ADVERTISEMENT

കടത്തും കടത്തുവള്ളങ്ങളും ഏറെയുണ്ടായിരുന്ന നാടാണു പത്തനംതിട്ട. പാലങ്ങൾ വന്നതോടെ വള്ളങ്ങൾ വെള്ളമൊഴിഞ്ഞു. പലർക്കും കടത്തുവള്ളം ഇന്ന് ഒാർമകളാണ്. കടത്ത് അവശേഷിക്കുന്ന ഏതാനും കടവുകൾ  ഇപ്പോഴും ജില്ലയിലുണ്ട്. കടത്തുവള്ള കഥകളിലൂടെ ഒന്നു തുഴയെറിഞ്ഞുവരാം. 

കടത്തുവള്ളവും കുഞ്ഞറാപ്പിയും

റാന്നി വയലായില്‍ ‍കുഞ്ഞറാപ്പിയെന്ന ടി.കെ.ഏബ്രഹാം 1985ൽ ആണ് കടത്തിറക്കുന്നത്. അപ്പന്‍ ടി.കെ.കുര്യാക്കോസ് കടത്തിറക്കിയ അതേ വള്ളത്തില്‍ മൂത്തമകന്‍ കുഞ്ഞറാപ്പിയും തുഴഞ്ഞുതുടങ്ങി. 7-ാം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതൽ അപ്പന്റെ സഹായിയായിരുന്നു കുഞ്ഞറാപ്പി. കുര്യാക്കോസിന്റെ ആറു മക്കളില്‍ മൂന്നു പെണ്ണും മൂന്ന് ആണും. മൂത്ത മൂന്ന് പെണ്‍കുട്ടികള്‍ക്ക് ശേഷമുള്ള ആദ്യത്തെ ആണായിരുന്നു കുഞ്ഞറാപ്പി. കുഞ്ഞറാപ്പിക്ക് മാത്രമാണു കടത്തുവള്ളം തുഴയാന്‍ അപ്പന്റടുത്ത് നിന്നു പരിശീലനം ലഭിച്ചത്.

കുഞ്ഞറാപ്പി

രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 3 മുതല്‍ 6 വരെയുമായിരുന്നു കടത്തു സമയം. വയലായില്‍നിന്ന് ഐത്തലയിലേക്കാണ് കടത്ത്. സ്കൂള്‍ കുട്ടികളും കോളജ് വിദ്യാര്‍ഥികളും പ്രായമായ ആളുകളുമായിരുന്നു സ്ഥിരം യാത്രക്കാര്‍. ആഴമേറിയ സ്ഥലത്തെത്തുമ്പോള്‍ കാറ്റടിച്ചാല്‍ പിന്നെ വള്ളം കയ്യില്‍ നിൽക്കില്ലെന്ന് കുഞ്ഞറാപ്പി പറയുന്നു. കുട്ടികളെ സുരക്ഷിതരായി സ്കൂളിലെത്തിക്കണമെന്ന ‍ചിന്ത മാത്രമേ അപ്പോൾ കാണൂ. കാറ്റില്‍ ആടിയുലയുന്ന വള്ളം പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍ മറിയും.

വള്ളം മറിയാതിരിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടും. എന്നിട്ട് സര്‍വ കരുത്തുമെടുത്ത് വള്ളം പിടിച്ചുനിര്‍ത്തും. ഓളം തല്ലിത്തീരുമ്പോള്‍ കുഞ്ഞറാപ്പി വള്ളത്തില്‍കയറി വീണ്ടും തുഴയും. വൈകിട്ട് മൂന്നര മുതല്‍ 5 വരെ വള്ളത്തില്‍ കയറാന്‍ ആളുകളുടെ തിരക്കാണ്. കര്‍ക്കിടക മാസത്തില്‍ വെള്ളപ്പൊക്കത്തിൽ വീടുകളൊക്കെ മുങ്ങുമ്പോള്‍ കുഞ്ഞറാപ്പിയും കൂട്ടുകാരും ചേര്‍ന്ന് കടത്തുവള്ളത്തില്‍ പമ്പയാറ്റിലിറങ്ങും. തടികള്‍ പിടിക്കാനും ഒഴുകിവരുന്ന സാധനങ്ങള്‍ കരയ്ക്കുകയറ്റാനുമാണ് ശ്രമം.

1999ൽ മലവെള്ളപ്പാച്ചിലില്‍ തടിപോലെ എന്തോ ഒന്ന് ഒഴുകിവരുന്നത് ശ്രദ്ധയില്‍പെട്ടതോടെ കൂട്ടുകാരനൊപ്പം അങ്ങോട്ടേക്ക് വള്ളമടുപ്പിച്ചു. തടിയെ ലക്ഷ്യമിട്ടു നോക്കിയപ്പോൾ ദേഹം മരവിച്ചു. പിടിക്കാന്‍ നീട്ടിയ കൈകള്‍ പെട്ടെന്നു പിന്‍വലിച്ചു. അതൊരു മൃതദേഹമായിരുന്നു. വള്ളത്തില്‍ മുട്ടി ആ ശരീരം ദൂരേക്ക് ഒലിച്ചുപോയി. പിന്നീട് വെള്ളപ്പൊക്കത്തിലിറങ്ങാന്‍ കുഞ്ഞറാപ്പിക്ക് മനസ്സ് വന്നിട്ടില്ല. പിന്നൊരു കൊല്ലം കൂടിയേ കടത്തു നടത്തിയുള്ളൂ. 51-ാം വയസില്‍ കുഞ്ഞറാപ്പി 15 വര്‍ഷത്തെ കടത്തവസാനിപ്പിച്ചു. ഇപ്പോൾ 73 വയസ്സായി. കുഞ്ഞറാപ്പിക്കുശേഷം വയലായില്‍ ആരും കടത്തിറക്കിയിട്ടില്ല. 

കടത്തു മുടങ്ങിയ ചിറയ്ക്കപ്പാറക്കടവിൽ ഒാർമകളയവിറക്കി മുൻ കടത്തുവള്ളക്കാരൻ കെ.ആർ. കരുണാകരൻ നായർ.

ചിറയ്ക്കപ്പാറക്കടവിൽ കടത്ത് മുടങ്ങിയിട്ട് 3 വർഷം

പെരുമ്പെട്ടി ∙ കോട്ടാങ്ങൽ- വെള്ളാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ ചിറയ്ക്കപ്പാറക്കടവിൽ കടത്തുവള്ളം മുടങ്ങിയിട്ട് 3 വർഷമാകുന്നു. ജൂൺ മുതൽ ജനുവരി വരെയായിരുന്നു ഇവിടെ കടത്തുണ്ടായിരുന്നത്, 7 മാസം. മരാമത്ത് വകുപ്പിന്റെ കടത്തുവള്ളമാണ് ഉണ്ടായിരുന്നത്. 2018ൽ ഇവിടത്തെ കടത്തുകാരൻ വിരമിച്ചതോടെ കടത്തു മുടങ്ങി. കോവിഡ് വ്യാപനത്തോടെ പൂർണമായി നിലച്ചു.

ഇരുകരകളിലെയും നൂറുകണക്കിനാളുകളാണ് കടത്തില്ലാത്തതുമൂലം വലയുന്നത്. താഴത്തുവടകര ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ 7 കിലോമീറ്റർ ചുറ്റിക്കറങ്ങി സഞ്ചരിക്കേണ്ട ഗതികേടിലാണിപ്പോൾ. കെ.ആർ.കരുണാകരൻ നായരായിരുന്നു കടത്തുകാരൻ. 1975ൽ അത്ഭുതകരമായി വള്ളം അപകടത്തിൽനിന്നു രക്ഷപ്പെട്ടതു കരുണാകരൻ നായർ ഒാർക്കുന്നു. 20 പേർ കയറാവുന്ന വള്ളത്തിൽ വൈകിട്ട് 15 വിദ്യാർഥികളുമായി മറുകരയിലേക്ക് നീങ്ങുകയായിരുന്നു.

ആറിന്റെ മധ്യത്തിൽ എത്തിയപ്പോൾ ശക്തമായ കാറ്റും മഴയും മൂലം വള്ളം ആടിയുലഞ്ഞു വിദ്യാർഥികൾ പരിഭ്രാന്തരായെങ്കിലും എല്ലാവരും വള്ളത്തിൽതന്നെ പിടിച്ചിരുന്നു. ശക്തമായ ഒഴുക്കിൽ അരക്കിലോമീറ്റർ താഴേക്കു നീങ്ങി ഒടുവിൽ സമീപത്തെ കടവിൽ കരയ്ക്ക് അപകടമൊന്നും സംഭവിക്കാതെ അടുപ്പിക്കാൻ കഴിഞ്ഞു. പുതിയ പാലത്തിനായി 2018 മുതൽ സർവേ നടക്കുന്നുണ്ട്. പാലം നിർമിക്കുന്നതോടെ കടത്തു പൂർണമായി അന്യമാകുമെന്ന വിഷമമുണ്ടെങ്കിലും നാടിന്റെ വികസനത്തിനത്തിൽ സന്തോഷവാനാണു കരുണാകരൻ നായർ. 

കല്ലടയാറ്റിൽ ചെട്ടിയാരഴികത്ത് കടവിൽ പുതിയ പാലം ഉയരുന്നതോടെ ഓർമയാകുന്ന കടത്തുവള്ളം.

പാലം വന്നു, കടത്തു മറഞ്ഞു

മണ്ണടിയിൽ ഒരു നൂറ്റാണ്ടിലധികം ഇരുകരകള്‍ തമ്മില്‍ ബന്ധം ഉറപ്പിച്ച കല്ലടയാറ്റിലെ ചെട്ടിയാരഴികത്ത് കടവിലെ കടത്ത് ഓര്‍മയാവുകയാണ്. പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഇവിടെയുള്ള കടത്ത് പുതു തലമുറയ്ക്കും നിറമുള്ള ഓർമായാകും.കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ചാണ് പാലം ഉയരുന്നത്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകർ കടത്തു കടന്ന് താഴത്ത് ചന്തയിൽ കാർഷിക വിഭവങ്ങളും എത്തിച്ചിരുന്നു.

പണ്ട് കാലത്ത് ഇരു തീരങ്ങളെ ബന്ധിപ്പിച്ചു മണൽതിട്ടയുണ്ടായിരുന്നു. ആറ്റിൽ വെള്ളം കുറയുന്ന സമയത്തു നടന്നായിരുന്നു അക്കരയിക്കരെ നാട്ടുകാരുടെ സഞ്ചാരം. എന്നാൽ മണലൂറ്റി ആറിന് ആഴം കൂടിയതോടെ മൂന്നു പതിറ്റാണ്ടിലധികമായി പൂർണമായി കടത്താണ് ആശ്രയം. മണ്ണടി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ടു തൊഴുത് മടങ്ങാൻ മറുകരയിലുള്ളവർക്ക് എളുപ്പമാർഗമായിരുന്നു പണ്ടു മുതൽ ഉണ്ടായിരുന്ന കടത്തു വള്ളം. കടത്ത് ഓർമയാക്കി ഉയരുന്ന പാലമാണ് ഇനി ഇരുകരകളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നത്.

പമ്പാനദിയിൽ ശേഷിക്കുന്ന കടത്തു വള്ളങ്ങളിൽ ഒന്നായ മാടമൺ വള്ളക്കടവിൽ തുഴയെറി‍ഞ്ഞു നീങ്ങുന്ന കടത്തുകാരൻ സുദർ‌ശൻ.

രണ്ടു ഗ്രാമങ്ങളെ ഇഴചേർത്ത വെളിയംകടവിലെ കടത്തുവള്ളം

തിരുവല്ലയിൽ മണിമലയാറിന്റെ ഇരുകരകളിലുമായി കിടക്കുന്ന ഗ്രാമങ്ങളാണ് ഇരുവെള്ളിപ്രയും തെങ്ങേലിയും. ഒരിക്കൽ രണ്ടു ഗ്രാമങ്ങളും ഒന്നായിരുന്നു. അവയെ ഒന്നിപ്പിച്ചത് വെളിയംകടവിലെ കടത്തുവള്ളവും. കൊച്ചുകളത്തിൽ പാപ്പൻ എന്ന കടത്തുവള്ളക്കാരന്റെ വിശ്വാസത്തിൽ ഏത് ഒഴുക്കിലും വെള്ളപ്പൊക്കത്തിലും ഇരുകരകളും തമ്മിലുള്ള ബന്ധം ഒരു നൂറ്റാണ്ടോളം മുറിയാതെ കാത്തു. എന്നാൽ 10 വർഷമായി ഇവിടെ കടത്തുവള്ളമില്ല.

അര നൂറ്റാണ്ടോളം മണിമലയാറിന് അക്കരെയിക്കരെ വള്ളം ഊന്നിയ പാപ്പനു ശേഷം ഭാര്യ ചെല്ലമ്മയായിരുന്നു കടത്തുകാരി. ചെല്ലമ്മയ്ക്കുശേഷം ഇവരുടെ മകൻ നന്ദനും 15 വർഷത്തോളം നാട്ടുകാരെ ഇരുകരകളിലുമെത്തിച്ചു. പിന്നീട് നന്ദൻ പിന്മാറി. ശേഷം ഉണ്ണികൃഷ്ണൻ എന്ന നാട്ടുകാരനെത്തി. 10 വർഷം മുൻപ് ഉണ്ണികൃഷ്ണന് പഞ്ചായത്ത് ഓഫീസിൽ ജോലി ലഭിച്ചതോടെ കടത്തുവള്ളം നിലച്ചു. തെങ്ങേലി ഗവ.എൽപി സ്കൂളിനു 112 വർഷം പഴക്കമുണ്ട്. അക്കരെനിന്ന് ഒട്ടേറെ കുട്ടികൾ തെങ്ങേലി സ്കൂളിലെത്തി പഠിച്ചിട്ടുണ്ട്.

ഇന്ന് സ്കൂളിലെ ജീവനക്കാരിയായ ലളിതമ്മ വള്ളത്തിൽ എത്തി പഠിച്ചതാണ്. പിന്നീട് ജോലി ലഭിച്ചപ്പോഴും വള്ളത്തിലാണ് എത്തിയിരുന്നത്. വള്ളം നിലച്ചതോടെ 4 കിലോമീറ്റർ ചുറ്റിക്കറങ്ങിയാണു സ്കൂളിലെത്തുന്നത്. വള്ളമില്ലാതായതോടെ അക്കരെ നിന്നെത്തുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞു. അക്കരെ നിന്നെത്തുന്ന സ്കൂളിലെ ജെസി മാത്യു ടീച്ചറും ഇപ്പോൾ അധികദൂരം താണ്ടി സമയമെടുത്താണു സ്കൂളിലെത്തുന്നത്. ഒരു പതിറ്റാണ്ടായി രണ്ടു ഗ്രാമങ്ങളും ഗതകാലസ്മരണകളിൽ മാത്രം കഴിയുകയാണ്. ഇനിയൊരു സമാഗമത്തിന് ഒരു കടത്തുവള്ളമേ വേണ്ടു. അതിനുള്ള കാത്തിരിപ്പിലാണവർ. 

പതിറ്റാണ്ടുകളുടെ കഥപറഞ്ഞ് സത്രക്കടവിലെ കടത്തുവള്ളം

ആറന്മുള സത്രക്കടവിലെ കടത്തുവള്ളത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആറന്മുള വള്ളംകളിയുടെ ഫിനിഷിങ് പോയിന്റായതിനാൽ ഇവിടെ പാലം നിർമിക്കാനുള്ള ആലോചന നേരത്തേ തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിന് ഏതാനൂം മീറ്റർ താഴെയാണ് ആഞ്ഞിലിമൂട്ടിൽക്കടവിൽ പാലം നിർമിച്ചത്. സത്രക്കടവിലെ കടത്തുവള്ളം ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു.

വലിയ വെള്ളപ്പൊക്കമുള്ളപ്പോൾ കടത്ത് ഉണ്ടാവില്ല. വിദ്യാർഥികളും അധ്യാപകരും ജോലിക്കാരും ഉൾപ്പെടെയുള്ളവർ കടത്തിനെ ആശ്രയിക്കുന്നു. തോട്ടപ്പുഴശേരിക്കടവിനെയും സത്രക്കടവിനെയും ബന്ധിപ്പിക്കുന്ന കടത്തുവള്ളം യാത്രക്കാർക്ക് പുറമേ വെറുതെ തോണിയാത്ര ആഗ്രഹിക്കുന്നവരും ഉപയോഗിക്കാറുണ്ട്. കല്യാണ വിഡിയോ എടുക്കുന്നവരും ഫോട്ടോ ഷൂട്ടിന് വരുന്നവരും അടുത്ത കാലത്തായി കടത്തുവള്ളം ഉപയോഗിക്കുന്നുണ്ട്.  

ഇന്നും കടത്തു തുടരുന്നു, കരിപ്പെട്ടിത്തോട് കടവിൽ

തിരുവല്ല ∙ ഇക്കരെ പെരിങ്ങര പഞ്ചായത്തിലെ ചാത്തങ്കരിയിലുള്ളവർ പഠനാവശ്യത്തിനും പള്ളിയിൽ പോകാനും ഒരു നൂറ്റാണ്ടായി കടത്തുകടക്കുകയാണ്. രണ്ടു ജില്ലകളുടെ അതിരിടുന്ന മണിമലയാറ്റിലെ കരിപ്പെട്ടിത്തോട് കടവ്. 40 വർഷം മുൻപ് നാട്ടുകാർ ചേർന്ന് ഇവിടെയൊരു ക്ലബ് രൂപീകരിച്ചു. കോൺകോഡ് എന്നു പേരുമിട്ടു. ക്ലബ് ഇന്നില്ലെങ്കിലും പേര് കടത്തുകടവ് ഏറ്റെടുത്തു. കടവിനോടു ചേർന്ന സ്രാമ്പിക്കൽ വീട്ടിലെ കുഞ്ഞമ്മയ്ക്ക് ഒരിക്കലല്ല രണ്ടു പ്രാവശ്യം ഭർത്താവ് പൊന്നപ്പൻ ജീവിതം നൽകി.

വിവാഹം കഴിഞ്ഞെത്തിയ വീട്ടിൽനിന്ന് എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുന്നത് അക്കരെയുള്ള മുട്ടാർ സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിലാണ്. അന്നു വള്ളം നിറയെ വിശ്വാസികൾ കാണും. ഒരിക്കൽ ഒഴുക്കിൽപെട്ട് ഇവർ വന്ന വള്ളം മറിഞ്ഞു. അതുകണ്ട് ഇക്കരെ നിന്ന പൊന്നപ്പൻ വെള്ളത്തിലേക്ക് എടുത്തുചാടി നീന്തിയെത്തി മുങ്ങിക്കൊണ്ടിരുന്ന കുഞ്ഞമ്മയെ എടുത്തുയർത്തി അക്കരെയെത്തിച്ചു. ജീവൻ രക്ഷപെടുത്തി ജീവിതത്തിലേക്കു തിരികെയെത്തിയ കുഞ്ഞമ്മയ്ക്ക് 86-ാം വയസ്സിലും ഇത് മറക്കാനാവാത്ത ഓർമയാണ്. ഇവിടെ പാലം വേണമെന്ന ആവശ്യത്തിന് കടത്തുവള്ളത്തോളം പഴക്കമുണ്ട്. ഇപ്പോഴും ദിവസവും നൂറോളം വിദ്യാർഥികൾ സ്കൂളിൽ പോകുന്നത് വള്ളത്തിലൂടെയാണ്.

