പ്രിയങ്കരം ഈ യാത്രകൾ; വായിച്ചറിഞ്ഞ ലോകത്തെ തൊട്ടറിയുന്ന ‘രമ്യ’യാത്രകൾ

സ്വിറ്റ്സർലൻഡിലെ റെയ്കൻ ബാക് വെള്ളച്ചാട്ടത്തിനു സമീപമുള്ള ഷെർലക് ഹോംസ് പ്രതിമയ്ക്കു മുന്നിൽ രമ്യ.
സ്വിറ്റ്സർലൻഡിലെ റെയ്കൻ ബാക് വെള്ളച്ചാട്ടത്തിനു സമീപമുള്ള ഷെർലക് ഹോംസ് പ്രതിമയ്ക്കു മുന്നിൽ രമ്യ.
SHARE

‘ദക്ഷപ്രജാപതീ, ഞങ്ങൾ വരുന്നു..’ എന്ന വാക്കുകളായിരുന്നു ഹരിദ്വാറിലെത്തിയപ്പോൾ രമ്യ എസ്.ആനന്ദിന്റെ മനസ്സിലൂടെ ആദ്യം കടന്നുപോയത്. എം. മുകുന്ദന്റെ ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ’ എന്ന നോവലിലെ കഥാപാത്രം രമേശ് പണിക്കർ ഹരിദ്വാറിലെത്തിയപ്പോൾ പറഞ്ഞ വാക്കുകൾ. പുസ്തകം വായിച്ച നാൾ മുതൽ മനസ്സിൽ പതിഞ്ഞതാണ് ഹരിദ്വാർ. വായിച്ചറിഞ്ഞ പുസ്തകങ്ങളിലെ വലിച്ചടുപ്പിക്കുന്ന നഗരങ്ങളിലൂടെയുള്ള യാത്ര രമ്യയ്ക്ക് ഹരമാണ്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ കൂടിയായ രമ്യ ഇതിനോടകം 13 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ഈ യാത്രകളിൽ ഭൂരിഭാഗവും വായനയിലൂടെ കണ്ടെത്തിയ സ്ഥലങ്ങളിലേക്കുള്ള ‘തേടിപ്പോകൽ’ കൂടിയായിരുന്നു. അവിടെ കണ്ടെത്തിയതാകട്ടെ കഥാകാരൻ പറഞ്ഞുവച്ച സർഗഭാവനകളുടെ സ്വർഗവും.

പ്രിയങ്കരം ഈ യാത്രകൾ

അക്ഷരം കൂട്ടിവായിക്കാൻ പഠിച്ച കാലംമുതൽ രമ്യയുടെ കൂടെക്കൂടിയതാണ് വായന. അന്നുമുതൽ ഇന്നുവരെ അത് ഒപ്പംതന്നെയുണ്ട്. വായനയിലൂടെ അറിയുന്ന സ്ഥലങ്ങളിലേക്ക് ഭർത്താവിനൊപ്പം യാത്രപോകും. അവിടെവച്ച് ആ പുസ്തകത്താളുകളിൽക്കൂടി ഒരിക്കൽകൂടി കടന്നുപോകും. അപ്പോൾ കിട്ടുന്ന ആത്മനിർവൃതി മറ്റൊന്നിനും നൽകാനാവില്ല. ചെറുപ്പംമുതലേ ഷെർലക് ഹോംസ് കഥകളുടെ ആരാധികയാണ് രമ്യ. അങ്ങനെയാണ് ഷെർലക് ഹോംസിന്റെ മരണം ആവിഷ്കരിക്കാൻ കഥാകാരൻ തിരഞ്ഞെടുത്ത സ്ഥലം തേടി സ്വിറ്റ്സർലൻഡിലേക്ക് വിമാനം കയറുന്നത്. 

