ADVERTISEMENT

പത്തനംതിട്ട ∙ മന്ത്രി വീണാ ജോർജിനെതിരെ കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊടുമണ്ണിലും അടൂരിലുമാണു മന്ത്രിക്കുനേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പത്തനംതിട്ടയിൽ മന്ത്രിയുടെ ഓഫിസിലേക്കു നടത്തിയ മാർച്ചിലും ചെറിയ തോതിൽ സംഘർഷമുണ്ടായി. 

1. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ പൊലീസുകാരെ മറികടന്ന് മുന്നോട്ട്. 2. എം.ജി. കണ്ണൻ മന്ത്രിയുടെ വാഹനത്തിനു നേരേ കരിങ്കൊടി എറിയുന്നു. ചിത്രങ്ങൾ: നിഖിൽരാജ് ∙ മനോരമ
1. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ പൊലീസുകാരെ മറികടന്ന് മുന്നോട്ട്. 2. എം.ജി. കണ്ണൻ മന്ത്രിയുടെ വാഹനത്തിനു നേരേ കരിങ്കൊടി എറിയുന്നു. ചിത്രങ്ങൾ: നിഖിൽരാജ് ∙ മനോരമ

കൊടുമണ്ണിൽ മന്ത്രി വീണാ ജോർജിന്റെ വാഹനത്തിന് കരിങ്കൊടി കാണിച്ച 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് ജി. മനോജ്, എം.എം.പി.ഹസ്സൻ, ജിജോ ചെറിയാൻ, അഭിജിത് സോമൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് സംഭവം. വീണാ ജോർജ് അങ്ങാടിക്കലിലെ വസതിയിൽ ഉണ്ടെന്നറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടിന് സമീപമുള്ള റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽനിന്ന് പുറത്തിറങ്ങിയ മന്ത്രിയുടെ വാഹനത്തിനുനേരെ പ്രവർത്തകർ കരിങ്കൊടി വീശി. തുടർന്നാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.

മന്ത്രിയുടെ വാഹനത്തിനു നേരെ അടൂരിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലാത്തികൊണ്ട് അടിച്ചു. ഇന്നലെ വൈകിട്ട് അടൂർ ഹൈസ്കൂൾ ജംക്‌ഷനിലാണു സംഭവം. മന്ത്രി വീണാ ജോർജ് ചേന്നമ്പള്ളി ജംക്‌ഷനിൽ സ്വകാര്യ പരിപാടി ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് ഹൈസ്കൂൾ ജംക്‌‌ഷൻ ഭാഗത്തു നിന്നിരുന്ന യൂത്ത്കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാട്ടിയത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അലക്സ് കോയിപ്പുറത്ത്, മണ്ഡലം പ്രസിഡന്റുമാരായ നിതീഷ് പന്നിവിഴ, ക്രിസ്റ്റോ വർഗീസ് മാത്യു, അഖിൽ പന്നിവിഴ, ടിറ്റോ രാജു, സിജു പഴകുളം എന്നിവരെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു.

പത്തനംതിട്ടയിൽ തിരുവല്ല റോഡിലെ മന്ത്രിയുടെ ഓഫിസിലേക്കു കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. മാർച്ച്  മന്ത്രിയുടെ ഓഫിസിന് 100 മീറ്റർ അകലെ പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേ‍ഡ് മറിച്ചിടാനും വടം അഴിച്ചു മാറ്റാനും ശ്രമിച്ചതു സംഘർഷത്തിനിടയാക്കി. മാർച്ച് കെപിസിസി ജന.സെക്രട്ടറി പഴകുളം മധു  ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷനായിരുന്നു. ഉദ്ഘാടനം കഴിഞ്ഞതോടെ നേതാക്കളടക്കം മറ്റൊരു വഴിയിലൂടെ ബാരിക്കേഡിന്റെ മറുവശത്ത് എത്തിയതോടെ പൊലീസ് നേതാക്കളെയും പ്രവർത്തകരെയും തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്തു വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ നേതാക്കൾ വാഹനത്തിന് മുന്നിൽ കിടന്നു പ്രതിഷേധിച്ചു. 

ഡിസിസി പ്രസിഡന്റ്ടക്കം 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടു. സംഘർഷത്തിനിടയിൽ  ജോർജ് മാമ്മൻ കൊണ്ടൂരിന്റെ ഷർട്ട് കീറി.  നേതാക്കളായ പി.മോഹൻരാജ്, അൻസാർ മുഹമ്മദ്, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, അബ്ദുൾ കലാം ആസാദ്, മാലേത്ത് സരളദേവി, അനീഷ് വരിക്കണ്ണാമല, എ.സുരേഷ് കുമാർ, കെ.ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, സുനിൽ എസ്.ലാൽ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രതിഷേധത്തിൽ നിന്നു മന്ത്രിയെ സംരക്ഷിക്കാൻ പത്തനംതിട്ട–കോഴഞ്ചേരി റോഡിൽ ഗതാഗതം നിരോധിച്ചു പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച പൊലീസ് നടപടി തിഷേധാർഹമാണെന്നു സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com