ADVERTISEMENT

വെച്ചൂച്ചിറ ∙ കാടും പടലും മൂടി നാഥനില്ലാക്കളരി പോലെ ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റൽ കെട്ടിടം. മുടങ്ങിക്കിടക്കുന്ന കെട്ടിട നിർമാണം പുനരാരംഭിക്കണമെങ്കിൽ സർക്കാർ കോടി രൂപ അനുവദിക്കണം,. 1998ൽ ആണ് വെച്ചൂച്ചിറയിൽ പോളിടെക്നിക് അനുവദിച്ചത്. തുടക്കം മുതൽ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനം. കെട്ടിട നിർമാണത്തിന് സ്ഥലമില്ലാത്തതായിരുന്നു പ്രശ്നം. വെച്ചൂച്ചിറ വിമുക്തഭട വിവിധോദ്ദേശ സഹകരണ സംഘം 8 ഏക്കർ സ്ഥലം വർക്കലമുക്കിൽ സൗജന്യമായി നൽകിയതോടെയാണ് കുറവു പരിഹരിച്ചത്. ഇതോടൊപ്പം 2 ഏക്കർ പഞ്ചായത്ത് വിലയ്ക്കെടുത്തു നൽ‌കി.സംസ്ഥാന സർക്കാരിന്റെ മാന്ദ്യവിരുദ്ധ പാക്കേജിലും നബാർഡ് പദ്ധതിയിലും 10 കോടി രൂപ അനുവദിച്ചതോടെയാണ് കെട്ടിട നിർമാണത്തിന് സാധ്യത തെളിഞ്ഞത്.

പോളിയുടെ പ്രധാന കെട്ടിടവും ഹോസ്റ്റലും ഒന്നിച്ചാണ് കരാർ നൽകിയത്. ഹോസ്റ്റലിന്റെ പണി തുടക്കത്തിൽ ആരംഭിച്ചിരുന്നില്ല. പോളിടെക്നിക്കിന്റെ കെട്ടിട നിർമാണം ഇഴഞ്ഞും മുടങ്ങിയും നീളുകയായിരുന്നു. പലതവണ കരാർ നീട്ടി നൽകിയിട്ടും നിർമാണം പൂർത്തിയാകാത്തതിനാൽ പിന്നീട് കരാർ റദ്ദാക്കി. തുടർന്ന് എസ്റ്റിമേറ്റ് പുതുക്കി കരാർ ചെയ്താണ് പണി പൂർത്തിയാക്കിയത്.ഇതോടൊപ്പം ആൺ, പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ, കന്റീൻ എന്നിവയുടെ നിർമാണവും കരാർ ചെയ്തിരുന്നു.3 നിലകൾ വീതമുള്ള കെട്ടിടങ്ങളുടെ ഭാഗികമായ പണികൾ പൂർ‌ത്തിയായി.

പെയിന്റ് പൂശൽ, ഗ്രില്ലുകൾ സ്ഥാപിക്കൽ എന്നിവയും മിനുക്കു പണികളുമാണ് ബാക്കി. അതിന് എസ്റ്റിമേറ്റിൽ തുക നീക്കിവച്ചിരുന്നില്ല. ഇതേ തുടർന്നാണ് പുതുക്കിയ കോടി രൂപയുടെ എസ്റ്റിമേറ്റ് നൽകിയത്. സർക്കാർ ഇതുവരെ അതിന് ഭരണാനുമതി നൽ‌കിയിട്ടില്ല.അതു കിട്ടാതെ പണി പൂർത്തിയാക്കാനാകില്ല.കോടികൾ ചെലവഴിച്ചു നിർമിക്കുന്ന കെട്ടിടങ്ങൾ സംരക്ഷിക്കാൻ ആരുമില്ല. ബന്ധപ്പെട്ടവരാരും ഇവിടേക്കു തിരഞ്ഞു നോക്കുന്നില്ല.കന്റീൻ കെട്ടിടം തുറന്നു കിടക്കുകയാണ്. ഇതിൽ 12 ഫാനുകളും എക്സ്ഹോസ്റ്റ് ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. അവ ആരെങ്കിലും കടത്തിയാൽ പോലും അറിയാനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com