ADVERTISEMENT

പത്തനംതിട്ട ∙ അങ്ങനെ പത്തനംതിട്ട സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായി. മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കുഴികളാണു നാടു മുഴുവനും പത്തനംതിട്ടയെ വീണ്ടും നാണം കെടുത്തുന്നത്. സ്റ്റാൻഡിന്റെ ‘പെരുമ’ അതിർത്തികൾ ഭേദിച്ചു മുന്നേറുകയാണ്. കേരളത്തെ കളിയാക്കുന്ന കമന്റുകളുമായി ഉണ്ണിയപ്പച്ചട്ടി പോലെയിരിക്കുന്ന ബസ് സ്റ്റാൻഡ് ചിത്രം സമൂഹമാധ്യമങ്ങളിൽ പറന്നുനടക്കുകയാണ്. നമ്പർ വൺ കേരളത്തിലെ ബസ് സ്റ്റാൻഡ് കണ്ടോ എന്ന ചോദ്യവുമായി ഷെയർ ചെയ്യപ്പെടുന്ന ചിത്രം പത്തനംതിട്ടക്കാർക്കു  മാത്രമല്ല മൊത്തം മലയാളികൾക്കും മാനക്കേടാണ്.  ഇടതു മോഡൽ വികസനം എന്ന പേരിലാണ് ബിജെപി പ്രൊഫൈലുകൾ ബസ് സ്റ്റാൻഡിന്റെ ചിത്രം ഉപയോഗിക്കുന്നത്. 

സ്റ്റാൻഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് 10 വർഷമായി. കുഴികളിൽ പാറപ്പൊടി വാരിയിടുന്നതുപോലും അധികചെലവാണെന്നും ഗുണം ചെയ്യില്ലെന്നും നഗരസഭാ അധ്യക്ഷൻ ടി. സക്കീർ ഹുസൈൻ പറയുന്നു. പദ്ധതിയുണ്ടെന്നും ഒരു വർഷം കൊണ്ടു സ്ഥിതി മെച്ചപ്പെടുമെന്നാണു അദ്ദേഹത്തിന്റെ വാഗ്ദാനം.  സ്റ്റാൻഡ് നവീകരണത്തിനു മുന്നോടിയായി തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജ് മണ്ണു പരിശോധന റിപ്പോർട്ട് നഗരസഭയ്ക്കു കൈമാറിയിട്ടുണ്ട്. സ്റ്റാൻഡിന്റെ ഒന്നര മീറ്റർ ആഴത്തിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങളുണ്ടെന്നും ഇതു മണ്ണു താഴാൻ ഇടയാക്കുന്നുവെന്നുമാണു പഠനത്തിൽ കണ്ടെത്തിയത്. 

നാലര മീറ്ററോളം മണ്ണു മാറ്റി ഓരോ തട്ടായി ഉറപ്പിക്കണമെന്നാണു നിർദേശം. 5 കോടി രൂപയാണു നവീകരണത്തിനു െചലവു പ്രതീക്ഷിക്കുന്നത്. വായ്പയായി പണം കണ്ടെത്താൻ സർക്കാരിനോട് അനുമതി തേടിയിരിക്കയാണു നഗരസഭ. വൈകാതെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി കൗൺസിൽ അംഗീകാരത്തോടെ സർക്കാരിനു കൈമാറുമെന്നു അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com