ADVERTISEMENT

പന്തളം ∙ ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ പർവതങ്ങൾ കീഴടക്കിയെന്നും ശേഷിക്കുന്ന 5 ഭൂഖണ്ഡങ്ങളിലും പർവതാരോഹണം പൂർത്തിയാക്കുകയാണ് സ്വപ്നമെന്നും എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങിയെത്തിയ ഷെയ്ക് ഹസൻ ഖാൻ. എവറസ്റ്റിന്റെ നെറുകയിൽ ‍കൂറ്റൻ ദേശീയ പതാക ഉയർത്തി ചരിത്രം കുറിച്ച ഷെയ്ക് ഇന്നലെ പുലർച്ചെയോടെയാണ് വീട്ടിലെത്തിയത്.മാതാപിതാക്കളായ അലി അഹമ്മദ് ഖാൻ, ഷാഹിദ, ഭാര്യ ഖദീജ റാണി, മകൾ ജഹനാര മറിയം എന്നിവർക്കൊപ്പമിരുന്നാണ് ഷെയ്ക് തന്റെ ശേഷിക്കുന്ന പർവതാരോഹണ സ്വപ്നങ്ങൾ വെളിപ്പെടുത്തിയത്.

നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, അന്റാർട്ടിക്ക, യൂറോപ്പ്, ഏഷ്യൻ ഓഷ്യാന എന്നിവിടങ്ങളിലെ പർവതങ്ങളാണ് ഇനി ലക്ഷ്യം. നോർത്ത് അമേരിക്ക ദൗത്യം 2023 മേയിൽ നടത്തണമെന്നാണ് ആലോചന.സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റായ ഷെയ്ക് 68 ദിവസം അവധിയെടുത്താണ് ദൗത്യം പൂർത്തിയാക്കിയത്. ഡൽഹിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മലയാളി അസോസിയേഷനും ആദരിച്ചു.

ഏപ്രിൽ 24ന് തന്റെ പിറന്നാൾ ആഘോഷിച്ച ശേഷമായിരുന്നു പർവതാരോഹണത്തിന്റെ തുടക്കം. ക്യാംപ് നാലിലെത്തിയപ്പോൾ ഓക്സിജൻ തീർന്നു. മരണത്തെ മുൻപിൽ കണ്ട നിമിഷങ്ങൾ. വീണ്ടും ക്യാംപ് മൂന്നിലേക്ക് മടങ്ങുമ്പോൾ ഷെർപ (പർവതാരോഹണ സഹായി) ഓക്സിജനെത്തിച്ചു നൽകിയതിനാൽ ജീവൻ തിരിച്ചുകിട്ടി. നാട്ടിലെത്തിയപ്പോൾ 17 കിലോ ഭാരം കുറഞ്ഞു.

18,000 അടി ഉയരത്തിലുള്ള പടിഞ്ഞാറൻ സിക്കിമിലെ ബി.സി.റോയി കൊടുമുടി, ആഫ്രിക്കയിലെ ടാൻസനിയയിലെ 19,340 അടി ഉയരമുള്ള കിളിമഞ്ചാരോ എന്നിവ കീഴടക്കിയ ഷെയ്ക്, എവറസ്റ്റ് ആരോഹണത്തിൽ ചില ചരിത്രങ്ങൾ കൂടി രചിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 30 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള ദേശീയ പതാക ഉയർത്തിയതാണ് പ്രധാനം.

പർവതാരോഹണത്തിനു വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്നു ഷെയ്ക് ഹസൻ പറയുന്നു. പണച്ചെലവാണ് പ്രധാന തടസ്സം. എവറസ്റ്റ് യാത്രയ്ക്ക് 28 ലക്ഷം രൂപ ചെലവുണ്ട്. ടൂറിസം വകുപ്പ് 2 ലക്ഷവും ലോട്ടറി വകുപ്പ് ഒന്നര ലക്ഷവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷേയ്ക് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com