ഇന്റർലേക്കൻ എന്ന സ്വിസ് നഗരത്തിൽനിന്ന് മെരിഞ്ജനിലെത്തി അവിടുന്ന് റെയ്കൻ ബാക്ക് വെള്ളച്ചാട്ടത്തിലേക്ക്. ഹോംസ് താഴേക്കുപതിച്ച വെള്ളച്ചാട്ടമായിരുന്നു അത്. കഥയിൽ വായിച്ചറിഞ്ഞ ആ സ്ഥലം അത്രമേൽ രമ്യയ്ക്ക് പ്രിയപ്പെട്ടതായിരുന്നു. അതുപോലെ പ്രിയങ്കരമായ മറ്റൊരിടമാണ് പാലക്കാട്ടെ തസ്റാക്ക്. ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിന് കാരണമായ ഇടം. നോവലിലെ അറബിക്കുളം, ഏകാധ്യാപക വിദ്യാലയം തുടങ്ങി എല്ലാം തേടിയുള്ള യാത്ര. വായനയിലൂടെ അറിഞ്ഞ സ്ഥലങ്ങളിലേക്കു നടത്തിയ യാത്രകളിൽ ആദ്യത്തേതും ഇതുതന്നെയായിരുന്നു. 

മാധവിക്കുട്ടിയാണ് പ്രിയപ്പെട്ട എഴുത്തുകാരി. കൊൽക്കത്തയിലെ  വിക്ടോറിയ മെമോറിയലിനെപ്പറ്റിയുള്ള മാധവിക്കുട്ടിയുടെ വിശേഷണവും അതിഗംഭീരമാണ്.  മഞ്ഞുകാലത്തെ വിക്ടോറിയ മെമ്മോറിയലിനെ ‘ആവി പറക്കുന്ന ഒരു കേക്കിന്റെ കഷ്ണം പോലെ തോന്നിക്കുന്നു’ എന്നാണ് അവർ പറഞ്ഞുവയ്ക്കുന്നത്. ഫ്രാൻസ്, ഓസ്ട്രിയ, സിംഗപൂർ, മലേഷ്യ, ദുബായ്, ശ്രീലങ്ക തുടങ്ങി 13ൽ അധികം രാജ്യങ്ങൾ സന്ദർശിച്ചു. ഇന്ത്യയിലെ ചരിത്രപ്രധാന നഗരങ്ങളിലും സ്ഥലങ്ങളിലും കോട്ടകളിലുമൊക്കെ പോയിട്ടുണ്ട്. 

ഓർഹാൻ പാമുക്കിന്റെ ‘ഇസ്തംബുൾ–മെമ്മറീസ് ആൻഡ് ദ് സിറ്റി’ വായിച്ചതുമുതൽ ഇസ്തംബുളിൽ പോകാനുള്ള മോഹം മനസ്സിലുണ്ട്. അടുത്ത ലക്ഷ്യവും അതുതന്നെ. യാത്രകളും വായനയും മാറ്റിവച്ചാൽ ജീവിതത്തിൽ ഏറ്റവുമധികം ആസ്വദിച്ചു ചെയ്യുന്ന കാര്യം ചെടിപരിപാലനമാണെന്നു രമ്യ പറയുന്നു. വീടിന്റെ ബാൽക്കണിയിൽ അപൂർവയിനം ചെടികളുൾപ്പെടെയാണ് വളർത്തുന്നത്. 

യാത്രകളിൽ പിന്തുണയായി ഭർത്താവും സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനുമായ ആർ.എസ്.ദിനു ഒപ്പമുണ്ട്. മാതാപിതാക്കളും മുൻ അധ്യാപകരുമായ സദാനന്ദനും ശ്യാമളയുമായിരുന്നു ചെറുപ്പംമുതൽ വായനയിലെ പ്രോത്സാഹനം. മകൾ നിഹാരിക ദിനു ആനന്ദ് പത്താംക്ലാസ് വിദ്യാർഥിനിയാണ്. അടൂർ തെങ്ങമം സ്വദേശിയാണ് രമ്യ. ഇപ്പോൾ ഭർത്താവിനൊപ്പം      എറണാകുളത്താണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA