ADVERTISEMENT

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബി,സി ക്ലാസ് തിയറ്ററുകളുണ്ടായിരുന്ന ജില്ലകളിലൊന്നാണു പത്തനംതിട്ട. തിരുവല്ല ദീപയും മാരാമൺ മൗണ്ടും തടിയൂർ ബിന്ദുവും വള്ളംകുളം ജനതയും അടൂർ എംകെആറും പന്തളം അശ്വതിയുമെല്ലാം പറക്കോട് എസ്ആർകെയുമൊക്കെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. മൊബൈലും ഫെയ്സ്ബുക്കുമൊന്നുമില്ലാതിരുന്ന കാലത്തെ മാനസിക ഉല്ലാസത്തിനുള്ള പ്രധാന മാർഗം തിയറ്ററുകളായിരുന്നു. 

കൊട്ടകയ്ക്കുള്ളിൽ സിനിമ തുടങ്ങുന്നതിനു മുൻപുള്ള ഇരുട്ടും സ്ക്രീനിലേക്കു നീണ്ടു വരുന്ന പുക നിറഞ്ഞ വെള്ളി വെളിച്ചവും സിനിമയുടെ മാസ്മരികത ആവോളം ജനങ്ങൾ ആസ്വദിച്ചിരുന്നു. ഞായറാഴ്ച മാറ്റിനിക്കു അച്ഛന്റെ കൈപിടിച്ചു പോയതും ഇടവേളയ്ക്കു വാങ്ങിത്തന്ന ഐസിന്റെയും കടലയുടെയും സ്വാദുമെല്ലാം ഓർത്തു പഴയ തിയറ്ററുകളുടെ അരികിലൂടെ വീണ്ടും നടക്കാം.  

സംസ്ഥാനത്ത് 1400 തിയറ്ററുകളുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പിന്നീട് 400 ആയി കുറഞ്ഞു. തിയറ്ററുകൾ കല്യാണ മണ്ഡപങ്ങളും ഷോപ്പിങ് കോംപ്ലക്സുകളുമായി മാറി. മൾട്ടിപ്ലക്സുകളുടെ വരവോടെ എണ്ണം വീണ്ടും 720 ആയി ഉയർന്നു. എന്നാൽ ആ തരംഗത്തിലും കാര്യമായി തിയറ്ററുകൾ ലഭിക്കാതെ പോയ ജില്ലയാണു പത്തനംതിട്ട. 3 ഇടത്തു മാത്രമാണു മൾട്ടിപ്ലക്സുകൾ വന്നത്. പുതിയ കാലത്തെ എതിരാളി ഒടിടിയും മൊബൈലുകളുമാണെന്നു തിയറ്ററുടമകൾ പറയുന്നു. 

ആദ്യമുയർന്ന വേണു

പത്തനംതിട്ട പുത്തൻവീട്ടിൽ കുടുംബത്തിന് തിയറ്റർ രംഗത്ത് 74 വർഷത്തെ പാരമ്പര്യമുണ്ട്. ട്രിനിറ്റി ഗ്രൂപ്പ് തിയറ്റർ ഉടമ പി.എസ്.രാജേന്ദ്ര പ്രസാദിന്റെ അച്ഛൻ പരേതനായ എൻ.സദാശിവൻപിള്ളയാണു പത്തനംതിട്ടയിൽ ആദ്യമായി തിയറ്റർ തുടങ്ങിയത്. 1948ൽ വേണു തിയറ്റർ. അക്കാലത്ത് മഹാകവി പുത്തൻകാവ് മാത്തൻ തരകന്റെ വീടിനോടു ചേർന്ന് ഷെഡ് കെട്ടിയാണ് സിനിമകൾ പ്രദർശിപ്പിച്ചിരുന്നത്. സദാശിവൻ പിള്ള അവിടെ സിനിമ കാണാൻ പോകുമായിരുന്നു. നിന്നു വേണമായിരുന്നു കാണാൻ. അങ്ങനെയാണ് നാട്ടുകാർക്ക് ഇരുന്നു സിനിമ കാണാൻ സൗകര്യം ഒരുക്കണമെന്ന ആഗ്രഹം അച്ഛനുണ്ടായതെന്നു രാജേന്ദ്ര പ്രസാദ് ഓർക്കുന്നു. 

പുരയിടത്തിലെ വലിയ തേക്കുകൾ വെട്ടി തൂണുനാട്ടി മേൽക്കൂര ഷീറ്റിട്ട് 1948ൽ തിയറ്റർ നിർമിച്ചു. പലക കൊണ്ടു തട്ട് അടിച്ച് അതിൽ 100 സീറ്റിന്റെ ബാൽക്കണിയും ഒരുക്കി. അക്കാലത്തെ ഏറ്റവും വലിയ തിയറ്ററായിരുന്നു വേണു. പ്രഹ്ളാദൻ, നല്ല തങ്ക, ജീവിത നൗക തുടങ്ങിയ ചിത്രങ്ങളാണു അന്നത്തെ സൂപ്പർ ഹിറ്റുകൾ. വൈകാതെ പുതിയൊരു തിയറ്റർ കൂടി വന്നു രാധാസ് ടാക്കീസ്. പൊലീസ് സ്റ്റേഷനു സമീപത്തായിരുന്നു അതിന്റെ ഉടമ താവളത്തിൽ കുടംബത്തിന് അത് വിറ്റതിനു ശേഷം പ്രവർത്തനം നിലച്ചു. നിർമാതാക്കളായ കുഞ്ചാക്കോ, പി.സുബ്രഹ്മണ്യം എന്നിവരുമായി നല്ല ബന്ധമായിരുന്നു സദാശിവൻ പിള്ളയ്ക്ക്. പി.സുബ്രഹ്മണ്യം ശബരിമല ദർശനത്തിനായി വരുമ്പോൾ വീട്ടിലായിരുന്നു ഭക്ഷണം. സൗഹൃദം വളർന്നാണ് മകൻ രാജേന്ദ്രപ്രസാദിനെ സുബ്രഹ്മണ്യത്തിന്റെ മകന്റെ മകൾ ലീലയുമായി വിവാഹം നടത്തിയത്. 

1978 ഓഗസ്റ്റിൽ അനുരാഗ് തിയറ്റർ തുടങ്ങി. പിതാവിന്റെ മരണ ശേഷം സഹോദരൻ പി.എസ്.ബാബുവാണ് ആദ്യം തിയറ്ററുകൾ നോക്കി നടത്തിയത്. രാജേന്ദ്രപ്രസാദ് പാരലൽ കോളജും നടത്തി. സംവിധായകരായ ബി. ഉണ്ണിക്കൃഷ്ണനും കെ.മധുവുമെല്ലാം അവിടെ പഠിപ്പിച്ചിരുന്നു.  പ്രസാദിന്റെ സഹപാഠിയായിരുന്നു ക്യാപ്റ്റൻ രാജു. പഴയ വേണു ടാക്കീസ് പൊളിച്ച് 1985ൽ ഐശ്വര്യ തിയറ്റർ നിർമിച്ചു. ഐശ്വര്യയോടു ചേർന്നു ട്രിനിറ്റി മൾട്ടിപ്ലക്സ് സ്ഥാപിച്ചിട്ട് 7 വർഷമായി. അനുരാഗ് പിന്നീട് മുത്തൂറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു ധന്യ, രമ്യ തിയറ്ററുകളാക്കി. 

പ്രൊജക്ടറിന്റെ ‘ശക്തി’യിൽ

പറക്കോട് ശക്തി തിയറ്ററിലെ പഴയകാല പ്രൊജക്ടറിനരികെ സുരേന്ദ്രൻപിള്ള
പറക്കോട് ശക്തി തിയറ്ററിലെ പഴയകാല പ്രൊജക്ടറിനരികെ സുരേന്ദ്രൻപിള്ള

കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഫോട്ടോ ഫോൺ പ്രൊജക്ടർ കേരളത്തിൽ 3 തിയറ്ററുകളിലാണു ബാക്കിയുള്ളത്. പഴയകാല തിയറ്ററുകളിൽ അടൂരിൽ അവശേഷിക്കുന്ന പറക്കോട് ശക്തി തിയറ്ററിലാണു ഇപ്പോഴും പ്രൊജക്ടറുള്ളത്.  കുടുംബ പ്രേക്ഷകർക്കുള്ള പടങ്ങളൊന്നും ഇപ്പോൾ ഇവിടെ കളിക്കുന്നില്ല. തിയറ്ററുകളെല്ലാം ഡിജിറ്റൽ സംവിധാനത്തിലേക്കു മാറിയിട്ടും പഴയ കാല തിയറ്ററായി ശക്തി തുടരുകയാണ്. പ്രൊജക്ടറിനു ചെറിയ േകടുപാടു സംഭവിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്തിയാണു ഓടിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്ന കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രൻ പിള്ളയാണു തിയറ്റർ വാടകയ്ക്ക് എടുത്തു നടത്തുന്നത്. മറ്റൊരു ഓപ്പറേറ്റർ കൂടിയുണ്ട്. 

