ADVERTISEMENT

പന്തളം ∙ നിയന്ത്രണം വിട്ട ലോറിയിടിച്ചു ട്രാൻസ്ഫോമർ തകർന്നു മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ആർക്കും പരുക്കില്ല. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് അപകടം. ടിബി ജംക്‌ഷനിൽ ഐഒസി പെട്രോൾ പമ്പിനു സമീപം എംസി റോഡിന്റെ കിഴക്ക് സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോമറിലാണു ലോറിയിടിച്ചത്. അപകടത്തെ തുടർന്നു പ്രദേശത്തെ വൈദ്യുതി വിതരണം പൂർണമായി നിലച്ചിരുന്നു.പ്ലൈവുഡ്ഡുമായി തിരുനെൽവേലിയിൽ നിന്നു പെരുമ്പാവൂരിലേക്ക് പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ലോറി എതിർ ‍ വശത്തെ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കുളനടയിൽ ട്രാൻസ്ഫോമറിൽ ഇടിച്ചു മുൻഭാഗം തകർന്ന ലോറി.
കുളനടയിൽ ട്രാൻസ്ഫോമറിൽ ഇടിച്ചു മുൻഭാഗം തകർന്ന ലോറി.

 ട്രാൻസ്ഫോമറും എംസി റോഡിന്റെ വശത്തെ കൈവരികളും തകർന്നു. ട്രാൻസ്ഫോമറിന്റെ ഇരുമ്പു പോസ്റ്റുകൾക്കും കേടുപാടുണ്ടായി. 4 ലക്ഷത്തോളം രൂപ കെഎസ്ഇബിക്ക് നഷ്ടമുണ്ടായതായി കണക്കാക്കുന്നു.ടിബി ജംക്‌ഷനും ആശുപത്രി ജംക്‌ഷനുമിടയിലുള്ള അപകടവളവിലാണ് ലോറി നിയന്ത്രണം വിട്ടത്. ഈ ഭാഗത്ത് അപകടങ്ങളാവർത്തിക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. 6 മാസം മുൻപ് ഇതേ ഭാഗത്ത് പിക്കപ് വാനിടിച്ചു ബൈക്കിനു പിന്നിൽ യാത്ര ചെയ്തിരുന്ന യുവതി മരിച്ചിരുന്നു. അപകടങ്ങളൊഴിവാക്കാൻ നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

'ഹൈവോൾട്ടേജിൽ' അറ്റകുറ്റപ്പണി

കുളനട ∙ അപകടമുണ്ടായ വിവരം അറിഞ്ഞത് മുതൽ തന്നെ സജീവമായി കെഎസ്ഇബി ജീവനക്കാർ. ഇന്നലെ പുലർച്ചെ അപകട സ്ഥലത്തെത്തിയ ജീവനക്കാർ റോഡിലെ അസൗകര്യങ്ങളൊഴിവാക്കിയ ശേഷം അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടിരുന്നു. പ്രദേശത്തെ വൈദ്യുതിബന്ധം പൂർണമായി നിലച്ചിരുന്നു. ലൈൻ മാറ്റി നൽകി മിക്ക മേഖലകളിലും ഇന്നലെ ഉച്ചയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു. ശേഷിച്ച 2 ട്രാൻസ്ഫോമറുകളിലെ ജോലികളാണു വൈകിയതെന്നു അസിസ്റ്റന്റ് എൻജിനീയർ ജോയി ഡേവിഡ് പറഞ്ഞു. ഇരുപതോളം ജീവനക്കാർ ക്രെയിനിന്റെ സഹായത്തോടെയാണ് അറ്റകുറ്റപ്പണി നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com