ADVERTISEMENT

കോഴഞ്ചേരി∙ പഞ്ചായത്തും കൃഷി വകുപ്പും കൈകോർത്തു, കർഷകർക്കു സമാശ്വാസമായി ഫ്രൂട്സ് പ്രദർശന, വിപണന മേള. തോട്ടപ്പുഴശേരി പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സമൃദ്ധി ഇക്കോഷോപ്പിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു സമീപം ആരംഭിച്ച മേളയാണു രണ്ടു ദിവസം കൊണ്ട് വലിയ ആകർഷണമായി മാറിയത്. മാംഗോസ്റ്റിൻ, പുലാസാൻ, ദുരിയാൻ, റംബുട്ടാൻ, മുള്ളാത്ത, മുട്ടപ്പഴം, ജെറാബ, നോനി, ഡ്രാഗൺ ഫ്രൂട്ട്, മാങ്ങകളുടെയും മുന്തിരിങ്ങകളുടെയും ഈന്തപ്പഴത്തിന്റെയും വിവിധയിനങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ പഴങ്ങളാണു മേളയെ ആകർഷകമാക്കുന്നത്. 

വ്യത്യസ്ത ഇനത്തിലുള്ള ചക്കകളും പപ്പായകളും കൈതച്ചക്കകളും ആവശ്യക്കാരെ കാത്തിരിക്കുന്നു.ഇവ കൂടാതെ വിവിധയിനം തൈകളും ന്യായ വിലയ്ക്കു വിപണനത്തിന് എത്തിച്ചിട്ടുണ്ട്. തായ്‌ലൻഡ് ചാമ്പ, വളരെ പെട്ടെന്ന് കായ്ക്കുന്ന ഗംഗാ ബോണ്ടം തെങ്ങിൻ തൈകൾ, ‍ശ്രീലങ്ക ഗോൾഡൻ ജാതി, ചൈനീസ് ഓറഞ്ച് തുടങ്ങിയവയുടെ വ്യത്യസ്തങ്ങളായ തൈകളും വിൽപനയ്ക്കുണ്ട്. വലിയ പരസ്യ പിന്തുണ ഇല്ലാതെ ആരംഭിച്ച പ്രദർശനം ഇന്ന് രാത്രിയോടെ സമാപിക്കും.

പ്രദേശത്ത് വ്യാപകമായി വിളയുന്ന വിദേശിയും സ്വദേശിയുമായ വിവിധയിനം പഴങ്ങൾക്ക് വിപണിയിൽ വലിയ വിലയ്ക്കാണ് കച്ചവടക്കാർ വിൽക്കുന്നത്. എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇവ കൃഷി ചെയ്യുന്ന കർഷകർക്ക് വളരെ തുച്ഛമായ വിലയാണ് ലഭിക്കുന്നതെന്ന തിരിച്ചറിവിലാണു പഞ്ചായത്തും കൃഷി ഭവനും ചേർന്ന് ഇങ്ങനെ ഒരു പദ്ധതി തയാറാക്കിയത്. തുടർ വർഷങ്ങളിൽ ഇതിനേക്കാൾ വിപുലമായ തരത്തിൽ മേള സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com