ADVERTISEMENT

കൊടുമൺ ∙ കാട്ടുപന്നി ശല്യം ദിനംപ്രതി വർധിക്കുന്നത് കാരണം പ്രതിരോധിക്കാൻ മാർഗമില്ലാതെ പൊതുജനവും കർഷകരും ദുരിതത്തിലായി. പന്നിയെ ഭയന്ന് രാവിലെയും വൈകുന്നേരവും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസം ചക്കാലമുക്കിന് സമീപം വീടിന് പുറത്തു നിന്ന വീട്ടമ്മയ്ക്ക് നേരെയാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. തോളെല്ലിന് പരുക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. പ്രതിരോധ മാർഗങ്ങൾ പലതും പരീക്ഷിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടാകാത്ത അവസ്ഥയാണ്. 

നാട്ടിൻ പുറങ്ങളിലും കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലങ്ങളിൽ പോലും കാട് കയറുന്നതാണ് പ്രധാന പ്രശ്നം. ഗ്രാമസഭകളിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളും ഇതുതന്നെയാണ്. സ്വകാര്യഭൂമിയിൽ പോലും കയറി കിടക്കുന്ന കാട് വെട്ടാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്വകാര്യ ഭൂമിയുടെ ഉടമകളിൽ നിന്ന് പണം ഈടാക്കി ഇവിടങ്ങളിലെ കാട് വെട്ടിമാറ്റി പന്നികളുടെ ആവാസ കേന്ദ്രങ്ങൾ നശിപ്പിക്കണമെന്നാണ് ഗ്രാമസഭകളിൽ കർഷകർ ഉന്നയിക്കുന്ന പ്രധാന ആവശ്യം.‍

പന്തളം തെക്കേക്കരയിൽ

പന്തളം തെക്കേക്കര ∙ പഞ്ചായത്തിന്റെ പരിധിയിലും കാട്ടുപന്നി ശല്യം അതിരൂക്ഷമായി തുടരുകയാണ്. ആനന്ദപ്പള്ളി, മാമ്മൂട്, മൊട്ടക്കോട്ട് ഏല തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പന്നികൾ ഇറങ്ങി വ്യാപകമായാണ് കൃഷി നശിപ്പിച്ചത്. കെ.പി. ഭവനിൽ പാച്ചപ്പന്റെ ഉടമസ്ഥതയിലുള്ള 100 മൂട് കപ്പ നശിപ്പിച്ചു. പാവപ്പെട്ട കർഷകർ നിലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. പണം കടമെടുത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് വിളവെടുക്കാൻ പാകമാകുമ്പോഴേക്കും കടം മാത്രമാണ് മിച്ചം. വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള നഷ്ടപരിഹാരം മാത്രമാണ് കർഷകർക്ക് ലഭ്യമാകുന്നത്. എന്നാൽ ചെലവാകുന്ന പണത്തിന്റെ ഒരംശം പോലും പലപ്പോഴും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ ആരോപണം. എല്ലാ പഞ്ചായത്തിലും ഇതാണ് അവസ്ഥ. പല പ്രതിരോധ നടപടികളും സർക്കാർ മുന്നോട്ട് വച്ചെങ്കിലും അതൊന്നും പ്രാവർത്തികമാകാത്ത അവസ്ഥയാണുള്ളതെന്ന് കർഷകർ പറയുന്നു.

ഏനാദിമംഗലത്ത്

ഏനാദിമംഗലം ∙ ആദ്യമൊക്കെ പ്ലാന്റേഷൻ അതിർത്തികളിൽ മാത്രം കണ്ടിരുന്ന കാട്ടുപന്നികൾ ഇപ്പോൾ നാട്ടിൻ പുറങ്ങളിൽ സജീവമാവുകയാണ്. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും പന്നി ശല്യം രൂക്ഷമായി മാറിയതായി കർഷകർ പറഞ്ഞു. പഞ്ചായത്തിന്റെ പൂതങ്കര, മങ്ങാട്, ഇളമണ്ണൂർ, മാരൂർ പ്രദേശങ്ങളിലാണ് പന്നി ശല്യം വർധിക്കുന്നത്. പ്ലാന്റേഷൻ അതിർത്തികളിൽ സ്ഥാപിച്ചിരുന്ന സൗരോർജവേലിയുടെ പ്രവർത്തനം കാര്യക്ഷമമാകാത്തതാണ് പ്രധാന പ്രശ്നം. പ്ലാന്റേഷൻ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പുറത്തിറങ്ങാൻ ഭയമാണ്. സ്കൂളുകൾ കൂടി തുറക്കുന്നതോടെ പ്രശ്നങ്ങൾ ഗുരുതരമാകുന്ന അവസ്ഥയാണ്. സ്കൂളുകളിലേക്ക് കൊച്ചുകുട്ടികളെ കാൽനടയായി വിടാൻ പോലും ഭയക്കുന്നതായി രക്ഷിതാക്കളും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com