ADVERTISEMENT

തിരുവല്ല ∙ തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിൽ ഇനി മുതൽ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ആൺകുട്ടികൾക്കും പ്രവേശനം. പ്രവേശന ഉത്തരവ് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടി സ്കൂൾ അധികാരികൾക്ക് കൈമാറി. ഇന്നലെ മുതൽ പ്രവേശനം തുടങ്ങി. 1920ൽ സ്ഥാപിതമായ ബാലികാമഠം സ്കൂളിന്റെ 102 വർഷത്തെ ചരിത്രത്തിൽ ഇതുവരെ 4–ാം ക്ലാസ് വരെയായിരുന്നു ആൺകുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നത്.

എൽകെജി മുതൽ ഹയർ സെക്കൻഡറി വരെ ക്ലാസുകളും ബോർഡിങ്ങുമൊക്കെയായി മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ റസിഡൻഷ്യൽ സ്കൂളാണ് ബാലികാമഠം.1998 മുതൽ ഹയർസെക്കൻഡറി ഉണ്ട്. സയൻസ് (3 ബാച്ച്), കൊമേഴ്സ് (2 ബാച്ച്), ഹ്യുമാനിറ്റീസ് (2 ബാച്ച്) വിഭാഗങ്ങളുണ്ട്.കണ്ടത്തിൽ വർഗീസ് മാപ്പിളയാണ് ബാലികാമഠം സ്ഥാപിച്ചത്. പെൺകുട്ടികൾ പലരും വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാതെ വീടുകളിൽ ഒതുങ്ങിക്കൂടിയിരുന്ന കാലത്ത് അവർക്കു മാത്രമായി ഒരു പള്ളിക്കൂടമെന്നത് കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ വലിയ സ്വപ്നമായിരുന്നു.

തിരുവല്ലയ്ക്കടുത്ത് തിരുമൂലപുരത്ത് എംസി റോഡിനു സമീപം കുടുംബ സ്വത്തായിരുന്ന ചെറുകുന്ന്, സ്കൂൾ നിർമിക്കുന്നതിനായി അദ്ദേഹം നൽകി. കെട്ടിടം പണിക്ക് ആവശ്യമായ തടികൾ ശ്രീമൂലം തിരുനാൾ മഹാരാജാവാണ് നൽകിയത്. സ്കൂൾ പണിക്കുള്ള ധനസമാഹരണത്തിനായി ലോട്ടറി നടത്താനും രാജാവ് അനുമതി നൽകി.1904ൽ ബാലികാമഠം റസിഡൻഷ്യൽ സ്കൂളിന് കേരളവർമ വലിയ കോയിത്തമ്പുരാൻ ദീപം കൊളുത്തി തുടക്കം കുറിച്ചു.

കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ വേർപാടിനെത്തുടർന്ന് ക്ലാസുകൾ ആരംഭിക്കാൻ കുറെക്കാലം കൂടി വൈകി. പിന്നീട് അദ്ദേഹത്തിന്റെ പുത്രൻ കെ.വി.ഈപ്പന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സജീവമായത്. 1920ൽ മിസ് ഹോംസ്, മിസ് ബ്രൂക് സ്മിത്ത് എന്നീ വിദേശ വനിതകൾ ഇന്ത്യയിലെത്തി സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. 50 കുട്ടികളുമായായിരുന്നു തുടക്കം.

1920 ഒക്ടോബർ 24ന് മദ്രാസ് ഗവർണർ വെല്ലിങ്ടൻ പ്രഭുവിന്റെ സാന്നിധ്യത്തിൽ ലേഡി വെല്ലിങ്ടൺ സ്കൂൾ ഉദ്ഘാടനം ചെയ്തു. കണ്ടത്തിൽ വർഗീസ് മാപ്പിള പണികഴിപ്പിച്ച പഴയ സ്കൂൾ കെട്ടിടം ഇപ്പോൾ സ്കൂൾ വളപ്പിൽത്തന്നെ ഹോസ്റ്റലായി പ്രവർത്തിക്കുന്നു. ഈ കെട്ടിടം അടുത്തിടെ 3 കോടിയോളം രൂപ ചെലവഴിച്ച് പഴമയുടെ പ്രൗഢി നിലനിർത്തി നവീകരിച്ചു. കോട്ടയം കേന്ദ്രമായുള്ള സുവർണരേഖ ആർക്കിടെക്ട്സാണ് ഇതു രൂപകൽപന ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com