ADVERTISEMENT

കൊടുമൺ ∙ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കോഴിയെ വളർത്തി ജീവിക്കുന്ന കർഷകർ ദുരിതത്തിലായി. സന്ധ്യ കഴിഞ്ഞാൽ കോഴിക്കൂടിന്റെ സമീപം കാവലിരിക്കേണ്ട ഗതികേടാണ് പലർക്കും. ചന്ദനപ്പള്ളി വളത്തുകാട് ഭാഗത്ത് തെരുവുനായ്ക്കൾ നിരന്തരമായി കോഴിയെ കൊല്ലുന്നതായാണ് പരാതി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നായ്ക്കളുടെ ശല്യം രൂക്ഷമായി. ചന്ദനപ്പള്ളി, അങ്ങാടിക്കൽ, കൊടുമൺ ജംക്‌ഷൻ, പഴയ പൊലീസ് സ്റ്റേഷൻ ഭാഗം, ടെലിഫോൺ എക്സ്ചേഞ്ച് ഭാഗം എന്നിവിടങ്ങളിൽ സന്ധ്യ കഴിഞ്ഞാൽ പൊതുജനത്തിന് പുറത്തിറങ്ങാൻ കഴിയുന്നില്ല.

പഞ്ചായത്തിൽ വർഷങ്ങൾക്ക് മുൻപ് വന്ധ്യംകരണം പദ്ധതി നടപ്പാക്കിയ സമയത്ത് നായ്ക്കളുടെ ശല്യത്തിന് കുറവ് വന്നിരുന്നു. എന്നാൽ പദ്ധതി ഇല്ലാതായതോടെ ശല്യം വർധിക്കുകയാണ്. നായ്ക്കൾക്ക് പുറമേ കുറുക്കന്റെ ശല്യവും കോഴി കർഷകർക്ക് ദുരിതമായി മാറി. പ്രധാന റോഡുകളിലും ഗ്രാമീണ വഴികളിലും ഏതു സമയത്തും നായ്ക്കളുടെ ശല്യം ഉണ്ടാവുകയാണ്. രാവിലെയും വൈകുന്നേരങ്ങളിലും റോഡിലൂടെ നടന്നുപോകുന്ന സ്കൂൾ കുട്ടികളും ഭീതിയിലാണ്. ഏതു സമയത്തും നായ്ക്കളുടെ ആക്രമണം ഉണ്ടാകുന്ന അവസ്ഥയാണ്. ഇരുചക്രവാഹന യാത്രക്കാർക്ക് നേരെയും ഇവ പാഞ്ഞടുക്കുകയാണ്. പലപ്പോഴും നിയന്ത്രണം വിട്ട് ബൈക്ക് മറിയാനും ഇടയാകുന്നു.

പന്തളം തെക്കേക്കര

പന്തളം തെക്കേക്കര ∙ പഞ്ചായത്തിലെ ചെറിയലം വാർഡിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി മാറി. രാത്രിയും പകലും ഇവയുടെ ശല്യം വർധിക്കുകയാണ്. സ്കൂൾ കുട്ടികളും വഴി യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. വീട്ടിൽ വളർത്തുന്ന കോഴി, ആട്, പശു തുടങ്ങിയവയ്ക്ക് നേരെയും ആക്രമണമുണ്ടാകുന്നു. പലപ്രാവശ്യം ജനപ്രതിനിധികളോട് പരാതി പറഞ്ഞിട്ടും പ്രയോജനം ഉണ്ടാകുന്നില്ലെന്നാണ് ആരോപണം.

തെരുവുനായ്ക്കളെ തുരത്താൻ അധികൃതർ നടപടി സ്വീകരിക്കാത്തപക്ഷം സമരപരിപാടികൾ നടത്താൻ കോൺഗ്രസ് വാർഡ് കമ്മിറ്റി തീരുമാനിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബി. നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രകുമാരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ അജി മുരുപ്പേൽ, ആർ. രാജേന്ദ്രകുമാർ, ജോർജ് പാപ്പൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com