ADVERTISEMENT

ഏനാത്ത് ∙ ഓണം എത്തുന്നതിനു മുന്നേ പച്ച ഏത്തക്കായുടെയും പഴത്തിന്റെയും വില മൂന്നക്കത്തിലെത്തി. ഓണത്തിനു മുൻപേ വില ഉയർന്നെങ്കിലും നീണ്ടു നിൽക്കണമെന്ന ആഗ്രഹത്തിലാണ് കർഷകർ. ആഴ്ചകൾക്കുള്ളിൽ ഒരു കിലോ നാടൻ പച്ച ഏത്തക്കായുടെയും പഴത്തിന്റെയും വില 120 രൂപ വരെയെത്തി. സ്വാശ്രയ കർഷക വിപണികളിൽ മേൽത്തരം ഏത്തക്കുല കിലോയ്ക്ക് 105 രൂപവരെ വിലയ്ക്കാണ് ലേലം ഉറപ്പിച്ച് വിൽപന. എന്നാൽ വിളവെടുപ്പ് കുറഞ്ഞ സമയമായതിനാലാണ് ഇപ്പോൾ വില ഉയർന്ന് നിൽക്കുന്നത്.

ഞാലിപ്പൂവന്റെ വരവ് കുറഞ്ഞു. പൂവന് കർഷകർക്ക് കിലോയ്ക്ക് 50 രൂപ വില ലഭിക്കുന്നുണ്ട്. വിപണിയിൽ പൂവൻ പഴത്തിന് 80 രൂപ വരെ വില ഉയർന്നു. ഓണക്കാല വിളവെടുപ്പിനായി വാഴക്കൃഷി പാകമാക്കാനുള്ള ശ്രമത്തിലാണ് കർഷകർ. നെൽക്കൃഷി ഉപേക്ഷിച്ച തരിശു നിലങ്ങളിൽ പണ കോരിയും ഏത്തവാഴക്കൃഷി സജീവമാണ്. 

പച്ചക്കറികളിൽ വിലയുടെ കാര്യത്തിലും പാവയ്ക്ക ഒന്നാമതാണെങ്കിലും ഉൽപാദനത്തിൽ പിന്നിലാണ്. സ്വാശ്രയ കർഷക വിപണികളിൽ 100 രൂപയാണ് വില. 65 രൂപ വിലയോടെ പയറും തൊട്ടു പിന്നിലുണ്ട്. പയർ, കോവൽ, ഏത്തവാഴ എന്നിവയാണ് കൂടുതൽ ആദായം ലഭിക്കുന്ന കൃഷിയായി കർഷകർ മുന്നോട്ട് കൊണ്ടുപോകുന്നത്. ഉയർന്ന പരിപാലന ചെലവും കീടബാധയും കാരണം പാവൽക്കൃഷി വിരളമാണ്. ഇക്കുറി കാലാവസ്ഥ പ്രതികൂലമായത് പച്ചക്കറി കൃഷിയെ ബാധിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com