ഓക്സിജൻ പ്ലാന്റ് നിർമാണം ഒരുവർഷത്തിനു ശേഷവും ഇഴഞ്ഞു നീങ്ങുന്നു; പുറമെ നിന്ന് വാങ്ങുന്ന ഇനത്തിൽ ലക്ഷങ്ങളാണു നഷ്ടം

ജില്ലാ ആശുപത്രിയിലെ നിർമാണം പൂർത്തിയാകാത്ത ഓക്സിജൻ പ്ലാന്റ്.
SHARE

കോഴഞ്ചേരി∙ കോവിഡ് പ്രതിസന്ധിക്കു തുണയാകാൻ തുടക്കമിട്ട ഓക്സിജൻ പ്ലാന്റ് നിർമാണം ഒരുവർഷത്തിനു ശേഷവും ഇഴഞ്ഞു നീങ്ങുന്നു.പുറമെ നിന്ന് ഓക്സിജൻ വാങ്ങുന്ന ഇനത്തിൽ ലക്ഷങ്ങളാണു നഷ്ടമാകുന്നത്. ജില്ലാ ആശുപത്രിയിലെ പ്ലാന്റിനാണു മെല്ലപ്പോക്ക്. മിനിറ്റിൽ 1300 ലീറ്റർ ഓക്സിജൻ ഉൽപാദനം ലക്ഷ്യമിട്ടാണു 2021 മേയ് മാസം പ്ലാന്റ് നിർമാണം ആരംഭിച്ചത്. സംസ്ഥാന സർക്കാർ 1000 ലീറ്ററിന്റെ പ്ലാന്റും പ്രവാസി മലയാളിയുടെ വ്യവസായ ഗ്രൂപ്പ് 300 ലീറ്ററിന്റെ പ്ലാന്റുമാണ് ഇവിടെ സ്ഥാപിക്കുന്നത്.

ജില്ലാ ആശുപത്രിയിൽ അതിനു വേണ്ട ഭൗതിക സാഹചര്യങ്ങൾ ജില്ലാ പഞ്ചായത്ത് ഒരുക്കി നൽകാനാണു ധാരണ. സ്ഥലം, കെട്ടിടം, ഹൈ ടെൻഷൻ വൈദ്യുതി ലൈൻ, ജനറേറ്റർ, ട്രാൻസ്‌ഫോമർ തുടങ്ങിയവയാണ് ഒന്നര കോടി രൂപ ചെലവിട്ടു ജില്ലാ പഞ്ചായത്ത് ഒരുക്കി നൽകുന്നത്. ജില്ലാ ആശുപത്രിയുടെ പ്രധാന കെട്ടിടത്തിനു പിറകിലായി ആരംഭിച്ച പ്ലാന്റിലേക്കു വൈദ്യുതി എത്തിക്കുന്നതായിരുന്നു പ്രധാന തടസ്സം. കെട്ടിടങ്ങൾക്കു മുകളിലൂടെ ഹൈടെൻഷൻ വൈദ്യുതി ലൈൻ കൊണ്ടുപോകാൻ കഴിയാത്തതിനാൽ പ്രത്യേക അനുമതി വാങ്ങി ഭൂമിക്ക് അടിയിലൂടെ ലൈൻ വലിച്ചാണ് ഇപ്പോൾ പ്ലാന്റിലേക്ക് വൈദ്യുതി എത്തിച്ചത്.

ആ തടസ്സവും മറികടന്നിട്ടും കമ്മിഷനിങ് മാത്രം നടന്നില്ല. ഇനി ട്രയൽ റൺ നടത്തി യന്ത്രഭാഗങ്ങൾ കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കണം. തുടർന്നു ശരിയായ രീതിയിൽ ഉൽപാദനം ആരംഭിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷം ശേഖരിക്കുന്ന ഓക്സിജന്റെ ശുദ്ധിപരിശോധന നടത്തണം. അതിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വേണം രോഗികൾക്കു നൽകാനുള്ള ഉൽപാദനം ആരംഭിക്കാൻ.

ഓക്സിജൻ വാങ്ങാൻ വേണ്ടി നിത്യേന വരുന്ന ആയിരക്കണക്കിനു രൂപയുടെ ചെലവാണു പ്ലാന്റ് കമ്മിഷൻ ചെയ്യുന്നതോടെ അവസാനിക്കുക. സാമ്പത്തിക ലാഭത്തിനും അപ്പുറം രോഗികളുടെ ജീവൻ സുരക്ഷിതമാക്കാനും പദ്ധതി ഉപകരിക്കും. കോവിഡിന്റെ ആദ്യ തരംഗത്തിൽ മൂന്നു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിട്ടാണു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടും മൂന്നും തരംഗങ്ങളും കോവിഡ് വകഭേദങ്ങളും കടന്നു പോയിട്ടും ഓക്സിജൻ പ്ലാന്റ് മാത്രം പണിതീരാതെ കിടക്കുന്നു.

പ്രവർത്തനം ഇങ്ങനെ

ഫിൽറ്റർ ചെയ്ത വായു ശേഖരിച്ച ശേഷം ഓക്സിജൻ വേർതിരിച്ച് എയർടാങ്കിൽ ശേഖരിക്കുന്നതാണു പ്ലാന്റിലെ ആദ്യ പ്രവർത്തനം. പിന്നീട് ഇതു വീണ്ടും ശുദ്ധീകരിച്ച് ശേഖരിക്കുന്ന ഓക്സിജനാണു രോഗികൾക്കു നൽകുന്നത്. രോഗികളുടെ കിടക്കയ്ക്ക് അരികിൽ സ്ഥാപിച്ചിട്ടുള്ള പോയിന്റുകളിലേക്ക് ഓക്സിജൻ എത്തിക്കുന്നത് അതിനായി ക്രമീകരിച്ചിരിക്കുന്ന പൈപ്പ് വഴിയാണ്. ആവശ്യമുള്ള രോഗികൾക്ക് ഈ പോയിന്റുകളിൽ നിന്ന് നൽകുമ്പോൾ ഉപയോഗത്തിന് അനുസരിച്ച് ടാങ്കുകളിൽ ഓക്സിജൻ നിറയുന്ന സംവിധാനമാണ് ഉള്ളത്. അതിനാൽ ഒരിക്കലും വിതരണ തടസ്സം ഉണ്ടാകില്ല എന്നതും നേട്ടമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS