പത്തനംതിട്ട ∙ പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് നടത്താതെ മാറ്റിയിട്ടിരുന്ന 4 സൂപ്പർ ഡീലക്സ് ബസുകൾ കോഴിക്കോട്, തിരുവനന്തപുരം ഡിപ്പോകൾക്കു കൈമാറി.പത്തനംതിട്ടയിൽ നിന്നു ബെംഗളൂരു, മംഗളൂരു, മൈസൂരു സർവീസുകൾ നടത്തിയിരുന്ന ബസുകൾ സ്വിഫ്റ്റ് സർവീസ് ആരംഭിച്ചപ്പോൾ മുതൽ സർവീസിന് ഉപയോഗിച്ചിരുന്നില്ല. ബസുകൾ ഉപയോഗിച്ച് പത്തനംതിട്ട- മാനന്തവാടി, പത്തനംതിട്ട- കോഴിക്കോട്, പത്തനംതിട്ട- തിരുവനന്തപുരം സർവീസുകൾ നടത്താമായിരുന്നെങ്കിലും അധികൃതർ അതിനു തയാറായില്ല.
ബസുകൾ വെറുതേയിട്ടു നശിപ്പിക്കുന്നതു സംബന്ധിച്ചു മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതെ തുടർന്ന് ഒരു ബസ് തിരുവനന്തപുരം ഡിപ്പോയ്ക്കും 3 ബസുകൾ കോഴിക്കോട് ഡിപ്പോയ്ക്കും ബൈപാസ് റൈഡർ സർവീസുകൾക്ക് വിട്ടു നൽകാൻ നിർദേശം വന്നു. തിരുവല്ല ഡിപ്പോയിൽ ഉണ്ടായിരുന്ന 2 ബസുകളും തിരുവനന്തപുരത്തേക്കു മാറ്റാൻ നിർദേശിച്ചിട്ടുണ്ട്.
ലോക്ഡൗൺ പ്രഖ്യാപിക്കും വരെ പത്തനംതിട്ടയിൽ 73 ഷെഡ്യൂൾ ഉണ്ടായിരുന്നു. അതിൽ 65 ഷെഡ്യൂൾ കൃത്യമായും സർവീസ് നടത്തിയിരുന്നു. നല്ല വരുമാനം ലഭിച്ചിരുന്ന തിരുനെല്ലി, വഴിക്കടവ്, മാനന്തവാടി, എറണാകുളം, അമൃത ആശുപത്രി തുടങ്ങിയ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ കോവിഡിന്റെ മറവിൽ നിർത്തലാക്കി.
തിരുനെല്ലി, വഴിക്കടവ് ഫാസ്റ്റുകൾ പുനരാരംഭിക്കാൻ മന്ത്രി ആന്റണി രാജു വിളിച്ചു കൂട്ടിയ ഉന്നതതല യോഗത്തിൽ തീരുമാനിച്ചിട്ട് മൂന്നു മാസമായി. എന്നാൽ ഇതുവരെ നടപടിയുണ്ടായില്ല.