ADVERTISEMENT

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന തലവാചകം എഴുതി എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചതിനു സ്വന്തമായി ഫ്ലെക്സ് വച്ച കുഞ്ഞാക്കുവിനു (ജിഷ്ണു)  മന്ത്രി വി. ശിവൻകുട്ടിയുടെയും അഭിനന്ദനം. ഫെയ്സ്ബുക്കിലാണു മന്ത്രി അഭിനന്ദനക്കുറിപ്പിട്ടത്. പരീക്ഷാ ഫലം വന്നു 2 ദിവസം കഴിഞ്ഞപ്പോഴാണു കൊടുമൺ–അങ്ങാടിക്കൽ റോഡിൽ മണക്കാട് ക്ഷേത്രത്തിനു സമീപം ഏവരുടെയും ശ്രദ്ധയാകർഷിച്ച് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. 

ഫ്ലെക്സിൽ കൂളിങ് ഗ്ലാസ് വച്ചാണു കുഞ്ഞാക്കുവിന്റെ ഇരിപ്പ്. കൂടാതെ 2022 എസ്എസ്എൽസി പരീക്ഷയിൽ മരണമാസ് വിജയം നേടിയ കുഞ്ഞാക്കു എന്ന എനിക്ക് എന്റെ തന്നെ അഭിനന്ദനം എന്ന ഡയലോഗ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.സംഭവം ശ്രദ്ധയിൽപ്പെട്ട  മന്ത്രി ശിവൻകുട്ടിയും ജിഷ്ണുവിനെ അഭിനന്ദിക്കുകയായിരുന്നു. ‘ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്നു കുഞ്ഞാക്കു തന്നെ ഫ്ലെക്സിൽ പറയുന്നുണ്ട്. അങ്ങനെയാകട്ടേയെന്നു ആശംസിക്കുന്നു. ജീവിത പരീക്ഷയിലും മികച്ച വിജയം കുഞ്ഞാക്കുവനെ തേടിയെത്തട്ടേയെന്നു  മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. 

അങ്ങാടിക്കൽ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതിൽ അരിയംകുളത്ത് ഓമനക്കുട്ടന്റെയും ദീപയുടെയും മകനാണ് ജിഷ്ണു. വീട്ടിലെ സാഹചര്യം പഠനത്തിനു ബുദ്ധിമുട്ടായതോടെ പത്തനാപുരം കുറുമ്പകരയിലെ അമ്മയുടെ വീട്ടിൽ നിന്നാണു ജിഷ്ണു പഠിച്ചത്. ഹൈസ്കൂൾ ക്ലാസുകളിൽ കുറുമ്പകര എംഎച്ച്എസിലായിരുന്നു പഠനം. വീട്ടിൽ നിന്ന് 14 കിലോമീറ്റർ അകലെയായിരുന്നു സ്കൂൾ. ദിവസവും ബസിലായിരുന്നു യാത്ര. എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കില്ല എന്ന കൂട്ടുകാരുടെ സ്ഥിരം കളിയാക്കലിനു മറുപടിയായാണു വിജയിച്ചതോടെ ഇതുപോലൊരു ഫ്ലെക്സ് വയ്ക്കാൻ താൻ നിർബന്ധിതനായതെന്നു ജിഷ്ണു പറയുന്നു. ഫ്ലെക്സ്  വയ്ക്കാൻ പണം ഇല്ലാത്തതിനാൽ നവജ്യോതി കായിക കലാസമിതിയിലെ കൂട്ടുകാരാണു സഹായിച്ചത്. ഉപരി പഠനത്തിനുള്ള      തയാറെടുപ്പിലാണു കുഞ്ഞാക്കു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com