പഴമയെ കൈവിടാതെ...

റാന്നിയിൽ പമ്പാനദിയിൽ നിന്ന് കടത്തു വള്ളങ്ങൾ അന്യമാകുമ്പോഴും തുഴയെറിയാനായി 2 വള്ളങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. മാടമൺ വള്ളക്കടവിലും തോട്ടമൺ മാരാംതോട്ടത്തിൽ കടവിലുമാണ് കടത്തുകൾ ശേഷിക്കുന്നത്. പണ്ട് പമ്പാനദിയിലെ മിക്ക കടവുകളിലും പഞ്ചായത്തിന്റെയും പിഡബ്ല്യുഡിയുടെയും ചുമതലയിൽ കടത്തുണ്ടായിരുന്നു. ഗതാഗത സംവിധാനം മെച്ചപ്പെടുകയും പാലങ്ങൾ നിർമിക്കുകയും ചെയ്തപ്പോൾ കടത്തെല്ലാം നിലയ്ക്കുകയായിരുന്നു.

കണമല, അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, അത്തിക്കയം, മുക്കം, ബംഗ്ലാംകടവ്, ചൊവ്വൂർ, കോണമല, ഉപാസന, വരവൂർ, പുല്ലൂപ്രം തുടങ്ങിയ കടവുകളിലെല്ലാം പണ്ട് കടത്തു വള്ളമുണ്ടായിരുന്നു. റാന്നി വലിയപാലം പമ്പാനദിയിൽ തകർന്നു വീണപ്പോഴാണ് പിന്നീട് പുതുതലമുറ കടത്തുവള്ളത്തെ അടുത്തറിയുന്നത്. വള്ളവും ജങ്കാറും ബോട്ടുമൊക്കെയായിരുന്നു ജനങ്ങൾക്ക് അക്കരെയിക്കരെ കടക്കാനുള്ള മാർഗങ്ങൾ. പുതിയ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തതോടെ അവ ഒാർമ്മയായി.

കടത്തു വള്ളങ്ങളും മണൽ വാരാൻ ഉപയോഗിച്ചിരുന്ന വള്ളങ്ങളും പിന്നീട് കരകളിലിരുന്നു ദ്രവിച്ചുപോയി. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിനു ശേഷമാണ് വള്ളങ്ങളില്ലാത്തതിന്റെ ദുരിതം ജനം അടുത്തറിഞ്ഞത്. മാടമൺ വള്ളക്കടവിലേത് 12 മാസ പിഡബ്ല്യുഡി കടത്താണ്. മുക്കം ഓലിക്കൽ സുദർശനാണു ഇവിടത്തെ കടത്തുകാരൻ. പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലെ തുമ്പമൺ വടക്കേക്കര, നൂലുവേലി, മാരൂർ, തെങ്ങേലിമൺ, ചെങ്ങഴശേരി, മുക്കം എന്നീ കടവുകളിൽ സുദർശൻ തുഴയെറിഞ്ഞിട്ടുണ്ട്.

34 വർഷമായി കടത്തുകാരനായിട്ട്. ഇതുവരെ സുദർശൻ തുഴഞ്ഞിട്ടുള്ള വള്ളം ഒഴുക്കിലും അപകടത്തിലും ഉൾപ്പെട്ടിട്ടില്ല. മഹാപ്രളയത്തിൽ ആറ്റിൽ 50 അടിയോളം വെള്ളം ഉയർന്നിരുന്നു. പ്രളയത്തിന്റെ അന്ന് പുലർച്ചെ ഒരു മണിയോടെയെത്തിയാണ് വള്ളം കരയിലാക്കിയതെന്ന് സുദർശൻ പറഞ്ഞു. മാടമൺ വള്ളക്കടവിൽ പാലം പണിയുന്നതിന് സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. ഇതു സാധ്യമായാൽ ഇവിടുത്തെ കടത്തും നിലയ്ക്കും. പിന്നീട് മാരാംതോട്ടത്തിൽ കടവിൽ മാത്രമാകും കടത്ത് ശേഷിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com