ADVERTISEMENT

പന്തളം ∙ പൂർവവിദ്യാലത്തിന്റെ അങ്കണത്തിൽ അവർ ഒത്തുകൂടിയപ്പോൾ പദവികളുടെ വലുപ്പച്ചെറുപ്പമുണ്ടായിരുന്നില്ല. പരസ്പരം പേര് വിളിച്ചു പഴയ കഥകൾ അവർ ഓർത്തെടുത്തു. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നു 31ന് വിരമിക്കുന്ന സഹപാഠികളായിരുന്ന 7 പേരാണ് പഴയ കലാലയത്തിൽ സൗഹൃദം പങ്കിടാനെത്തിയത്.

എൻഎസ്എസ് കോളജിലെ 1981-83 പ്രീഡിഗ്രി സയൻസ് ബാച്ചിലെ പൂർവവിദ്യാർഥികളായിരുന്നു ഇവർ. വയനാട് കലക്ടറേറ്റിൽ സർവേ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായ കെ.അനിൽ കുമാർ, ചെന്നീർക്കര പിഎച്ച്സിയിലെ പിഎച്ച്എൻ ജോളി തോമസ്, ആലപ്പുഴയിൽ റവന്യു ഇൻസ്പെക്ടറായ അനിത ദേവി, പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫിസിലെ വെൽഫെയർ ഓർഗനൈസർ ജി.രാജീവ്, കുളനട പിഎച്ച്സിയിലെ നഴ്സിങ് അസിസ്റ്റന്റ് എൻ.സജി, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സീനിയർ നഴ്സിങ് ഓഫിസറായ കെ.രാഗിണി, തിരുവനന്തപുരം തൈക്കാട് നഴ്സിങ് പരിശീലന കേന്ദ്രത്തിലെ ട്യൂട്ടറായ എം.രാധാമണി എന്നിവരാണ് ഒരേ ദിവസം വിരമിക്കുന്ന സഹപാഠികൾ.

പ്രീഡിഗ്രി ക്ലാസ് മുറിയിലായിരുന്നു ഇവർ അവസാനമായി ഒരുമിച്ചുണ്ടായിരുന്നത്. പിന്നീട്, പഠനത്തിനും മറ്റുമായി പല വഴിക്ക് തിരിഞ്ഞു. വ്യോമസേനയിൽ നിന്നു വിരമിച്ച ശേഷമാണ് രാജീവ് സർക്കാർ സർവീസിൽ പ്രവേശിക്കുന്നത്. 2017-18 കാലയളവിൽ അനിൽ കുമാറും രാജീവും പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന സമയത്ത് അപ്രതീക്ഷിതമായി കണ്ടുമുട്ടി. മുഖപരിചയം തോന്നി സംസാരിച്ചതിൽ നിന്നാണ് കൂട്ടായ്മയ്ക്ക് തുടക്കം. ക്ലാസിലെ 63 പേരെയും കണ്ടെത്തണമെന്ന് അനിൽ കുമാർ നിർദേശം വച്ചു. തുടർന്ന് ഇരുവരും ചേർന്നു വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയാണ് പഴയ സഹപാഠികളിൽ കഴിയാവുന്നത്ര പേരെ ബന്ധപ്പെട്ടത്. വിരമിച്ച ശേഷം എല്ലാവരും ഒത്തുചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന ആഗ്രഹത്തിലാണ് സംഘാംഗങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com