പത്തനംതിട്ട ∙ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രി ആന്റണി രാജു അറിയണം ജില്ലയിലെ യാത്രാ ദുരിതം. കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽ മാത്രം കോവിഡ് കാലത്ത് നിർത്തലാക്കിയത് 26 സർവീസുകളാണ്. ഇവ ഒന്നും പുനരാരംഭിച്ചില്ല. കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടായിരുന്ന തിരുനെല്ലി, വഴിക്കടവ് എന്നീ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ മുടങ്ങി. ഈ സർവീസുകൾ പുനരാരംഭിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനിച്ച് 3 മാസം പിന്നിട്ടിട്ടും നടപടി ആയിട്ടില്ല. ഗ്രാമീണ മേഖലയിലൂടെയുള്ള ഓർഡിനറി സർവീസുകൾ നിർത്തിയത് ജനങ്ങൾക്ക് ദുരിതമായി. ഇതിനു പുറമേ ജില്ലയിൽ ആകെ ഉണ്ടായിരുന്ന 360 സ്വകാര്യ ബസുകളിൽ 58 എണ്ണം കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോഴും നിരത്തിൽ ഇറക്കിയിട്ടില്ല.
∙ മൈലപ്ര, പത്തിശേരി, മലയാലപ്പുഴ, പുതുക്കുളം വഴി പത്തനംതിട്ട- വടശേരിക്കര റൂട്ടിൽ സർവീസ് നടത്തി വന്ന ഏക ബസ് നിർത്തി. പത്തിശേരി ഭാഗത്തുള്ള കുട്ടികൾ മൈലപ്ര വരെ നടന്ന് എത്തിയാണ് സ്കൂളിലും കോളജിലും പോകുന്നത്.
∙ വല്യയന്തി, കടമ്മനിട്ട, വാഴക്കുന്നം, കോഴഞ്ചേരി വഴി പത്തനംതിട്ട- തിരുവല്ല റൂട്ടിൽ സർവീസ് നടത്തി വന്ന കെഎസ്ആർടിസി ബസ് ഇപ്പോൾ ഓടുന്നില്ല. വല്യയന്തി വഴി ഇപ്പോൾ ഒരു ബസും ഇല്ല. കാൽനടയാണ് ജനങ്ങൾക്ക് ഏക ആശ്രയം.
∙ കടമ്മനിട്ട, നാരങ്ങാനം മേഖലയിൽ ബസ് സർവീസുകൾ കുറവാണ്. കടമ്മനിട്ട, വാഴക്കുന്നം വഴി പത്തനംതിട്ട- കോഴഞ്ചേരി, നാരങ്ങാനം വഴി പത്തനംതിട്ട- കോഴഞ്ചേരി റൂട്ടുകളിൽ രണ്ട് കെഎസ്ആർടിസി ബസ് ഉണ്ടായിരുന്നു. രണ്ടും നിർത്തി.
∙ കടമ്മനിട്ട, വാഴക്കുന്നം വഴി സീതത്തോട്- പത്തനംതിട്ട- കോഴഞ്ചേരി റൂട്ടിൽ ഉണ്ടായിരുന്ന സ്വകാര്യ ബസ് ഇപ്പോൾ പത്തനംതിട്ട വരെ മാത്രമാണ് ഓടുന്നത്.
∙ കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ സീതത്തോട് പോയി അവിടെ നിന്ന് തിരിച്ച് വടശേരിക്കര, ബഗ്ലാംകടവ്, റാന്നി, മേനാംതോട്ടം, ചെറുകോൽപുഴ, കോഴഞ്ചേരി, തിരുവല്ല വഴി കോട്ടയത്തിന് ഉണ്ടായിരുന്ന ഓർഡിനറി ബസ് കോവിഡിനെ തുടർന്ന് നിർത്തിയതാണ്. ബഗ്ലാംകടവ്, ഇടപ്പാവൂർ, ചെറുകോൽപുഴ ഭാഗങ്ങളിലൂടെ ഉണ്ടായിരുന്ന ഏക കെഎസ്ആർടിസി ബസാണിത്.
∙ കുടിയേറ്റ ഗ്രാമമായ തൂമ്പാക്കുളം ബസ് സർവീസ് ഇല്ലാത്ത പ്രദേശമായി മാറി. കോന്നി- തൂമ്പാക്കുളം ബസുകൾ കരിമാൻതോട് എത്തി ട്രിപ്പ് അവസാനിപ്പിക്കുന്നു. അതിനാൽ കരിമാൻതോട് മുതൽ തൂമ്പാക്കുളം വരെയുള്ള മൂന്ന് കിലോമീറ്റർ കാൽനട അല്ലാതെ മാർഗമില്ല.
∙ തൂമ്പാക്കുളം- ചെങ്ങന്നൂർ കെഎസ്ആർടിസി ബസും നിർത്തലാക്കി.
∙ പത്തനംതിട്ട- കരിമാൻതോട് റൂട്ടിൽ 8 കെഎസ്ആർടിസി ബസ് ഉണ്ടായിരുന്നു. അതിൽ തിരുവനന്തപുരം ഫാസ്റ്റ് മാത്രമാണ് ഇപ്പോൾ ഓടുന്നത്. കരിമാൻതോട്- കോട്ടയം, കരിമാൻതോട് - തൃശൂർ എന്നിവ നിർത്തലാക്കി.
∙ തണ്ണിത്തോട് വഴി കോന്നി - കോട്ടമൺപാറ റൂട്ടിൽ ഉണ്ടായിരുന്ന സ്വകാര്യ ബസ് നിർത്തി. തണ്ണിത്തോട് സ്റ്റാൻഡ്, കൂത്താടിമൺ, മാർക്കറ്റ് റോഡ്, കാവിൽ ജംക്‌ഷൻ എന്നിവിടങ്ങളിലൂടെ കോന്നി തണ്ണിത്തോട് റൂട്ടിൽ ഉണ്ടായിരുന്ന സ്വകാര്യ ബസും ഇപ്പോൾ ഓടുന്നില്ല.
∙ പന്തളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കുരമ്പാല, കീരുകുഴി വഴി അടൂരിനുള്ള കെഎസ്ആർടിസി ബസ് നിർത്തിയത് പന്തളം എൻഎസ്എസ് പോളിടെക്നിക് കോളജ്, പെരുമ്പുളിക്കൽ എൻഎസ്എസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികളെ യാത്രാ ക്ലേശത്തിലാക്കി.