ADVERTISEMENT

ശബരിമല ∙ പരിസ്ഥിതിലോല മേഖല ഉയർത്തുന്ന ഭീഷണി ശബരിമലയിലും ബാധകമാകുമെന്ന് ആശങ്ക. സർക്കാരും ദേവസ്വം ബോർഡും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ശബരിമല വികസനത്തെ മാത്രമല്ല തീർഥാടനത്തെയും പുതിയ ബഫർ സോൺ നിർദേശം ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. 

പെരിയാർ കടുവ സങ്കേതത്തിലാണു ശബരിമല സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, നീലിമല, ശരംകുത്തി പാതകൾ, അഴുത മുതൽ പമ്പ വരെയുള്ള കാനനപാത, പുല്ലുമേട്ടിൽ നിന്നു സന്നിധാനത്തേക്കുള്ള കാനനപാത എന്നിവ. സന്നിധാനത്ത് 34.03 ഹെക്ടർ, പമ്പയിൽ 22.08, നിലയ്ക്കൽ 111.8, ശരണവഴികൾ എന്നിവ ഉൾപ്പെടെ 181.03 ഹെക്ടർ ഭൂമിയാണു ദേവസ്വം ബോർഡിനുള്ളത്. 1978ലാണ് പെരിയാർ കടുവ സങ്കേതമായി പ്രഖ്യാപിച്ചത്. 

അതിനുശേഷം ഇവിടെ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനു വനം വകുപ്പിന്റെ കർശന നിയന്ത്രണമുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വനം വകുപ്പു നിയന്ത്രണങ്ങൾ കർശനമാക്കിയാൽ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നതു ശബരിമല തീർഥാടന കേന്ദ്രത്തെയാണ്. പരിസ്ഥിതി ലോല മേഖലയിലെ നിർമാണങ്ങളുടെ വിവരങ്ങൾ 3 മാസത്തിനകം നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോടു സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള വിവരശേഖരണം വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 

ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇളവുകൾ അനുവദിക്കാൻ സർക്കാരിനു ശുപാർശ നൽകാം. അതിനു ദേവസ്വം ബോർഡും ഭക്തജന സംഘടനകളുമാണു സർക്കാരിൽ സമ്മർദം ചെലുത്തേണ്ടത്. ദേവസ്വം ബോർഡിന്റെ ഭാഗത്ത് ഇതിനുള്ള നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. 1978ൽ പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ ശബരിമലയെ ഉൾപ്പെടുത്തിയപ്പോൾ അന്ന് ദേവസ്വം ബോർഡ് എതിർക്കാതിരുന്നതാണു പിന്നീട് എല്ലാ വികസന പ്രവർത്തനങ്ങളിലും വനം വകുപ്പു തടസ്സങ്ങൾ ഉന്നയിക്കുന്ന സ്ഥിതിയുണ്ടാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com