ADVERTISEMENT

തണ്ണിത്തോട്  ∙ മഴ തുടങ്ങിയതോടെ അടവിക്ക് ആവേശത്തിരയിളക്കം. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം കല്ലാറിന്റെ ഓളങ്ങളിൽ ഉല്ലാസത്തിന്റെ ആരവമുയർത്തി ദീർഘദൂര കുട്ടവഞ്ചി സവാരിക്കു തുടക്കമായി. ഹൊഗനെക്കൽ നിന്ന് എത്തിച്ച പുത്തൻ കുട്ടവഞ്ചികളിലാണ് ഇത്തവണത്തെ സവാരി. മുണ്ടോംമൂഴി കടവിൽ നിന്ന് പാണ്ടിയാൻ കയത്തിൽ കറങ്ങിത്തിരിഞ്ഞു തൊട്ടിക്കയവും  മണൽവാരിയും ഇടികല്ലും തട്ടാത്തിക്കയവും കടന്ന് പേരുവാലി കടവിലേക്കു കുട്ടവഞ്ചി അടുക്കുമ്പോൾ ഇനി അടുത്ത സീസൺ വരെ അലയടങ്ങാത്ത ആവേശം...വനംവകുപ്പിന്റെ കോന്നി വനവികാസ് ഏജൻസിയുടെ കീഴിലുള്ള അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാണു മുണ്ടോംമൂഴിയിലെ കുട്ടവഞ്ചി സവാരി. 

 ഹ്രസ്വദൂര സവാരി എപ്പോഴുമുണ്ടെങ്കിലും മഴക്കാലത്തു മാത്രമാണു ദീർഘദൂര സവാരി. പൂർണമായും വനത്തിലൂടെ 2 കിലോമീറ്ററോളമുള്ള ദീർഘദൂര സവാരി സാഹസിക സഞ്ചാരികൾക്കു പ്രിയങ്കരമാണ്. അടവിയിൽ ദീർഘദൂര കുട്ടവഞ്ചി സവാരി പുനരാരംഭിച്ചതോടെ മികച്ച വരുമാനമാണു വനം വികാസ് ഏജൻസിക്കു ലഭിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലായി ഒരു ലക്ഷത്തിലധികം രൂപ വരുമാനം ലഭിച്ചു. കുട്ടവഞ്ചി സവാരി സമയത്തു ലൈഫ് ജാക്കറ്റ് നിർബന്ധമാണ്. പാർക്കിങ് സ്ഥലവും ടിക്കറ്റ് കൗണ്ടറും നടപ്പാതയും കുട്ടവഞ്ചി സവാരി കടവും ക്യാമറ നിരീക്ഷണത്തിലാണ്. 

പോകാം, അടവിയിലേക്ക്

ദൂരം – പത്തനംതിട്ടയിൽ നിന്ന് അടവിയിലേക്ക് 23 കിമീ ,പ്രവർത്തന സമയം– രാവിലെ 8.30 മുതൽ 5.30 വരെ ,ടിക്കറ്റ് നിരക്ക് –  ദീർഘദൂര സവാരിക്ക് 900 രൂപ, ഹ്രസ്വദൂര സവാരിക്ക് 500 രൂപ (4 പേരും ഒരു കുട്ടിയും അടങ്ങുന്ന സംഘത്തിന്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com