പുനലൂർ- പൊൻകുന്നം റോഡിൽ അപകടങ്ങൾ പെരുകുന്നു; മണ്ണാരക്കുളഞ്ഞിയിൽ വീണ്ടും അപകടം

pta-accident
പുനലൂർ- പൊൻകുന്നം സംസ്ഥാന പാതയിൽ മണ്ണാരക്കുളഞ്ഞി മാർക്കറ്റ് ജംക്‌ഷനു സമീപം അപകടത്തിൽപ്പെട്ട കാറുകൾ. ചിത്രം: മനോരമ
SHARE

പത്തനംതിട്ട ∙ വീതി കൂട്ടി  ഉന്നത നിലവാരത്തിൽ  വികസിപ്പിച്ചതോടെ പുനലൂർ- പൊൻകുന്നം റോഡിൽ അപകടങ്ങൾ പെരുകി.  മണ്ണാരക്കുളഞ്ഞി  മാർക്കറ്റ് ജംക്‌ഷനു സമീപം ഇന്നലെ കാറുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. റാന്നി വലിയകാവ് കാവുംമണ്ണിൽ സാമുവൽ കെ.ഏബ്രഹാമും കുടുംബവും സഞ്ചരിച്ചിരുന്ന  കാറിലേക്ക് കൊട്ടാരക്കര വാളകം വാരിക്കോട്ടിൽ ബിജു ചാക്കോയുടെ കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടെങ്കിലും ആർക്കും പരുക്കില്ല. 

റാന്നിയിലേക്കു പോകുകയായിരുന്നു സാമുവൽ. ഇടിയുടെ ആഘാതത്തിൽ കാർ വട്ടംകറങ്ങി എതിർ ദിശയിലേക്ക് തിരിഞ്ഞാണ് നിന്നത്. കാറിന്റെ ഒരുവശം പൂർണമായും  തകർന്നു. വാളകത്തേക്കു പോയ കാർ  അപകട സ്ഥലത്തുനിന്ന് 50 മീറ്റർ മാറിയാണ് നിന്നത്. ടയറും  പഞ്ചറായി.  മലയാലപ്പുഴ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. 

റോഡ് വികസിപ്പിച്ച ശേഷം  മണ്ണാരക്കുളഞ്ഞി  ആശുപത്രി ജംക്‌ഷനും  മൂഴിയാർ മുക്കിനും മധ്യേയുള്ള വളവിൽ മൂന്ന് അപകടങ്ങൾ ഉണ്ടായി. രണ്ടിലും ഇരുചക്ര വാഹനക്കാരാണ് അപകടത്തിൽ പെട്ടത്. മേക്കൊഴൂർ റോഡ് ചേരുന്ന ഭാഗത്ത് കാറുകൾ കൂട്ടിയിടിച്ചും അപകടം ഉണ്ടായി. മണ്ണാരക്കുളഞ്ഞി ചന്തയ്ക്കും രണ്ടാംകലുങ്കിനും മധ്യേയുള്ള വളവിൽ  കാറുകൾ , ബൈക്കുകൾ എന്നിവ കൂട്ടിമുട്ടി രണ്ട് അപകടം ഉണ്ടായി. 

മൈലപ്ര പഞ്ചായത്ത് പടിയും സ്ഥിരം അപകട മേഖലയായി മാറി. കഴിഞ്ഞ ദിവസം ഇവിടെ സ്കൂട്ടറുകൾ കൂട്ടിമുട്ടി അപകടം സംഭവിച്ചു.  മേക്കൊഴൂർ റോഡ് പൊൻകുന്നം സംസ്ഥാന പാതയിൽ ചേരുന്നത് പഞ്ചായത്ത് പടിയിലാണ്. സംസ്ഥാന പാതയിലേക്ക്  ചേരുന്ന ഉപറോഡിൽ വേഗം നിയന്ത്രിക്കാൻ ഹംപ് സ്ഥാപിക്കാറുണ്ട്. ഇവിടെ അത് ചെയ്തിട്ടില്ല. അതിനാൽ  മേക്കൊഴൂർ റോഡിലൂടെ  പാഞ്ഞുവരുന്ന വണ്ടികൾ അതേ വേഗത്തിൽ സംസ്ഥാന പാതയിലേക്കു കയറുന്നു. ഒപ്പം കൂട്ട ഇടിയും നടക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ  നാല് അപകടങ്ങൾ ഇവിടെ ഉണ്ടായി. 

മൈലപ്ര പള്ളിപ്പടിയിലും സ്ഥിരമായി അപകടം ഉണ്ടാകുന്നു.  പത്തനംതിട്ട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കയറ്റം കയറിയാണ് പള്ളിപ്പടിയിൽ  പൊൻ‌കുന്നം സംസ്ഥാന പാതയിലേക്ക് കയറുന്നത്.  സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾ വേഗം പത്തനംതിട്ട ഭാഗത്തേക്ക് തിരിയുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. ഇവിടെ  നേരത്തെ ഡിവൈഡർ ഉണ്ടായിരുന്നു.  ഇപ്പോൾ ഇല്ല. ഇതും അപകടത്തിന് കാരണമാകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS