ADVERTISEMENT

ഓമല്ലൂർ ∙ വാഴപ്പാവിൽ വീട്ടിൽ പ്രമോദിന്റെയും ഷൈലയുടെയും മക്കളായ വൈഷ്ണവിനും വിവേകിനും കൂട്ടുകാർക്കൊപ്പം കളിക്കാനോ സൈക്കിളിൽ കറങ്ങാൻ പോകാനോ ഇപ്പോൾ പഴയപോലെ സമയം കിട്ടാറില്ല. കൂട്ടുകാരി ചിന്നുവിനെ പരിപാലിക്കുക, അവൾക്കൊപ്പം സവാരിക്കുപോകുക ഇതൊക്കെയാണു പുതിയ ഇഷ്ടങ്ങൾ. ചിന്നു ആരാണെന്നല്ലേ, മൂന്നരവയസ്സുള്ള കുതിര. അച്ഛൻ പ്രമോദ് 8 മാസം മുൻപ് മക്കൾക്കു സമ്മാനമായി വാങ്ങിച്ചുകൊടുത്ത പെൺകുതിരയാണു ചിന്നു.

ചിന്നു ഇപ്പോൾ ഈ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ്. യൂ ട്യൂബിൽ കുതിരസവാരിയുടെ വിഡിയോകൾ കണ്ടതിനു ശേഷം തങ്ങൾക്കും സ്വന്തമായി ഒരു കുതിരയെ വേണമെന്ന് ഏഴാം ക്ലാസ് വിദ്യാർഥിയായ വൈഷ്ണവും അഞ്ചാം ക്ലാസുകാരനായ വിവേകും അച്ഛൻ പ്രമോദിനോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യമൊക്കെ പ്രമോദ് ഇതു തമാശയായി തള്ളി. പക്ഷേ ഇരുവരും ആവശ്യത്തിൽ ഉറച്ചു നിന്നതോടെ പ്രമോദിന്റെ സുഹൃത്ത് മുഖേന കൊല്ലത്തുനിന്നു കുതിരയെ വാങ്ങി.  കുതിരകളിലെ കുള്ളൻ എന്നറിയപ്പെടുന്ന പോണി ഇനത്തിൽപ്പെട്ടതാണ് ചിന്നു. സാധാരണക്കാർക്ക് വാങ്ങാനും പരിപാലിക്കാനും സാധിക്കും എന്നതാണു പോണി കുതിരകളുടെ പ്രത്യേകത.

ചിന്നുവിനു തീറ്റനൽകുന്നതും കുളിപ്പിക്കുന്നതുമെല്ലാം വൈഷ്ണവും വിവേകും കൂടിയാണ്. പുല്ലും ഗോതമ്പ് തവിടും മുതിരയുമൊക്കെയാണു ചിന്നുവിന് ഇവർ കൊടുക്കുന്നത്. ദിവസവും വെള്ളമൊഴിച്ചു ദേഹം തണുപ്പിക്കും. ആഴ്ചയിലൊരിക്കൽ സോപ്പുതേച്ചു വിശാലമായ കുളി.  ദിവസവും രാവിലെയും വൈകിട്ടും റോഡിലൂടെയും ഓമല്ലൂർ പഞ്ചായത്ത് മൈതാനത്തും സവാരിക്കായി കൊണ്ടുപോകും. 35 മുതൽ 40 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷിയാണു പോണി കുതിരകൾക്കുള്ളത്. പ്രമോദിനും ഷൈലയ്ക്കും മക്കളെപ്പോലെ കാര്യമാണിവളെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com