിലും പെരിയാർ കടുവ സങ്കേതം കിഴക്ക്, പടിഞ്ഞാറ് ഡിവിഷനുകളിലുമായിട്ടാണ് ഗവിയും സമീപ പ്രദേശങ്ങളും വ്യാപിച്ച് കിടക്കുന്നത്. 

ഗൂഡ്രിക്കൽ റേഞ്ചിലെ കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റ് വഴി കടന്നുള്ള യാത്ര അവസാനിക്കുന്നത് പെരിയാർ കടുവ സങ്കേതം കിഴക്ക് ഡിവിഷനിലെ വള്ളക്കടവ് ചെക്ക് പോസ്റ്റിലാണ്.പ്രവേശനം ഓൺലൈനിലാണ്. ദിവസേന 30 വാഹനങ്ങൾക്കാണ് അനുമതി. ഗവിയിലേക്ക് പോകുന്ന വാഹനങ്ങൾ വള്ളക്കടവ് വഴി പുറത്ത് പോകണമെന്നാണ് വനം വകുപ്പ് നിർദേശം. സീതത്തോട് പഞ്ചായത്തിലെ വാഹനങ്ങൾക്ക് മാത്രമാണ് ഗവിയിൽ നിന്ന് മടങ്ങിവരാൻ അനുമതി.ശബരിഗിരി, കക്കാട് ജല വൈദ്യുത പദ്ധതികളുടെ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകളും പുൽമേടുകളും എക്കോ പാറയും കാട്ടാന, കാട്ടുപോത്ത്, മ്ലാവ്, കേഴ തുടങ്ങിയ വന്യ മൃഗങ്ങളുമാണ് ഗവിയിൽ വിസ്മയക്കാഴ്ചകൾ ഒരുക്കുന്നത്. ഭാഗ്യമെങ്കിൽ കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റ് കടക്കുമ്പോൾ തന്നെ കാലാവസ്ഥ മാറിയത് 

അനുഭവപ്പെട്ട് തുടങ്ങും. തുടർന്നുള്ള 70 കിലോമീറ്റർ യാത്രയിൽ പകുതിയും മഞ്ഞ് മൂടിയ കാലാവസ്ഥയിൽ കൂടിയാണ് പോകുന്നത്. പലപ്പോഴും തൊട്ടുമുന്നിലെ കാഴ്ചകൾ പോലും മറയും വിധത്തിലുള്ള മഞ്ഞും പുകയുമാണിപ്പോൾ. കാറ്റൊന്നു വീശിയാൽ മാത്രമേ പലപ്പോഴും കാഴ്ചകൾ കാണാനാകൂ. കഴിഞ്ഞ ഒരാഴ്ചയായി മഴയുടെ ശക്തിയും വർധിച്ചു. ശക്തമായി മഴ പെയ്താലും മഞ്ഞും പുകയും വഴി മാറും. നിലവിലുള്ള കാലാവസ്ഥ ആസ്വദിക്കാൻ വേണ്ടി മാത്രം സഞ്ചാരികൾ എത്തുന്നുണ്ട്.ഓൺ ലൈനായി ബുക്ക് ചെയ്യുന്ന വിനോദ സഞ്ചാരികൾക്കുള്ള പാസ് ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിൽ നിന്നാണ് ലഭിക്കുക. ഇവിടെ നിന്നും കുടുംബശ്രീ പ്രവർത്തകർ തയാറാക്കുന്ന പൊതിച്ചോറും ലഭ്യമാണ്.ബുക്കിങ് അഡ്രസ്.gavikakkionline.com - 9495349121, 9745001252.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA