ADVERTISEMENT

രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ‘സ്കൂൾ തുറക്കലിന്റെ ജൂൺ മാസം വരവായി. കോവിഡ് മഹാമാരി ’പിന്നിട്ട് വീണ്ടും സജീവമാകുന്ന സ്കൂളുകൾക്ക് കർശന നിർദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം സ്കൂൾ കുട്ടികളുടെ യാത്രാ വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ്. 

പത്തനംതിട്ട ആർടിഒ നൽകിയിരിക്കുന്ന നിർദേശപ്രകാരം ഫിറ്റ്നസ് കാലാവധി കഴിഞ്ഞ സ്കൂൾ വാഹനങ്ങൾക്ക് 25 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാനുള്ള അവസരം ഉണ്ടായിരിക്കും. 25ന് ശേഷവും ഫിറ്റ്നസ് പുതുക്കാത്തതും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ വാഹനങ്ങൾ നിരത്തിലിറക്കിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി പ്രത്യേക പരിശോധനകളും നടത്തുമെന്നും ആർടിഒ എ.കെ. ദിലു അറിയിച്ചു. ഈ സാഹചര്യത്തിൽ ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള സ്കൂൾ വാഹനങ്ങളുടെ നിലവിലെ സ്ഥിതി എന്തെന്ന് ഒരു അന്വേഷണം.

∙ പത്തനംതിട്ട 

ജനുവരി മുതൽ ഇന്നലെ വരെ പത്തനംതിട്ട ആർടി ഓഫിസിൽ 35 സ്കൂൾ വാഹനങ്ങൾക്കാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. കഴിഞ്ഞ വർഷം പകുതിയോടെയാണ് വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുത്തത് എന്നതിനാൽ അവയെല്ലാം ഈ സ്കൂൾ വർഷം പകുതിയോടെ പുതുക്കിയാൽ മതിയാകും.

∙ കൊടുമൺ 

പ്രദേശത്തെ എയ്ഡഡ് സ്കൂളുകളിലെ ബസുകളുടെയെല്ലാം അറ്റകുറ്റപ്പണികൾ പൂർത്തിയായി. മിക്ക ബസുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലഭ്യമായിട്ടുണ്ട്. സ്വകാര്യ സ്കൂളുകളിലെ ബസുകളുടെ ഫിറ്റ്നസ് പരിശോധനാ നടപടികൾ നടന്നുവരികയാണ്. എന്നാൽ ഡ്രൈവർമാർക്ക് മോട്ടർ വാഹന വകുപ്പ് നടത്തുന്ന പരിശീലനം നടക്കാത്തതിന്റെ പ്രശ്നം പല സ്കൂൾ അധികൃതരും പരാതി പറയുന്നു. 

∙ പന്തളം

പൂഴിക്കാട് ഗവ. യുപി സ്കൂളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു ബസും പിടിഎയുടെ ഒരു ബസുമാണുള്ളത്. ഇവ രണ്ടും പ്രവർത്തനക്ഷമമാണ്. തോട്ടക്കോണം ഗവ. ഹെസ്കൂളിന്റെ ബസും പ്രവർത്തനക്ഷമമാണ്. 

∙ കോന്നി 

മേഖലയിൽ ഈ വർഷം ഇതുവരെ ഒരു സ്കൂൾ വാഹനം മാത്രമാണ് പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുള്ളത്. രണ്ടു വർഷമായി കാര്യമായ ഓട്ടമില്ലാതെ കിടന്നിരുന്ന വാഹനങ്ങളിൽ ചിലത് മാത്രം കഴിഞ്ഞ വർഷം കോന്നി ജോയിന്റ് ആർടി ഓഫിസിൽ പരിശോധന നടത്തിയിരുന്നു. ആകെ 13 സ്കൂൾ വാഹനങ്ങൾ മാത്രമാണ് പരിശോധന പൂർത്തിയാക്കിയിട്ടുള്ളത്. നിലവിൽ 91 വാഹനങ്ങൾ കൂടി പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാനുണ്ടെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ കണക്ക്. 

∙ തണ്ണിത്തോട് 

മേഖലയിലെ സർക്കാർ സ്കൂളുകളിൽ  ഗവ.വെൽഫെയർ യുപി സ്കൂളിൽ മാത്രമാണ് ബസ്സുള്ളത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ബസ് അറ്റകുറ്റപ്പണികൾക്ക് കൊടുത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

∙ റാന്നി 

താലൂക്കിൽ 123 സ്കൂൾ വാഹനങ്ങളുണ്ട്. അവയിൽ 92 എണ്ണത്തിന് റാന്നി സബ് ആർടി ഓഫിസിൽ നിന്ന് ഇതുവരെ ഫിറ്റ്‌നസ് സർ‌ട്ടിഫിക്കറ്റ് നൽകി. ബാക്കി വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. 

∙ അടൂർ

സർക്കാർ മേഖലയിൽ 7 സ്കൂളുകൾക്കാണ് സ്കൂൾ ബസുകൾ ഉള്ളത്. 7 ബസുകളും അറ്റകുറ്റ പണികൾക്കായി വർക്‌ഷോപ്പിൽ കയറ്റിയിട്ടിരിക്കുകയാണ്. സ്കൂൾ തുറക്കുന്നതിനു മുൻപ് പണികൾ കഴിഞ്ഞ ശേഷം ടെസ്റ്റിങ് നടത്തി ഫിറ്റ്നസ് നേടാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.

ഉറപ്പുവരുത്താം ഈ സുരക്ഷാ മാനദണ്ഡങ്ങൾ

സ്കൂൾ വാഹനങ്ങളിൽ ഉറപ്പുവരുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റി പത്തനംതിട്ട ആർടിഒ പുറപ്പെടുവിച്ച നിർദേശങ്ങൾ:

∙ സ്കൂൾ ബസ് ഓടിക്കുന്നവർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിങ് പരിചയം ഉണ്ടായിരിക്കണം. വലിയവാഹനങ്ങൾ ഓടിക്കുന്നതിൽ 5 വർഷത്തെ പരിചയം നിർബന്ധമാണ്. കേസുകളിൽപെട്ട് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുള്ളവരെ ‍ഡ്രൈവർമാരായി നിയമിക്കരുത്.

∙ സ്പീഡ് ഗവർണർ, ജിപിഎസ് എന്നിവ നിർബന്ധമായും വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കണം.

∙ കുട്ടികളെ വാഹനത്തിൽ നിർത്തിക്കൊണ്ടു പോകാൻ പാടില്ല. 12 വയസ്സിൽ താഴെയുള്ള കുട്ടികളാണെങ്കിൽ മാത്രം 2 കുട്ടികൾക്കായി ഒരു സീറ്റ് നൽകാം.

∙ വാഹനങ്ങളിൽ കൂളിങ് ഫിലിം, കർട്ടൻ എന്നിവ പാടില്ല. സുരക്ഷാ വാതിൽ, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ ഉണ്ടായിരിക്കണം. സ്കൂൾ ആവശ്യങ്ങൾക്കല്ലാതെ വാഹനങ്ങൾ സർവീസ് നടത്താൻ പാടില്ല.

∙ ഓരോ ട്രിപ്പിലും യാത്രചെയ്യുന്ന കുട്ടികളുടെ പേര് വിവരങ്ങൾ അടങ്ങിയ റജിസ്റ്ററുകൾ സൂക്ഷിക്കണം

∙ വാതിലുകളുടെ എണ്ണത്തിന് തുല്യമായി ഡോർ അറ്റൻഡർമാർ വേണം. റോഡ് ക്രോസ് ചെയ്യുന്നതിന് ആയമാർ കുട്ടികളെ സഹായിക്കണം.

∙ റൂട്ട് ഓഫിസറായി അധ്യാപകരെയോ, ജീവനക്കാരെയോ നിയമിക്കണം.

∙ വാഹനത്തിന്റെ മുന്നും പിന്നിലും ‘ഇഐബി’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

∙ സ്കൂളിന്റെ പേരും ഫോൺ നമ്പറും വാഹനങ്ങളുടെ ഇരു വശങ്ങളിലും രേഖപ്പെടുത്തണം. പിന്നിൽ ചൈൽഡ് ഹെൽപ് ലൈൻ 1098, പൊലീസ് 112, ആംബുലൻസ് 108, അഗ്നിരക്ഷാ സേന 101, എന്നീ നമ്പറുകളും രേഖപ്പെടുത്തണം. 

∙ സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഇതര വാഹനങ്ങളിൽ വെള്ള ബോർഡിൽ നീല അക്ഷരത്തിൽ ‘ഓൺ സ്കൂൾ ഡ്യൂട്ടി’എന്ന ബോർഡ് മുന്നിലും പിന്നിലും സ്ഥാപിക്കണം. അതോടൊപ്പം സ്കൂൾ വാഹനങ്ങളിൽ ഉറപ്പുവരുത്തണം എന്ന് പറഞ്ഞ എല്ലാ കാര്യങ്ങളും ഉറപ്പാക്കണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com