ADVERTISEMENT

പന്തളം ∙  തിരക്കേറിയ എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രി കവലയിൽ അപകട നിയന്ത്രണത്തിനു നടപടികൾ സ്വീകരിക്കാതെ അധികൃതർ. നൂറനാട് റോഡും മെയിൻ സെൻട്രൽ (എംസി) റോഡും സംഗമിക്കുന്നകവലയിൽ അപകടങ്ങൾ ആവർത്തിച്ചിട്ടും സിഗ്നൽ ലൈറ്റ് സ്ഥാപിക്കാനോ വേഗനിയന്ത്രണത്തിനോ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. എംസി റോഡ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ജംക്‌ഷനിൽ ഐലൻഡ് സ്ഥാപിച്ചതിനു ശേഷവും അപകടങ്ങളാവർത്തിക്കുകയാണ്.മാർച്ച് 12ന് രാത്രി 9.30 ന് കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചു അസം സ്വദേശികളായ ചിരൺ ചിരഞ്ചിയ, മന്റു ഫക്കാൻ എന്നിവർ മരിച്ചിരുന്നു. ബസിന്റെ അമിതവേഗമാണ് അപകടത്തിന് പ്രധാന കാരണമായത്. 

ജംക്‌ഷനു സമീപത്ത് തന്നെ എംസി റോഡിൽ, 9ന് രാത്രി 7.30ന് നടന്ന അപകടത്തിലാണ് കുരമ്പാല ശങ്കരത്തിൽ കുളത്തുവടക്കേതിൽ കെ.വൈ.ബൈജു മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോൾ ഇരുവശങ്ങളിൽ നിന്നു വന്ന വാഹനങ്ങളാണ് ബിജുവിനെ ഇടിച്ചത്. തിരക്കേറിയ ജംക്‌ഷനിൽ അപകട ഭീഷണി വർധിച്ചിട്ടും പരിഹാര നടപടികൾ വൈകുകയാണ്. അമിതവേഗത്തിലാണ് വാഹനങ്ങളുടെ സഞ്ചാരം. അടുത്തയിടെയാണ്, ജംക്‌ഷനിൽ ഐലൻഡ് സ്ഥാപിച്ചത്. നൂറനാട് റോഡിൽ നിന്നു 3 ചെറുറോഡുകളായി എംസി റോഡിൽ സന്ധിക്കുന്ന വിധമാണ് ഐലൻഡ്.സിഗ്നൽ ലൈറ്റ് സംവിധാനമില്ലാതെ ഇവിടെ ഗതാഗതം വലിയ ബുദ്ധിമുട്ടാണ്. അപകടങ്ങൾ ആവർത്തിച്ചിട്ടും സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ചതാണ് ജംക്‌ഷനിലെ പൊക്കവിളക്ക്. തുടക്കനാളുകളിൽ ഇത് പ്രവർത്തിച്ചെങ്കിലും പിന്നീട് തകരാറിലായി. അറ്റകുറ്റപ്പണി നടത്തേണ്ട ചുമതല നഗരസഭയ്ക്കാണ്. കഴിഞ്ഞ ഭരണസമിതി ഇതിനുള്ള നടപടി സ്വീകരിച്ചില്ല. ഇപ്പോഴത്തെ ഭരണസമിതി പന്തളം ജംക്‌ഷനിലെ പൊക്കവിളക്കിന്റെ തകരാർ പരിഹരിച്ചെങ്കിലും എംഎം ജംക്‌ഷനെ അവഗണിച്ചെന്നാണ് പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com