1982 ലാണ് തിയറ്റർ തുടങ്ങുന്നത്.  ശങ്കരാഭരണം, സ്ത്രീധനം, മാമാങ്കം തുടങ്ങി ഒട്ടേറെ സിനിമകൾ ഇവിടെ കളിച്ചിട്ടുണ്ട്. തിയറ്റർ പുതുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വിജയിക്കുമോ എന്ന ആശങ്ക കൊണ്ടാണു ഒന്നും െചയ്യാത്തത്. പറക്കോട്–എസ്ആർകെ, അടൂർ–എംകെആർ, അടൂർ–വിജയ തിയറ്ററുകളും ഇപ്പോഴില്ല. 

പന്തളത്തെ സിനിമാപ്രേമികളുടെ മനസ്സിൽ ഇന്നും അശ്വതി തിയറ്ററിലെ കൂറ്റൻ സ്ക്രീനിന്റെ ഓർമകളുണ്ട്. ഇരുവശങ്ങളിലെയും കൗണ്ടറുകൾക്ക് മുൻപിൽ മണിക്കൂറുകളോളം വരി നിന്നു വാങ്ങിയ ടിക്കറ്റുമായി തിയറ്ററിനുള്ളിലേക്ക് കുതിച്ച മധുരമുള്ള ഓർമകൾ. പ്രവർത്തനം നിർത്തി 12 വർഷം പിന്നിട്ടിട്ടും ഈ വഴി പോകുന്നവർക്ക് അശ്വതിയിലെ കൂറ്റൻ സ്ക്രീനിൽ തെളിഞ്ഞ ചിത്രങ്ങൾ ഓർക്കാതിരിക്കാനാവില്ല. 

1976 ഏപ്രിലിലാണ്, പന്തളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ കാവിന്റെ കിഴക്കേതിൽ കെ.എൻ.തങ്കപ്പൻ പിള്ള തിയറ്റർ തുടങ്ങുന്നത്. അഞ്ഞൂറിലധികം  ഇരിപ്പിടങ്ങൾ കാണികളെ കൊണ്ട് നിറഞ്ഞിരുന്നു. അടൂർ‍ ഭാസി, ശ്രീലത നമ്പൂതിരി, ബഹദൂർ, മുകേഷ്, കെ.ബി.ഗണേഷ് കുമാർ, എൻ.എഫ്.വർഗീസ്, ഒ.മാധവൻ, ജേസി ഡാനിയൽ‍ അടക്കം പ്രമുഖർ തിയറ്ററിലെത്തിയിട്ടുണ്ട്.  അപൂർവമായി വിവാഹചടങ്ങുകൾക്കും തിയറ്റർ വേദിയായിരുന്നു. ക്രമേണ കാണികൾ കുറഞ്ഞതോടെ തിയറ്റർ അടച്ചു.

തിയറ്ററിനായി സമരം

പന്തളം അശ്വതി തിയറ്റർ
പന്തളം അശ്വതി തിയറ്റർ

തിയറ്റർ നവീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഡിവൈഎഫ്ഐ കേരളത്തിൽ സമരം നടത്തിയിട്ടുള്ള  ഏക സ്ഥലം അടൂരായിരിക്കും. അത്രയും ശോചനീയമായിരുന്നു തിയറ്ററുകളുടെ അവസ്ഥ. നയനവും നാദവും നവീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അന്നത്തെ സമരം. ഇന്നിപ്പോൾ ആ തിയറ്ററുകൾ നവീകരിച്ചു 4 തിയറ്ററുകളാക്കുന്ന പണികൾ അവസാനഘട്ടത്തിലാണ്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ബന്ധുവായ വിജയൻ ഉണ്ണിത്താന്റെ ഉടമസ്ഥതയിലുള്ള തിയറ്ററാണിത്.കോവിഡ് മൂലം നിർമാണം നിലച്ചിരുന്നു. വീണ്ടും പണി തുടങ്ങാനുള്ള ശ്രമത്തിലാണു ഉടമ. 2023ൽ തുറക്കാനാണ് ശ്രമിക്കുന്നതെന്നു വിജയൻ ഉണ്ണിത്താൻ പറയുന്നു.  പ്രൊജക്ടറുകൾ ഉൾപ്പെടെയുള്ളവയ്ക്കു ഓർഡർ കൊടുത്തിരിക്കുകയാണ്. അവ സ്ഥാപിക്കുന്നതിന്റെ കാലതാമസമാണുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com