ADVERTISEMENT

തിരുവല്ല ∙ കോവിഡ് വീണ്ടും ആശങ്ക പടർത്തുമ്പോൾ വാക്സീൻ ബൂസ്റ്റർ ഡോസ് സ്വകാര്യ ആശുപത്രികളിൽ നിന്ന് എടുത്തവരുടെ എണ്ണം ജില്ലയിൽ 12000ൽ താഴെ മാത്രം. സർക്കാർ ആശുപത്രികളിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ എന്നിവർക്കു വാക്സീൻ സൗജന്യമായി നൽകുന്നുണ്ട്. ഇതിനു പുറമേയാണ് തുക ഈടാക്കി സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകാനുള്ള അനുമതി നൽകിയത്. ഈ വർഷം ജനുവരി 10നു തുടങ്ങിയ പദ്ധതി പ്രയോജനപ്പെടുത്തിയവർ കൂടുതലും വിദേശത്തു പോകേണ്ടവരാണ്. ജില്ലയിൽ 15 സ്വകാര്യ ആശുപത്രികളിലാണു കോവിഷീൽഡ് വാക്സീനുള്ളത്. ഒരേസമയം 10 പേരേ കിട്ടിയാൽ മാത്രമേ വാക്സീൻ നൽകാൻ കഴിയൂ. 

10 എണ്ണമുള്ള ഒരു വയൽ പൊട്ടിച്ചാൽ 45 മിനിറ്റിനകം ഉപയോഗിച്ചില്ലെങ്കിൽ കളയേണ്ടി വരും. പല സ്വകാര്യ ആശുപത്രികളും എടുത്ത വാക്സീൻ ജില്ലാ മെഡിക്കൽ ഓഫിസിനു തിരികെ നൽകിയാണു നഷ്ടം ഒഴിവാക്കിയത്. ഒരു വയലിൽ 10 വാക്സീൻ എന്നുള്ളത് മാറ്റി, ഒറ്റ ഡോസിന്റെ വാക്സീൻ ഇറക്കിയാൽ ആശുപത്രികൾക്കും എടുക്കാൻ വരുന്നവർക്കും പ്രയോജനപ്പെടും. ചെറിയ നിക്കുകൾക്കുപോലും എടുത്തുവച്ച് ആവശ്യക്കാർക്കു നൽകാൻ കഴിയും. സർക്കാർ ആശുപത്രികളിലും ഇതുതന്നെയാണു സ്ഥിതി. രണ്ടാമത്തെ ഡോസ് എടുത്തു 9 മാസം കഴിഞ്ഞവർക്കാണു ബൂസ്റ്റർ ഡോസ് നൽകുന്നത്. 

പത്തനംതിട്ട, തിരുവല്ല, അടൂർ എന്നിവിടങ്ങളിൽ മാത്രമാണു വാക്സീൻ സ്വകാര്യ ആശുപത്രികളിൽ കിട്ടുന്നത്. റാന്നി, കോന്നി, പന്തളം എന്നിവിടങ്ങളിൽ ലഭ്യമല്ല. സർക്കാർ ആശുപത്രിയിൽനിന്നു സൗജന്യമായി ലഭിക്കുന്ന വാക്സീൻ 60 വയസ്സിനു മുകളിൽ പ്രായമുള്ള 80% പേർ എടുത്തതായാണ് കണക്ക്. പ്രായപരിധി കുറച്ചാൽ കൂടുതൽ പേർ വാക്സീൻ എടുക്കാൻ തയാറാകും.  കോവിഡിന്റെ നാലാം തരംഗം ജൂലൈയിൽ വരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. വാക്സീൻ എടുക്കുന്നത് ഇപ്പോൾ‌ ആരും കാര്യമായി കരുതുന്നില്ലെന്നുള്ളതും പ്രശ്നമാണ്. സ്കൂളുകളിൽ പോയി വാക്സീൻ നൽകുന്ന പദ്ധതി നിർത്തലാക്കിയതോടെയാണു വാക്സീനെടുത്ത കുട്ടികളുടെ എണ്ണം കുറഞ്ഞത്. കോവിഡ് സമയത്തെ താൽകാലിക ആരോഗ്യപ്രവർത്തകരെ പിരിച്ചുവിട്ടതോടെയാണ് സ്കൂളുകളിലെ വാക്സീൻ ക്യാംപുകൾ നിന്നുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com